നവകേരള നിർമ്മിതിക്ക് വികസനോന്മുഖ ബജറ്റ്

post

നവകേരള നിർമിതിക്ക് ഊന്നൽ നൽകി 2022–23 സാമ്പത്തിക വർഷത്തെ സംസ്ഥാന ബജറ്റ് അവതരിപ്പിച്ചു. സാമ്പത്തിക പ്രതിസന്ധിക്കിടയിലും വിദ്യാഭ്യാസം, ഐടി, കാർഷിക മേഖലകളിൽ പുതിയ പദ്ധതികൾ വിഭാവനം ചെയ്യുന്ന ബജറ്റിലൂടെ കേരളത്തിൻെറ സമഗ്ര വികസനമാണ് ലക്ഷ്യം വെയ്ക്കുന്നത്. 

2022-23ൽ 1.34 ലക്ഷം കോടി രൂപ വരവും 1.57 ലക്ഷം കോടി രൂപ ചെലവും സർക്കാർ പ്രതീക്ഷിക്കുന്നു. മൂലധന ചെലവ് 14,891 കോടി രൂപയായിരിക്കും. റവന്യൂ കമ്മി ജിഎസ്ഡിപിയുടെ 2.3%, ധനക്കമ്മി 3.9%, പൊതുകടം 37.18% എന്നിങ്ങനെയാണ്. തൊഴിലില്ലായ്മ പരിഹരിക്കാൻ പുതിയ മേഖലകളിൽ സാധ്യതകൾ തുറന്നും നികുതി വരുമാന മാർഗങ്ങൾ പരമാവധി ഉപയോഗപ്പെടുത്തിയുമാണ്   2022–23 സാമ്പത്തിക വർഷത്തെ സംസ്ഥാന ബജറ്റ് തയ്യാറാക്കിയത്. 

ഐടി, സ്റ്റാർട്ടപ്, കാർഷിക മേഖല, ഉന്നത വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യമേഖല തുടങ്ങിയ വിഭാഗങ്ങളിൽ പുതിയ പദ്ധതികളിലൂടെ പരമാവധി തൊഴിലവസരം വർധിപ്പിക്കുന്നതിനാണ് ബജറ്റിൽ ഊന്നൽ നൽകിയിരിക്കുന്നത്. ഒരു ലക്ഷം പുതിയ തൊഴിൽ സംരംഭങ്ങൾ സൃഷ്ടിക്കുമെന്നും സ്വകാര്യ വ്യവസായ പാർക്കുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി 25 കോടി നീക്കിവെക്കും.

ഏറെക്കാലത്തിനുശേഷമാണ് ഭൂനികുതി വർധിപ്പിക്കുന്നത്. നികുതി കുടിശികൾക്കുള്ള ആംനസ്റ്റി പദ്ധതി മാറ്റങ്ങളോടെ നിലനിർത്തി.അടിസ്ഥാന ഭൂനികുതി പരിഷ്കരിച്ചും എല്ലാ വിഭാഗങ്ങളിലുമുള്ള ഭൂമിയുടെ ന്യായവിലയിൽ 10% ഒറ്റത്തവണ വർധന നടപ്പിലാക്കിയും നികുതി വരുമാനം വർധിപ്പിക്കാനാണ് ശ്രമം.

വിലക്കയറ്റം അതിജീവിക്കുന്നതിനും ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനുമായി 2000 കോടിരൂപയാണ് ബജറ്റിൽ നീക്കിവച്ചിരിയ്ക്കുന്നത്.  സിൽവർലൈൻ പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്നതിനായി 2000 കോടി രൂപ ബജറ്റിൽ നീക്കിവച്ചു. ഉന്നതവിദ്യാഭ്യാസ രംഗത്ത് സർവകലാശാലകളുടെ സമഗ്രമായ മാറ്റത്തിനുതകുന്ന പദ്ധതികൾ ബജറ്റിലുണ്ട്. നാല് ഐടി ഇടനാഴികളാണ് ശ്രദ്ധേയമായ ഒരു പ്രഖ്യാപനം. ടെക്നോപാർക്ക് മൂന്നാംഘട്ടത്തിൽനിന്ന് കൊല്ലത്തേക്ക്, എറണാകുളത്തുനിന്ന് കൊരട്ടിയിലേക്ക്, എറണാകുളത്തുനിന്ന് ചേർത്തലയിലേക്ക്, കോഴിക്കോടുനിന്ന് കണ്ണൂരിലേക്കുമാണ് ഇടനാഴികൾ. 20 ചെറിയ സാറ്റലൈറ്റ് ഐടി പാർക്കുകൾ വരുമ്പോൾ തൊഴിൽ അവസരങ്ങൾ 2 ലക്ഷമെങ്കിലുമായി വർധിക്കുമെന്ന് സർക്കാർ പ്രതീക്ഷിക്കുന്നു. ഐടി മേഖലയിൽ ഭൂമി ഏറ്റെടുക്കുന്നതിന് 1000 കോടിരൂപയാണ് വകയിരുത്തിയത്.

