കേരളാ ബജറ്റ്: വെബ് പോർട്ടലും മൊബൈൽ ആപ്പും പുറത്തിറക്കി

post


സംസ്ഥാന ബജറ്റിനെക്കുറിച്ചുള്ള സമ്പൂർണ വിവരങ്ങളും ബജറ്റ് രേഖകളും അടങ്ങുന്ന വെബ് പോർട്ടലിന്റെയും ബജറ്റ് നിയമസഭയിൽ അവതരിപ്പിച്ചാലുടൻ ബജറ്റ് രേഖകൾ എല്ലാവരിലേക്കും ഓൺലൈനായി എത്തിക്കുന്നതിനുള്ള 'കേരളാ ബജറ്റ്' മൊബൈൽ ആപ്ലിക്കേഷന്റെയും ഉദ്ഘാടനം ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ ബാലഗോപാൽ നിർവഹിച്ചു. budget.kerala.gov.in എന്ന ലിങ്ക് ഉപയോഗിച്ച് വെബ് പോർട്ടൽ സന്ദർശിക്കാം. 'Kerala Budget' എന്ന മൊബൈൽ ആപ്ലിക്കേഷൻ ഗൂഗിൾ പ്ലേ സ്റ്റോർ, ഐ ഒ എസ് ആപ്പ് സ്റ്റോർ എന്നിവയിൽ നിന്ന് ഇൻസ്റ്റാൾ ചെയ്യാം.

1957 മുതലുള്ള ബജറ്റ് പ്രസംഗങ്ങളുൾപ്പെടെയുള്ള ബജറ്റ് രേഖകൾ പോർട്ടലിൽ ലഭ്യമാണ്. പ്രധാനപ്പെട്ട ബജറ്റ് ഇൻഡിക്കേറ്ററുകൾ ചാർട്ടുകളും ഗ്രാഫുകളുമുൾപ്പെടെയുള്ള ഇൻഫോഗ്രാഫിക്‌സുകളുടെ സഹായത്തോടെ ലളിതമായി നൽകിയിരിക്കുന്ന പോർട്ടൽ സാമ്പത്തിക വിദഗ്ധർക്കും പൊതുജനങ്ങൾക്കും ഒരുപോലെ ഉപയോഗപ്രദമായ രീതിയിലാണ് വികസിപ്പിച്ചിരിക്കുന്നത്.

ധനമന്ത്രിയുടെ സെക്രട്ടേറിയറ്റിലെ ഓഫീസിൽ നടന്ന ചടങ്ങിൽ ധനകാര്യ അഡീഷണൽ ചീഫ് സെക്രട്ടറി രാജേഷ് കുമാർ സിങ്, ധനകാര്യ എക്‌സ്‌പെൻഡിച്ചർ സെക്രട്ടറി സഞ്ജയ് എം കൗൾ, ഓഫീസർ ഓൺ സ്‌പെഷ്യൽ ഡ്യൂട്ടി (ധനകാര്യ-റിസോഴ്‌സ്) കെ മുഹമ്മദ് വൈ സഫിറുള്ള, നാഷണൽ ഇൻഫോമാറ്റിക്‌സ് സെന്റർ കേരളാ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ മോഹൻ കൃഷ്ണൻ പി വി, സീനിയർ ടെക്‌നിക്കൽ ഡയറക്ടർ ജി ജയകുമാർ, പ്രിൻസിപ്പൽ സിസ്റ്റം അനലിസ്റ്റ് അനിൽ വി എസ് എന്നിവരും പങ്കെടുത്തു. നാഷണൽ ഇൻഫോമാറ്റിക്‌സ് സെന്ററാണ് ധനകാര്യ വകുപ്പിന് വേണ്ടി വെബ് പോർട്ടലും മൊബൈൽ ആപ്ലിക്കേഷനും വികസിപ്പിച്ചത്.