65-ാം വാർഷികത്തിന്റെ ഭാഗമായി 65 ഇലക്ട്രിക് വാഹനങ്ങൾ നിരത്തിലിറക്കി കെഎസ്ഇബി

post


തിരുവനന്തപുരം: കെ.എസ്.ഇ.ബിയുടെ 65-ാം വാർഷികത്തിന്റെ ഭാഗമായി 65 ഇലക്ട്രിക് വാഹനങ്ങളുടെ ഫ്ളാഗ് ഓഫ് ചടങ്ങ് വൈദ്യുതി വകുപ്പ് മന്ത്രി നിർവഹിച്ചു. പരിസ്ഥിതി സൗഹൃദ ഹരിതോർജ്ജ സ്രോതസുകളിലേക്കുള്ള ചുവടുമാറ്റം അനിവാര്യമാണെന്ന സർക്കാർ നയത്തിന്റെ ഭാഗമായാണ് ഇലക്ട്രിക് വാഹനങ്ങൾ നിരത്തിലിറക്കുന്നത്. സോളാർ പദ്ധതി പോലുള്ളവ സ്വീകരിച്ചുകൊണ്ട് പ്രകൃതിസൗഹൃദ ഊർജോത്പാദനത്തിലേക്കുള്ള മാറ്റം സാധ്യമാകണമെന്നു വൈദ്യുതി വകുപ്പ് മന്ത്രി മന്ത്രി കെ കൃഷ്ണൻകുട്ടി പറഞ്ഞു. ‘സൗര’ പദ്ധതി പോലുള്ളവ സ്വീകരിക്കുന്നതിലൂടെ സ്വന്തം ആവശ്യത്തിനുള്ള ഊർജ്ജം ഉത്പാദിപ്പിക്കാൻ കഴിയുന്നതിന് പുറമെ വരുമാനം കണ്ടെത്താനും കഴിയുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. സ്വന്തം വീടുകളിൽ സൗരോർജ്ജം ഉദ്പാദിപ്പിക്കാൻ കഴിയുന്ന പദ്ധതികൾ കൂടുതൽ ജനങ്ങളിലെത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഊർജ്ജ പ്രതിസന്ധി, ഇന്ധന വിലക്കയറ്റം എന്നിവ വെല്ലുവിളിയാകുന്ന സാഹചര്യത്തിൽ കെ.എസ്.ഇ.ബി മികച്ച മാതൃകയാണ് മുന്നോട്ട് വെച്ചിരിക്കുന്നതെന്ന് മുഖ്യ പ്രഭാഷണം നടത്തിയ ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. ഭാവിയിൽ എല്ലാ സർക്കാർ വകുപ്പുകളും ഈ മാതൃക സ്വീകരിക്കേണ്ടതായി വരും. ആദ്യ ഘട്ടത്തിൽ മന്ത്രിമാരുടെ വാഹനങ്ങൾ തന്നെ ഇതിന്റെ ഭാഗമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള മാറ്റം സൗകര്യപ്രദമാക്കാൻ പലയിടത്തും ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നതിനായി മോട്ടോർവാഹന വകുപ്പ് സഹകരിക്കുന്നുണ്ട്. ഇതിനായി ഒമ്പതു കോടി രൂപ വകുപ്പ് കെ.എസ്.ഇ.ബിക്കു കൈമാറും. പ്രധാന പാതകളിൽ നിശ്ചിത ദൂരത്തിനിടയിൽ ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കും.


തിരുവനന്തപുരം നഗരത്തിൽ 50 ഇലക്ട്രിക് ബസുകൾ പുതുതായി നിരത്തിലിറക്കാൻ പദ്ധതിയുണ്ട്. നിലവിലുള്ള സിറ്റി സർക്കുലർ സർവീസുകൾ പൂർണമായും ഇലക്ട്രിക് ബസുകളിലേക്ക് ചുവട് മാറും. കാലക്രമേണ ഡീസലിൽ നിന്ന് മാറി സി.എൻ.ജി, എൽ.എൻ.ജി, ഇലക്ട്രിക് രീതികളിലേക്ക് ചുവടുമാറുന്നതിന് നിർബന്ധിതരാകും. ഇന്ധന വിലക്കയറ്റം, മലിനീകരണം തുടങ്ങിയവയെ മറികടക്കാൻ ഈ മാറ്റം വലിയ തോതിൽ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തിരുവനന്തപുരം കനകക്കുന്നിൽ നടന്ന വൈദ്യുതി വാഹനങ്ങളുടെ ഫ്ളാഗ് ഓഫ് ചടങ്ങ് മന്ത്രി കെ. കൃഷ്ണൻകുട്ടി, മന്ത്രി ആന്റണി രാജു എന്നിവർ ചേർന്ന് നിർവഹിച്ചു. പരിപാടിയിൽ വി.കെ പ്രശാന്ത് എം.എൽ.എ അധ്യക്ഷത വഹിച്ചു. കെ.എസ്.ഇ.ബി ചെയർമാനും മാനേജിങ് ഡയറക്ടറമായ ബി. അശോക് സ്വാഗതം പറഞ്ഞു. കെ.എസ്.ഇ.ബിയുടെ ഹരിതോർജ്ജ മുന്നേറ്റങ്ങളുടെ റിപ്പോർട്ട് ഡയറക്ടർ ആർ.സുകു അവതരിപ്പിച്ചു, തുടർന്ന് വൈദ്യുതി വാഹനങ്ങളുടെ താക്കോൽ അദ്ദേഹം ഏറ്റുവാങ്ങി. ഫ്‌ളാഗ് ഓഫിന് ശേഷം വാഹനങ്ങൾ നഗരത്തിലൂടെ സഞ്ചരിച്ചു രണ്ടു മണിയോടെ സെൻട്രൽ സ്റ്റേഡിയത്തിലെത്തി. ഇവിടെ വൈദ്യുത വാഹനങ്ങളുടെ പ്രദർശനവും  നടന്നു.