കൃഷിക്കും മൂല്യവർധിത ഉൽപ്പന്നങ്ങൾക്കും പ്രാധാന്യം നൽകിയുള്ള നിർദേശങ്ങൾ ബജറ്റിൽ ഇടംപിടിച്ചു. വീര്യം കുറഞ്ഞ മദ്യം പഴവർഗങ്ങളിൽനിന്ന് ഉൽപ്പാദിപ്പിക്കുമെന്ന പ്രഖ്യാപനവുമുണ്ടായി. കാർഷിക ഉൽപ്പന്നങ്ങളുടെ ഉൽപ്പാദനത്തിനും വിപണനത്തിനും സൗകര്യമുള്ള ഫുഡ് പാർക്കുകളുടെ പ്രഖ്യാപനം കാർഷിക മേഖലയ്ക്കു പ്രതീക്ഷ നൽകുന്നു. മൂല്യവർധിത ഉൽപ്പന്നങ്ങളുടെ മാർക്കറ്റിങിനായി കമ്പനി രൂപീകരണം പുതിയ ചുവടുവയ്പ്പാണ്. റബർ സബ്സിഡിക്ക് 500 കോടിമാറ്റിവച്ചത് മേഖലയ്ക്ക് ആശ്വാസമാകും. നെല്ലിന്റെ താങ്ങുവില ഉയർത്താനും സർക്കാർ തയാറായി. പട്ടികജാതി പട്ടികക്ഷേമത്തിനു കൂടുതൽ പ്രാധാന്യം ഇത്തവണ ലഭിച്ചു.

ഇപ്പോൾ കിഫ്ബി ഏറ്റെടുത്തിരിക്കുന്നത് 70,000 കോടിരൂപയുടെ പദ്ധതികളാണ്.  ജിഎസ്ടി വരുമാനം വർധിക്കുന്നത് സർക്കാരിനു പ്രതീക്ഷ നൽകുന്നു. 




ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങൾ ഒറ്റനോട്ടങ്ങൾ 

* യുക്രെയ്ൻ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ലോകസമാധാന സമ്മേളനം സംഘടപ്പിക്കും. ആഗോള വിദഗ്ധരുടെ ചർച്ചകൾക്കും സെമിനാറുകൾക്കും മറ്റുമായി രണ്ട് കോടി രൂപ വകയിരുത്തി.

* 2022-23-ൽ സംസ്ഥാനം കൂടുതൽ മുൻഗണന നൽകണ്ട വിഷയമാണ് വിലക്കയറ്റം. വിലക്കയറ്റത്തിനും ഭക്ഷ്യപ്രതിസന്ധി നേരിടുന്നതിനുമായി 2,000 കോടി രൂപ വകയിരുത്തി.

* ഉന്നത വിദ്യാഭ്യാസ മേഖലയിൽ വിവിധ സർവകലാശാലകൾക്ക് 20 കോടി രൂപ വീതം മൊത്തം 200 കോടി രൂപ വക ഇരുത്തി. സർവകലാശാലകളോട് അനുബന്ധിച്ച് പുതിയ  ട്രാൻസ്‍ലേഷണൽ ലാബുകൾ, സ്റ്റാർട്ടപ്പ് ഇൻക്യുബേഷൻ സെൻററുകൾ എന്നിവ സ്ഥാപിക്കും.

