എന്‍ഡോസള്‍ഫാന്‍ പുനരധിവാസ ഗ്രാമം; ഏപ്രില്‍ ഏഴിനകം നിര്‍മ്മാണ പ്രവൃത്തി ആരംഭിക്കും

post

കാസറഗോഡ്:  എന്‍ഡോസള്‍ഫാന്‍ പുനരധിവാസ ഗ്രാമം പദ്ധതിയുടെ നിര്‍മ്മാണ പ്രവൃത്തി ഏപ്രില്‍ ഏഴിനകം ആരംഭിക്കുമെന്ന് തദ്ദേശ സ്വയംഭരണ-എക്സൈസ് വകുപ്പ് മന്ത്രി എം.വി ഗോവിന്ദന്‍ മാസ്റ്ററുടെ അധ്യക്ഷതയില്‍ ചേര്‍ന്ന എന്റോസള്‍ഫാന്‍ സെല്‍ യോഗത്തില്‍ തീരുമാനിച്ചു. യു.എല്‍.സി.സിയുമായി ജില്ലാ സാമൂഹ്യ നീത് ഓഫീസര്‍ കരാര്‍ ഒപ്പ് വെച്ച് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. അര്‍ഹരായ എല്ലാ ദുരിതബാധിതര്‍ക്കും നീതി ഉറപ്പാക്കാനാണ് സെല്‍ പ്രവര്‍ത്തിക്കുന്നതെന്നും അത് തുടരുമെന്നും മന്ത്രി പറഞ്ഞു.എന്‍ഡോസള്‍ഫാന്‍ സെല്‍ ചെയര്‍മാനായി ചുമതല ഏറ്റശേഷം പുന:സംഘടിപ്പിച്ച എന്‍ഡോസള്‍ഫാന്‍ പുനരധിവാസ സെല്ലിന്റെ യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.

എന്‍ഡോസള്‍ഫാന്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടതും സൗജന്യമായി വീട് നല്‍കുന്നതിനായി അപേക്ഷകരില്‍ നിന്ന് നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്ത 26 പേര്‍ക്ക് വീട് നല്‍കാന്‍ തീരുമാനിച്ചു. കാസര്‍കോട് ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് സൂപ്രണ്ടിനെയും ജില്ലാ പട്ടികജാതി ഓഫീസറെയും ജില്ലാ പട്ടിക വര്‍ഗ്ഗ ഓഫീസറെയും സെല്ലില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചു. നേരത്തെ സെല്ലില്‍ അംഗങ്ങളായിരുന്ന പ്രതിനിധികളെ വീണ്ടും സെല്ലിന്റെ ഭാഗമാക്കാന്‍ യോഗത്തില്‍ തീരുമാനമായി.