വയോസേവന പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

post

വയോജനക്ഷേമ രംഗത്തെ മികച്ച മാതൃകകള്‍ക്കുള്ള 2021ലെ വയോസേവന പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. വയോജന ക്ഷേമ രംഗത്തു ശ്രേഷ്ഠ മാതൃകകള്‍ കാഴ്ചവയ്ക്കുന്ന ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമ പഞ്ചായത്ത്, സന്നദ്ധ സംഘടന, മെയിന്റനന്‍സ് ട്രിബ്യൂണല്‍, വൃദ്ധ സദനം എന്നിങ്ങനെയുള്ള സ്ഥാപനങ്ങള്‍ക്കും കായികരംഗം, കലാ സാഹിത്യ സാംസ്‌കാരിക രംഗം എന്നീ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച വയോജനങ്ങള്‍ക്കും ആജീവനാന്ത നേട്ടങ്ങള്‍ കൈവരിച്ച വ്യക്തികള്‍ക്കുമായി ഒമ്പത് ഇനങ്ങളിലായാണ് വയോസേവന അവാര്‍ഡ് നല്‍കുന്നത്. വയോജന സുരക്ഷ സംബന്ധിച്ച അവബോധമുണ്ടാക്കിയെടുക്കാന്‍ പുരസ്‌കാരങ്ങള്‍ സഹായിക്കുമെന്ന് അവാര്‍ഡുകള്‍ പ്രഖ്യാപിച്ച് ഉന്നതവിദ്യാഭ്യാസ - സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു പറഞ്ഞു.

പുരസ്‌കാര ജേതാക്കള്‍

വയോജന ക്ഷേമ സംരക്ഷണ രംഗത്തെ മികച്ച പ്രവര്‍ത്തനം നടത്തിയ ഗ്രാമ പഞ്ചായത്ത് - അരിമ്പൂര്‍ പഞ്ചായത്ത് (തൃശൂര്‍), മികച്ച ബ്ലോക്ക് പഞ്ചായത്ത് - മാനന്തവാടി(വയനാട്), മികച്ച ജില്ലാ പഞ്ചായത്ത് - തിരുവനന്തപുരം, മികച്ച എന്‍.ജി.ഒ/സ്ഥാപനം - ജിഗ്ലാല്‍ ആശ്വാസ ഭവന്‍ ചാരിറ്റബിള്‍ ട്രസ്റ്റ് പത്തനംതിട്ട, മികച്ച മെയിന്റനന്‍സ് ട്രിബ്യൂണല്‍ - ആര്‍.ഡി.ഒ. ഇരിങ്ങാലക്കുട, മികച്ച സര്‍ക്കാര്‍ ഓള്‍ഡ് ഏജ് ഹോം - കെയര്‍ഹോം പുലയനാര്‍കോട്ട തിരുവനന്തപുരം, മുതിര്‍ന്ന പൗരന്മാരിലെ മികച്ച കായികതാരം - തങ്കമ്മ വി.കെ.(കൊല്ലം), രാജം ഗോപി(എറണാകുളം), കല, സാഹിത്യ, സാംസ്‌കാരിക രംഗങ്ങളിലെ മികച്ച പ്രകടനം - രാമചന്ദ്രന്‍(കണ്ണൂര്‍), ഡോ. ഉസ്താദ് ഹസന്‍ ഭായ്(കാസര്‍കോഡ്).

കലാമണ്ഡലം ക്ഷേമാവതി, നിലമ്പൂര്‍ ആയിഷ എന്നിവര്‍ക്കു ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം നല്‍കും. സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു ചെയര്‍പേഴ്‌സണും സാമൂഹ്യ നീതി വകുപ്പ് സെക്രട്ടറി വൈസ് ചെയര്‍പേഴ്സണും സാമൂഹ്യ നിതീ ഡയറക്ടര്‍ കണ്‍വീനറും കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ എക്‌സിക്യൂട്ടിവ് ഡയറക്ടര്‍, സംസ്ഥാന വയോജന കണ്‍വീനര്‍ അമരവിള രാമകൃഷ്ണന്‍ എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് പുരസ്‌കാര ജേതാക്കളെ തെരഞ്ഞെടുത്തത്.

വയോജനങ്ങളുടെ ക്ഷേമവും സംരക്ഷണവും  ഉറപ്പുവരുത്തുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി ഈ മേഖലയില്‍ കാര്യക്ഷമവും മാതൃകാപരവുമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ച വെയ്ക്കുന്നവര്‍ക്ക് പ്രോത്സാഹനം നല്‍കുന്നതും, അംഗീകാരം നല്‍കുന്നതും ഈ മേഖലയിലെ തുടര്‍പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതില്‍ ആത്മവിശ്വാസം വളര്‍ത്താനും ഊര്‍ജം പകരാനും പ്രയോജനകരമാകുമെന്ന് മന്ത്രി പറഞ്ഞു. സമൂഹത്തിന്റെ ആദരം ലഭ്യമാകുന്നതിലൂടെ പൊതുസമൂഹത്തിന്റെ ശ്രദ്ധ നേടിയെടുക്കാന്‍ സാധിക്കുമെന്നതിനാല്‍ പുതുമയാര്‍ന്ന പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കുന്നതിനായുള്ള പ്രചോദനമായിത്തീരും. അങ്ങനെയുള്ള പ്രചോദനങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട് വയോജനക്ഷേമവും സംരക്ഷണവും ഏറ്റവും ഫലപ്രദമായി ഉറപ്പുവരുത്തുന്നതിന്റെ ആവശ്യകത മുന്‍നിര്‍ത്തിയാണ് കേരള സര്‍ക്കാര്‍ ഈ വര്‍ഷം മുതല്‍ വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും വയോസേവന അവാര്‍ഡ് നല്‍കി ആദരിക്കുന്നതിന് തീരുമാനിച്ചതെന്ന് മന്ത്രി പറഞ്ഞു.