* 1500 പുതിയ ഹോസ്റ്റൽ മുറികൾ സ്ഥാപിക്കും ഇത് കൂടാതെ 250 ഹോസ്റ്റൽ ഇന്റർനാഷണൽ ഹോസ്റ്റൽ മുറികളും നിർമിക്കുന്നതാണ് ഇതിനായി  200 കോടി രൂപ വക ഇരുത്തി.

* നൈപുണ്യ വികസനത്തിനായി എല്ലാ ജില്ലകളിലും ജില്ലാ സ്കിൽ പാർക്കുകൾ. 10 മുതൽ 15 ഏക്കർ വരെ ഭൂമി ഏറ്റെടുക്കും. ഇതിനായി കിഫ്ബി വഴി 350 കോടി രൂപ വക ഇരുത്തി.

  വിദ്യാഭ്യാസ സ്ഥാപനങ്ങളോട് അനുബന്ധിച്ച് ഉത്പാദന കേന്ദ്രങ്ങൾ വികസിപ്പിക്കും. 140 കോടി രൂപ വക ഇരുത്തി.

*തിരുവനന്തപുരത്ത് മെ‍ഡിക്കൽ ഇന്നവേഷൻ പാർക്ക് സ്ഥാപിക്കും. ഇതിനായി 100 കോടി രൂപ വക ഇരുത്തി.

* മൈക്രോബയോളജി മേഖലയിൽ അഞ്ച് കോടി രൂപ. ന്യൂട്രാസ്യൂട്ടിക്കൽസ് രംഗത്ത് പുതിയ പദ്ധതിക്കായി വിദഗ്ധ സമിതി രൂപീകരിക്കും.

* കെ ഫോൺ, 5ജി പദ്ധതികൾക്കായി ഉന്നതതല സമിതി. ഐടി ഇടനാഴികളിൽ 5ജി വിപുലീകരണ പാക്കേജ് ആരംഭിക്കും. നാല് ഐടി ഇടനാഴികൾ സംസ്ഥാനത്ത് ആരംഭിക്കും. * കണ്ണൂരിൽ ഉൾപ്പെടെ പുതിയ ഐടി പാർക്ക്. 11 മുതൽ 25 ഏക്കർ വരെ ഏറ്റെടുത്താണ് പുതിയ സാറ്റലൈറ്റ് ഐടി പാർക്കുകൾ. ഇതിന് 1,000 കോടി രൂപ വക ഇരുത്തി. ഐടി പാർക്കുകൾ രണ്ട് ലക്ഷം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കും.

*വർക്ക് ഫ്രം ഹോം പദ്ധതി തുടരാൻ സാധ്യതയുള്ളതിനാൽ ഐടി അധിഷ്ഠിത സൗകര്യങ്ങൾ ഉള്ള തൊഴിൽ കേന്ദ്രങ്ങൾ തുടങ്ങും. ഇതിനായി 50 കോടി രൂപ

* ഇൻഡസ്ട്രിയൽ ഫെസിലിറ്റേഷൻ പാർക്കുകൾക്കായി 200 കോടി രൂപ

* 1000 കോടി രൂപ മുതൽ മുടക്കിൽ നാല് സയൻസ് പാർക്കുകൾ. ഇത് കൂടാതെ ഡിജിറ്റൽ സയൻസ് പാർക്കും സ്ഥാപിക്കും. കേരള സയൻസ് പാർക്ക് ലിമിറ്റഡ് എന്ന പേരിൽ പ്രത്യേക പദ്ധതി.

* 3 ഐടി പാർക്കുകളുടെ വികസനത്തിന് അധിക തുക.

* സ്റ്റാർട്ടപ്പ് മിഷന് 90 കോടി രൂപ. സ്റ്റാർട്ടപ്പ് ഉത്പന്നങ്ങൾ വാങ്ങുന്നതിനായി പുതിയ പോർട്ടൽ രൂപീകരിക്കും. ഫണ്ട് ഓഫ് ഫണ്ട് പദ്ധതിക്കായി 20 കോടി രൂപ. സ്റ്റാർട്ടപ്പുകൾക്ക് പ്രവർത്തന     മൂലധനം ലഭ്യമാക്കാൻ പുതിയ വായ്പാ പദ്ധതി.

