കാസര്‍കോടിന്റെ വികസനത്തിന് ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണം

post

' കാസര്‍കോട് ഇന്ന് നാളെ ' ചര്‍ച്ച പരമ്പരയ്ക്ക് തുടക്കം

കാസര്‍ഗോഡ് കാസര്‍കോടിന്റെ വികസന കുതിപ്പിന് എല്ലാവരും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണം എന്ന് തുറമുഖം, പുരാവസ്തു പുരാരേഖ മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു. ജില്ലയില്‍ ഇനിയും ഒരുപാട് വികസനപ്രവര്‍ത്തനങ്ങള്‍ നടപ്പാക്കേണ്ടതുണ്ട്. കക്ഷിരാഷ്ട്രീയ വ്യത്യാസമില്ലാതെ ഒന്നിച്ചു നിന്നുകൊണ്ട് നേടിയെടുക്കാന്‍ ക്രിയാത്മകമായി പ്രവര്‍ത്തിക്കണമെന്നും മന്ത്രി പറഞ്ഞു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും കാസര്‍കോട് പ്രസ് ക്ലബ്ബും ചേര്‍ന്ന് സംഘടിപ്പിച്ച ' കാസര്‍കോട് ഇന്ന് നാളെ ' ചര്‍ച്ച പരമ്പര ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

അധിനിവേശത്തിന്റെയും അതിജീവനത്തിന്റേയും ചരിത്രമുള്ളതാണ് കാസര്‍കോട് ജില്ലയുടെ ഇന്നലെകള്‍. സാംസ്‌കാരികമായി മതസൗഹാര്‍ദ്ദത്തിനും ഭാഷ  സൗഹൃദത്തിനും പേരു കേട്ട നാടാണ് കാസര്‍കോട്. വികസന വഴിയില്‍ ജില്ല അനുദിനം മുന്നേറുകയാണ്.

കാസര്‍ഗോഡ് ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ ഒ പി ആരംഭിച്ചു. ന്യൂറോ സര്‍ജനെ നിയോഗിച്ചു. പൂര്‍ണ തോതില്‍ പ്രവര്‍ത്തന സജ്ജമാക്കുന്നതിനുള്ള പരിശ്രമത്തിലാണ് സര്‍ക്കാര്‍. വനാതിര്‍ത്തികളില്‍ വന്യമൃഗശല്യം തടയുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേര്‍ന്ന് പ്രത്യേക പദ്ധതി ആനപ്രതിരോധ പദ്ധതി ആരംഭിച്ചു. കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പരിധിയിലാണ് ആദ്യമായി ആരംഭിക്കുന്നത്.

എല്ലാ പഞ്ചായത്തുകളിലും വിനോദസഞ്ചാരകേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിന്റെ ഗുണഫലം ഏറ്റവും അധികം ലഭിക്കുന്നതും പ്രകൃതി രമണീയമായ കാസര്‍കോട് ജില്ലക്ക് ആയിരിക്കും. ദേശീയപാത 66 വികസനം ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. ദേശീയ പാത വികസനം, കോട്ടച്ചേരി മേല്‍പാലം തീരദേശ ഹൈവേ മലയോര ഹൈവേ , ദേശീയ ജലപാത എന്നിവ ജില്ലയുടെ അടിസ്ഥാന സൗകര്യവികസനത്തിന് ഗതിവേഗം കൂട്ടും. ബദ്രടുക്ക  ബി എച്ച് ഇഎം എല്ലിനെ സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തു. 20 കോടി രൂപ കമ്പനിക്ക് കൈമാറി. കായിക മേഖലയുടെ പുരോഗതിക്ക് പഞ്ചായത്ത്തല സ്‌പോര്‍ട്‌സ് കൗണ്‍സിലുകള്‍ ആരംഭിക്കും. താളിപ്പടുപ്പ് മൈതാനത്ത് സംസ്ഥാനത്തെ ആദ്യത്തെ വനിതാ സ്റ്റേഡിയം സ്ഥാപിക്കും. കോവിഡ് ബാധിതര്‍ക്ക് ആശ്വാസമായി ടാറ്റ ഗവ. കോവിഡ് ആശുപത്രി അത്യാസന്ന നിലയിലുള്ള രോഗികള്‍ക്ക് പുതു ജീവന്‍ നല്‍കി. പൊതുവിദ്യാഭ്യാസ രംഗത്ത് കൂടുതല്‍ സൗകര്യങ്ങള്‍ കരിന്തളം ഗവണ്‍മെന്റ്  കോളേജിന് സ്ഥലം അനുവദിച്ചു.

കെട്ടിടനിര്‍മാണം കിഫ്ബിയില്‍പ്പെടുത്തി. കോടോം ഗവ. ഐ ടി ഐയ്ക്ക് ഭൂമി അനുവദിച്ചു. കെട്ടിടത്തിന് 6 കോടി രൂപ വകയിരുത്തി. ജില്ലാ പഞ്ചായത്ത്  താലൂക്ക് ആശുപത്രികളില്‍  ഡയാലിസിസ് സൗകര്യങ്ങള്‍ ഒരുക്കുന്ന പദ്ധതി ആരംഭിച്ചു. പട്ടികവര്‍ഗക്കാര്‍ക്ക് ഭൂമി ലഭ്യമാക്കാന്‍ നടപടിഊര്‍ജിതമാക്കി. കാസര്‍കോട് ജില്ലയില്‍ മ്യൂസിയം സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. കാസര്‍കോട് മാരിടൈം അക്കാദമി ഉടന്‍ പ്രവര്‍ത്തനം തുടങ്ങുമെന്നും മന്ത്രി പറഞ്ഞു.

എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി മുഖ്യാതിഥിയായി. സി എച്ച് കുഞ്ഞമ്പു എംഎല്‍എ, എ കെ എം അഷറഫ് എംഎല്‍എ, ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് എന്നിവര്‍ സംസാരിച്ചു. കാസര്‍കോട് വികസന പാക്കേജ് സ്‌പെഷ്യല്‍ ഓഫീസര്‍ ഇ പി രാജ്‌മോഹന്‍ വിഷയാവതരണം നടത്തി. കാസര്‍കോട് പ്രസ് ക്ലബ്ബ് പ്രസിഡന്റ് മുഹമ്മദ് ഹാഷിം മോഡറേറ്ററായി. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം മധുസൂദനന്‍ സ്വാഗതവും കാസര്‍കോട് പ്രസ് ക്ലബ്ബ് സെക്രട്ടറി കെ വി പത്മേഷ് നന്ദിയും പറഞ്ഞു.