തൊഴിലാളികൾക്ക് ക്ഷേമനിധി ബോർഡിന്റെ ഭവന പദ്ധതി

post


തിരുവനന്തപുരം: കേരള തൊഴിലാളി ക്ഷേമനിധി ബോർഡ് സംസ്ഥാനത്തെ അഞ്ചു ജില്ലകളിലായി ഒരു തൊഴിലാളിക്ക് ഒരു വീട് എന്ന നിലയിൽ ഭവന പദ്ധതി ആവിഷ്‌കരിച്ചു നടപ്പിലാക്കും. തിരുവനന്തപുരം, ഇടുക്കി, എറണാകുളം, പാലക്കാട്, കോഴിക്കോട് എന്നീ ജില്ലകളിലെ ഒരു തൊഴിലാളിക്ക് വീതമാണ് വീട് നിർമ്മിച്ചു നൽകുന്നത്.

തൊഴിലാളികളുടെ ക്ഷേമ ആനുകൂല്യങ്ങൾക്കായി 75,87,706 രൂപ ക്ഷേമനിധി ബോർഡ് അനുവദിച്ചു. ചികിത്സാ സഹായം, വിദ്യാഭ്യാസ അവാർഡുകൾ മെഡിക്കൽ എഞ്ചിനിയറിംഗ് പരിശീലന സഹായം, അപകടമരണ ധനസഹായം, പെട്ടിമുടി ദുരന്ത ധനസഹായം, പ്രസവാനുകൂല്യ ധനസഹായം, ഭിന്നശേഷി വിഭാഗത്തിലുള്ളവർക്കുള്ള ധനസഹായം എന്നിങ്ങനെ വിവിധ ആനുകൂല്യങ്ങൾക്കായിട്ടാണ് തുക അനുവദിച്ചിരിക്കുന്നത്. സംസ്ഥാനത്ത് ഇതാദ്യമായാണ് തൊഴിലാളി ക്ഷേമനിധി ബോർഡ് തൊഴിലാളികൾക്കായി വീട് നിർമ്മിച്ചു നൽകുന്ന പദ്ധതി ആരംഭിക്കുന്നത്. ഭവന നിർമ്മിക്കുന്നതിനായി അഞ്ച് ലക്ഷം രൂപ ബോർഡ് നല്കും. ആദ്യ ഘട്ടം എന്ന നിലയിലാണ് ബോർഡ് ഭവനപദ്ധതി അഞ്ച് ജില്ലകളിലായി തീരുമാനിച്ചത്. അടുത്ത ഘട്ടത്തിൽ എല്ലാ ജില്ലകളിലും പദ്ധതി നടപ്പിലാക്കുമെന്ന് കേരള തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ ജയൻ ബാബു അറിയിച്ചു.