* കാർഷികാധിഷ്ഠിത ഉത്പന്നങ്ങൾ വികസിപ്പിക്കാൻ പദ്ധതി. അനുമതികൾ വേഗത്തിലാക്കും. സബ്‍സിഡിയും പലിശ രഹിത വായ്പയും വേഗത്തിലാക്കും. പഴവർഗങ്ങൾ ഉപയോഗിച്ച് എഥനോൾ നിർമിച്ച് വീര്യം കുറഞ്ഞ മദ്യം ഉത്പാദിപ്പിക്കുന്ന പദ്ധതിക്ക് പ്രോത്സാഹനം നൽകും.

* മരച്ചീനിയിൽ നിന്ന് എഥനോൾ ഉത്പാദിപ്പിക്കാൻ രണ്ട് കോടി രൂപ വക ഇരുത്തി. മൂല്യവർധിത കാർഷിക ഉത്പന്നങ്ങൾക്കായി അഞ്ച് കോടി രൂപ. കാർഷിക വികസനത്തിനായി പുതിയ കമ്പനി.

*ഏഴ് അഗ്രി ടെക് സെൻററുകൾ കൃഷിവകുപ്പിന് കീഴിൽ ആരംഭിക്കും. ഇതിനായി 125 കോടി രൂപയുടെ ധനസഹായം.

*10 മിനി ഫുഡ് പാർക്കുകൾ തുടങ്ങും. 100 കോടി രൂപ വക ഇരുത്തി * കാർഷികോത്പന്നങ്ങളുടെ മാർക്കറ്റിങ്ങിനായി പുതിയ കമ്പനി.

* റബർ സബ്‍സിഡിക്കായി 500 കോടി രൂപ വക ഇരുത്തി. ടാറിങ്ങിന് റബർ കൂടുതലായി ഉപയോഗിക്കും.

* നെൽകൃഷി വികസനത്തിനായി 76 കോടി രൂപ. നെല്ലിൻെറ താങ്ങു വില ഉയർത്തി. 28.50 പെെസയാണ് താങ്ങു വില.

*കാർഷികോത്പന്നങ്ങൾക്കായി ഇക്കോ ഷോപ്പുകളുടെ പുതിയ ശൃംഖല.

*നാളികേര വികസനത്തിന് 79 കോടി രൂപ. * കാർഷിക ഇൻഷുറൻസിനായി 30 കോടി രൂപ വക ഇരുത്തി.

* കാർഷിക സബ്‍സിഡി വിതരണം ചെയ്യുന്ന രീതിയിൽ മാറ്റം. പുതിയ പദ്ധതിക്കായി 70 കോടി രൂപ.

* തോട്ടം വിള നിർവചനത്തിൽ മാറ്റം. ഈ രംഗത്ത് സമഗ്ര പരിഷ്കാരങ്ങൾ

* രണ്ടാം കുട്ടനാട് പാക്കേജിന് 104 കോടി രൂപ. നെൽകൃഷി സംരക്ഷിക്കാൻ അധിക തുക. മൊത്തം 200 കോടി രൂപ.

* കേരള ഗ്രാമീൺ ബാങ്കിന് 97 കോടി രൂപ. സിയാലിനായി 200 കോടി രൂപ.

*തീര സംരക്ഷത്തിന് 100 കോടി

* ശബരിമല മാസ്റ്റർ പ്ലാനിന് 30 കോടി രൂപ.

* കുടുംബശ്രീക്ക് 260 കോടി രൂപ വകഇരുത്തി.

*വ്യവസായ മേഖലക്ക് 1226.6 കോടി രൂപ വക ഇരുത്തി. ഇലക്ട്രോണിക് ഹാർഡ്‍വെയർ സംരംഭത്തിനായി 28 കോടി രൂപ. ഒരു കുടുംബം ഒരു സംരംഭം പദ്ധതിക്ക് ഏഴ് കോടി രൂപ.

 ഭക്ഷ്യ സംസ്കരണ യൂണിറ്റുകൾക്ക് 20 കോടി രൂപ.

*പരമ്പരാഗത മേഖലകളിലെ യൂണിറ്റുകളുടെ പുനരുദ്ധാരണത്തിന് ഏഴ് കോടി രൂപ വകയിരുത്തി. കൈത്തറി മേഖലക്ക് 46 കോടി രൂപ. കെഎസ്ഐഡിസിക്ക് 113 കോടി രൂപ വക ഇരുത്തി.

