നഗരങ്ങളുടെ ശ്വാസകോശമാകാൻ നഗരവനങ്ങൾ

post

മികവോടെ മുന്നോട്ട്- 30

നഗരവത്കരണം നാടുകളിൽ നഷ്ടമാക്കിയ ഹരിതാഭ തിരിച്ചുപിടിക്കുകയെന്നത് ഏവരുടേയും ആവശ്യവുമാണ്. ഇതിനായി പൊതുജന പങ്കാളിത്തത്തോടെ വനങ്ങളുടെ ചെറുമാതൃകകൾ നഗരങ്ങളിൽ പുനഃസൃഷ്ടിക്കുന്ന പദ്ധതിയാണ് നഗരവനം. നഗരങ്ങളിൽ ലഭ്യമായ അഞ്ച് സെന്റ് സ്ഥലത്ത് സ്വാഭാവിക വനങ്ങളുടെ എല്ലാ സ്വഭാവ വിശേഷങ്ങളും ഉൾക്കൊള്ളുന്ന ഒരു കൊച്ചുവനം സൃഷ്ടിച്ചെടുക്കുക എന്നതാണ് പദ്ധതികൊണ്ട് വിഭാവനം ചെയ്യുന്നത്. പദ്ധതിയുടെ നടത്തിപ്പിന് തദ്ദേശസ്ഥാപനങ്ങൾ, റസിഡൻസ് അസോസിയേഷനുകൾ, വ്യാപാര വ്യവസായ സ്ഥാപനങ്ങൾ, വിദ്യാർത്ഥികൾ, പരിസ്ഥിതി സംഘടനകൾ എന്നിവയുടെ സഹകരണം ഉറപ്പാക്കുന്നു.


സംസ്ഥാനത്ത് ഇതുവരെ എട്ട് നഗരവനം വച്ചുപിടിപ്പിച്ചിട്ടുണ്ട്. തെന്മല-ആര്യങ്കാവ്, പത്തനാപുരം റെയ്ഞ്ച് ഓഫീസ് കോമ്പൗണ്ട് (2 എണ്ണം), റാന്നി സെന്റ് തോമസ് കോളേജ് ക്യാമ്പസ്, കോന്നി കലഞ്ഞൂർ വാഴപ്പാറ, മൂവാറ്റുപുഴ മുൻസിപ്പൽ പാർക്ക് കോമ്പൗണ്ട്, മലയാറ്റൂർ മുരിക്കൽ ഡിപ്പോ കോമ്പൗണ്ട്, പാലക്കാട് മുണ്ടൂർ എന്നിവിടങ്ങളിലായാണ് ഈ പദ്ധതി നടപ്പാക്കിയത്. അഞ്ച് സെന്റുള്ള ഒരു നഗരവനം പദ്ധതിക്ക് നിലമൊരുക്കുകയും തൈനടീലും അഞ്ചുവർഷത്തെ പരിപാലന ചെലവും അടക്കം രണ്ട് ലക്ഷം രൂപയാണ് അനുവദിക്കുക. അധിക തുക ആവശ്യമായി വരികയാണെങ്കിൽ അത് പ്രാദേശിക സംഭാവനകൾ വഴി സമാഹരിക്കും.


നഗരവനം പദ്ധതി വിജയകരമാക്കാൻ ഓരോ നഗരങ്ങളിലെയും മണ്ണിന്റെ പ്രത്യേകതയനുസരിച്ച് അതിന് അനുയോജ്യമായ തൈകളാണ് തിരഞ്ഞെടുക്കുന്നത്. ഇതിൽ കുറ്റിച്ചെടികൾ, വള്ളിച്ചെടികൾ, അധികം ഉയരം വയ്ക്കാത്ത വൃക്ഷങ്ങൾ ഇടത്തരം ഉയരമുള്ള വൃക്ഷങ്ങൾ എന്നിവയെല്ലാം ഉൾപ്പെടും. വിവിധ തട്ടിലുള്ള വൃക്ഷമേലാപ്പ് ഉണ്ടാക്കുന്നതിനും ഒരു സ്വാഭാവിക വനത്തിന്റെ സവിശേഷതകൾ സ്വീകരിക്കുന്നതിനും വേണ്ടിയാണിത്. നഗരവനങ്ങളിൽ ഉൾപ്പെടുത്തുന്ന തൈകളെല്ലാം പ്രാദേശികമായി വളരുന്നവയാണെന്ന് ഉറപ്പിക്കും.


പാരിസ്ഥിതിക പ്രശ്‌നങ്ങൾ നേരിടുന്ന നഗരങ്ങളിൽ കൊച്ചു സ്വാഭാവിക വന മാതൃകകൾ സൃഷ്ടിച്ചെടുക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. കൂടാതെ വനങ്ങളുടേയും വൃക്ഷങ്ങളുടേയും പാരിസ്ഥിതിക സേവനങ്ങളെക്കുറിച്ച് നഗരവാസികളെ ബോധവാന്മാരാക്കുക, വൃക്ഷവൽക്കരണ പ്രക്രിയയിൽ നഗരവാസികളെ ഉൾപ്പെടുത്തുക, കാലാവസ്ഥാ വ്യതിയാനവും പരിസ്ഥിതി മലിനീകരണവും ലഘൂകരിക്കൽ എന്നിവയും ഈ പദ്ധതിക്ക് പിന്നിലുണ്ട്. സ്ഥല ലഭ്യത അനുസരിച്ച് സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ നഗരവനം പദ്ധതി നടപ്പാക്കാനുള്ള തയ്യാറെടുപ്പിലാണ് സംസ്ഥാന വനംവകുപ്പ്.