സ്ത്രീ-പുരുഷ സമഭാവനയുടെ നവകേരളത്തിനായി കൈകോർക്കണം

post


തിരുവനന്തപുരം: സ്ത്രീ - പുരുഷ സമഭാവനയുടെ നവകേരളം കെട്ടിപ്പടിക്കുന്നതിനായി കൈകോർക്കണമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു. കൂട്ടായ ബോധവത്കരണത്തിലൂടെയും പരിശ്രമത്തിലൂടെയും സമൂഹത്തിന്റെ പൊതുബോധത്തിലും മനോഭാവത്തിലും സമീപനങ്ങളിലും കാതലായ മാറ്റം സൃഷ്ടിക്കണമെന്നും മന്ത്രി പറഞ്ഞു. അന്താരാഷ്ട്ര വനിതാ ദിനത്തിൽ സാംസ്‌കാരിക വകുപ്പിന്റെ ബോധവത്കരണ പദ്ധതിയായ സമത്തിന്റെ ആഭിമുഖ്യത്തിൽ ടാഗോർ തിയേറ്ററിൽ സംഘടിപ്പിച്ച ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. മന്ത്രിക്കൊപ്പം സമൂഹത്തിലെ വിവിധ വിഭാഗങ്ങളെ പ്രതിനിധീകരിച്ച് ഏഴു വനിതകളും ചടങ്ങിനു തിരിതെളിച്ചു.

സ്ത്രീധനത്തിന്റെ പേരിലുള്ള ആത്മഹത്യകൾ, പ്രണയം നിരസിക്കപ്പെട്ടതിനു കൊലപാതകം, ദുരഭിമാനഹത്യകൾ തുടങ്ങിയവ കേരളത്തിൽ വർധിക്കുന്ന സാഹചര്യം മന്ത്രി ചൂണ്ടിക്കാട്ടി. സ്ത്രീധനം പോലുള്ള സാമൂഹിക ദുരാചാരങ്ങൾ നിയമംമൂലം നിരോധിക്കപ്പെട്ടിട്ടും സാമൂഹിക അന്തസിന്റെ അടയാളമായി നിർബാധം തുടരുന്നു. പിറന്നു വീഴുമ്പോൾ മുതൽ രണ്ടാംകിട സാമൂഹിക പദവിയുള്ള വ്യക്തിയാണെന്ന ഓർമപ്പെടുത്തലുകളിലൂടെയാണ് സ്ത്രീ ജീവിതം മുന്നോട്ടുപോകുന്നത്. വർധിച്ചുവരുന്ന സ്ത്രീ വിരുദ്ധ പ്രവണതകൾ നവലിബറൽ കാലഘട്ടത്തിൽ വലിയതോതിൽ വളരുകയാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
സ്ത്രീയ്ക്കു സമൂഹത്തിൽ പുരുഷനൊപ്പം തുല്യ പരിഗണനയും അംഗീകാരവും ലഭിക്കുന്നതുവരെ ബോധവത്കരണം അനിവാര്യമാണെന്നു ചടങ്ങിൽ അധ്യക്ഷത വഹിച്ച സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു. സ്ത്രീയും പുരുഷനും ഒന്നിച്ചു കുടുംബത്തെ നയിക്കുമ്പോഴാണു കുടുംബം മനോഹരമാകുന്നത്. ഇതുപോലെതന്നെയാണ് ഒന്നിച്ച പ്രവർത്തനത്തിലൂടെ സമൂഹവും രാജ്യവും മനോഹരമാകുന്നത്. ഇത്തരം ആശയ വിപ്ലവം കേരളത്തിൽ അനിവാര്യമാണെന്നു മനസിലാക്കിയാണ് 'ഇടം' പോലുള്ള ബോധവത്കരണ പരിപാടി നടപ്പാക്കുന്നത്. ഒരു വർഷത്തേക്കു വിഭാവനം ചെയ്തിട്ടുള്ള പരിപാടിയാണെങ്കിലും ഇടം പദ്ധതിയുടെ ആശയങ്ങൾ ഈ സർക്കാരിന്റെ കാലാവധി പൂർത്തിയാകുംവരെ തുടരുമെന്നും അദ്ദേഹം പറഞ്ഞു.

ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ. അനിൽ ചടങ്ങിൽ വിശിഷ്ടാതിഥിയായി പങ്കെടുത്തു. സാംസ്‌കാരിക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ്, കവയത്രി റോസ്മേരി, നടി ലക്ഷ്മി ഗോപാലസ്വാമി, ഒളിമ്പ്യൻ കെ.സി ലേഖ, അഡ്വ. ഗീനാകുമാരി, നടി കെ.പി.എ.സി ലീല, കെ.എസ്.ഡി.എഫ്.സി. മാനേജിങ് ഡയറക്ടർ എൻ. മായ എന്നിവർ മന്ത്രി ആർ. ബിന്ദുവിനൊപ്പം തിരിതെളിച്ചു. കെ.എസ്.എഫ്.ഡി.സി. വഴി വനിതകളുടെ സംവിധാനത്തിൽ സിനിമ നിർമിക്കുന്ന പദ്ധതിയുടെ ഭാഗമായുള്ള സിനിമകളുടെ സ്വിച്ച് ഓൺ കർമവും മന്ത്രി നിർവഹിച്ചു.  മൂന്നു ദിവസങ്ങളിലായി നടക്കുന്ന പരിപാടിയിൽ വിവിധ വിഷയങ്ങളിൽ സംവാദം, സെമിനാർ, സാംസ്‌കാരിക പരിപാടികൾ തുടങ്ങിയവ സംഘടിപ്പിച്ചിട്ടുണ്ട്.