* 100 സ്റ്റാർട്ടപ്പുകൾക്ക് രണ്ട് കോടി രൂപ വീതം കെഎസ്ഐഡിസി വായ്പ. പലിശ ഇളവോട് കൂടെ വായ്പ ലഭ്യമാക്കും.

* വിവര സാങ്കേതിക മേഖലക്കായി 559 കോടി രൂപ. ഐടി മിഷന് 136 കോടി രൂപ.

* കെസ്ആർടിസിക്ക് 1,000 കോടി രൂപ. ജീവനക്കാർക്കായി 30 കോടി രൂപ. ഫ്യൂവൽ സ്റ്റേഷനുകൾക്കും അധിക തുക.

* മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസനപദ്ധതിക്ക് കീഴിൽ രണ്ട് കോടി രൂപ വരെ

* എംഎസ്എംഇ പ്രവർത്ത മൂലധന വായ്പ ലഭ്യമാക്കും.

*വിനോദ സഞ്ചാര ഹബുകൾക്ക് 316 കോടി രൂപ. വിനോദ സഞ്ചാര പദ്ധതികൾക്കും മാർക്കറ്റിങ്ങിനുമായി അധിക തുക.

* 1,000 കോടി രൂപയുടെ വായ്പകൾ പലിശ ഇളവോടെ ലഭ്യമാക്കും. ചാംപ്യൻസ് വള്ളം കളി 12 ഇടങ്ങളിൽ സംഘടിപ്പിക്കും. കാരവൻ പാർക്കുകൾക്ക് 100 കോടി രൂപ. സാംസ്കാരിക പൈതൃക  കേന്ദ്രങ്ങൾക്ക് രണ്ട് കോടി രൂപ.

* കാരവൻ ടൂറിസം പദ്ധതിക്ക് 5 കോടി രൂപ

* ഗതാഗത മേഖലക്ക് 1888 കോടി രൂപ. തുറമുഖ വികസനത്തിന് അധിക തുക. * ആറു ബൈപാസുകൾക്കായി 200 കോടി രൂപ.

* 2022-23 സാമ്പത്തിക വർഷത്തിൽ പൊതുജനാരോഗ്യത്തിന് 2629.3 കോടി രൂപ വിലയിരുത്തി.

  വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൻെറ ഗവേഷണ പ്രവർത്തനങ്ങൾക്കായി 50 കോടി രൂപ.

* റീജിയണൽ ക്യാൻസർ സെൻററിന് 83 കോടി രൂപ. സംസ്ഥാന ക്യാൻസർ സെൻററായി ആർസിസിയെ ഉയർത്തും. മറ്റ് ക്യാൻസർ സെൻററുകളുടെ വികസനത്തിനും അധിക തുക.

* കാരുണ്യ ആരോഗ്യപദ്ധതിക്ക് 500 കോടി.

*റീ ബിൾഡ് കേരള പദ്ധതിക്ക് 1600 കോടി രൂപ വക ഇരുത്തി

*ലൈഫ് പദ്ധതിക്ക് കീഴിൽ ഒരു ലക്ഷം വീടുകൾ പുതിയതായി നിർമിക്കും. 1771 കോടി രൂപ വക ഇരുത്തി.

* 2909 ഫ്ലാറ്റുകൾ ഈ വർഷം

* വനിതാ ക്ഷേമത്തിനായി കൂടുതൽ തുക. സ്ത്രീ സുരക്ഷക്ക് ഒൻപത് കോടി രൂപ

* അങ്കണവാടിയിലുടെ പാലും മുട്ടയും വിതരണം ചെയ്യും

 * സംയോജിത ശിശുവികസനത്തിന് 228 കോടി രൂപ

*എല്ലാ സ്ലാബുകളിലെയും ഭൂ നികുതി പരിഷ്കരിക്കും. ഇനി പുതിയ സ്ലാബ്. ഭൂമിയുടെ ന്യായ വിലയിൽ 10 ശതമാനം ഒറ്റത്തവണ വർധന.

* മോട്ടോർ വാഹന നികുതിയിൽ ഒരു ശതമാനം വർധന.

*പഴയ മോട്ടോർ വാഹനങ്ങൾക്ക് ഹരിത നികുതി

* ജിഎസ്ടി ആംനെസ്റ്റി പദ്ധതി തുടരും.