കുടിവെള്ളം ഉറപ്പാക്കാൻ ജലജീവൻ മിഷൻ

post

മികവോടെ മുന്നോട്ട്-25


10.82 ലക്ഷം കണക്ഷനുകൾ പൂർത്തിയായി

ഗ്രാമീണ മേഖലയിൽ 2024ഓടെ എല്ലാ വീടുകളിലും ഗാർഹിക കുടിവെളള കണക്ഷനുകൾ (ഫങ്ഷണൽ ഹൗസ് ഹോൾഡ് ടാപ്പ് കണക്ഷൻ - എഒഠഇ) ലഭ്യമാക്കാനായി ദേശീയതലത്തിൽ നടപ്പിലാക്കുന്ന പദ്ധതിയാണ് ജലജീവൻ മിഷൻ. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പങ്കാളിത്തത്തോടെ ജലജീവൻ മിഷൻ പദ്ധതി മുന്നോട്ടുപോകുന്ന പദ്ധതി കേരള വാട്ടർ അതോറിറ്റിയുടെ നേതൃത്വത്തിലാണ് സംസ്ഥാനത്ത് നടപ്പാക്കുന്നത്.


സംസ്ഥാനത്ത് 70,68,562 ഗ്രാമീണ വീടുകളാണ് ഉളളത്. ഇതിൽ 27,48,832 വീടുകൾക്ക് ഗാർഹിക കുടിവെളള കണക്ഷനുകൾ നൽകി കഴിഞ്ഞു. ഇനി 43,19,730 വീടുകൾക്കാണ് കുടിവെളള കണക്ഷനുകൾ ലഭ്യമാക്കാനുളളത്. ഈ ദൗത്യം ഏറ്റെടുത്ത് മികച്ച രീതിയിൽ പദ്ധതി നിർവഹണം യാഥാർത്ഥ്യമാക്കുന്ന തരത്തിലാണ് വാട്ടർ അതോറിറ്റിയുടെ പ്രവർത്തനങ്ങൾ കഴിഞ്ഞ രണ്ട് വർഷങ്ങളിലായി മുന്നോട്ട് പോകുന്നത്.


2020-2021 സാമ്പത്തിക വർഷത്തിൽ 4.04 ലക്ഷം ഗാർഹിക കണക്ഷനുകളും, 2021-2022 സാമ്പത്തിക വർഷത്തിൽ 6.30 ഗാർഹിക കണക്ഷനുകളുമാണ് ജലജീവൻ മിഷൻ വഴി നൽകിയത്. ആകെ 10,82,553 കണക്ഷനുകളാണ് ഈ പദ്ധതി അനുസരിച്ച് സംസ്ഥാനത്ത് ഇതുവരെ നൽകിയത്. 2019 ആഗസ്റ്റ് 15നു മുൻപ് വരെ കേരളത്തിൽ 16,64,091 ഗാർഹിക കുടിവെളള കണക്ഷനുകളാണ് ഉണ്ടായിരുന്നത്. ഇപ്പോഴിത് 27,48,832 കണക്ഷനുകളായി ഉയർന്നു. രണ്ട് വർഷത്തിനിടയിൽ 10 ലക്ഷത്തിലധികം കണക്ഷനുകൾ നൽകിക്കൊണ്ട് വാട്ടർ അതോറിറ്റി മികച്ച പദ്ധതി നിർവ്വഹണം നടപ്പാക്കികൊണ്ടിരിക്കുകയാണ്.


ആലപ്പുഴ ജില്ലയിലെ അരുക്കുറ്റി, ചെന്നം, പളളിപ്പുറം, തണ്ണീർമുക്കം, തുറവൂർ, തൈക്കേോട്ടുശ്ശരി, എറണാകുളം ജില്ലയിലെ എടവനക്കാട്, കടമക്കുടി, കുമ്പളങ്ങി, തൃശൂർ ജില്ലയിലെ എറിയാട്, കണ്ണൂർ ജില്ലയിലെ ചെറുകുന്ന്, മുഴുപ്പലങ്ങാടി, പിണറായി, കല്യാശ്ശേരി എന്നീ പഞ്ചായത്തുകൾ നൂറ് ശതമാനം ജലജീവൻ മിഷന്റെ ഗാർഹിക കുടിവെളള കണക്ഷൻ പൂർത്തീകരിച്ചിട്ടുണ്ട്.


കേരള വാട്ടർ അതോറിറ്റിയുടെ വെബ്സൈറ്റായ kwa.kerala.gov.in/ml/ ൽ ജലജീവൻ മിഷന്റെ https://kwa.kerala.gov.in/ml/jjm/ എന്ന പേജിൽ പദ്ധതി പുരോഗതി വിവരങ്ങൾ വളരെ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. പദ്ധതി നിർവഹണം സുതാര്യമാണെന്നതിന്റെ മികച്ച ഉദാഹരണമാണിത്. ജില്ല, ബ്ലോക്ക്, പഞ്ചായത്ത്, വാട്ടർ അതോറിറ്റി ഡിവിഷൻ, സെക്ഷൻ, മണ്്ഡലം എന്നീ അടിസ്ഥാനത്തിൽ ജലജീവൻമിഷന്റെ പുരോഗതി ലഭ്യമാണ്. കൂടാതെ ആഴ്ചതോറും മാസംതോറുമുളള പുരോഗതിയും ഭരണാനുമതി നൽകിയതിന്റെ വിശദാംശങ്ങളും ജലജീവൻ മിഷന്റെ സൈറ്റിൽ നിന്നും പൊതുജനങ്ങൾക്ക് നേരിട്ട്് മനസിലാക്കാം. 2024ഓടുകൂടി എല്ലാ ഗ്രാമീണ വീടുകളിലും കുടിവെള്ള കണക്ഷൻ ലഭ്യമാക്കുന്നതിനായി കേരള വാട്ടർ അതോറിറ്റി വ്യക്തമായ മാർഗ്ഗ രേഖയുടെയും ആസൂത്രണത്തിന്റെയും അടിസ്ഥാനത്തിലാണ് ജലജീവൻ മിഷൻ കേരളത്തിൽ നടപ്പാക്കുന്നത്.