സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരെ സ്ത്രീശക്തി കലാജാഥയുമായി കുടുംബശ്രീ

post



കാസറഗോഡ് :  സ്ത്രീപക്ഷ നവകേരള ക്യാംപെയ്‌നിന്റെ ഭാഗമായി കലാജാഥയുമായി കുടുംബശ്രീ. രംഗശ്രീ കലാകാരികള്‍ അവതരിപ്പിക്കുന്ന സ്ത്രീശക്തി കലാജാഥ സംസ്ഥാനത്തുടനീളം അവതരണം നടത്തുന്നു. സംസ്ഥാനത്തുടനീളം 168 കലാകാരികള്‍ ഒരേ സമയം കലാജാഥ അവതരിപ്പിക്കുമെന്ന പ്രത്യേകതയുമുണ്ട്. ജില്ലയില്‍ 13 രംഗശ്രീ അംഗങ്ങളാണ് കലാജാഥയില്‍ തങ്ങളുടെ പ്രകടനം കാഴ്ച വെയ്ക്കുന്നത്. മാര്‍ച്ച് 10 മുതല്‍ 23 വരെയുള്ള 12 ദിവസങ്ങളില്‍ ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും തെരഞ്ഞെടുക്കപ്പെട്ട കലാലയങ്ങളിലുമായി 50 വേദികളിലാണ് കലാജാഥയുടെ അവതരണം. പെണ്‍ കാലം, ഇത് ഞാനാണ്, സദസില്‍ നിന്ന് അരങ്ങിലേക്ക് തുടങ്ങിയ മൂന്ന് നാടകങ്ങള്‍ക്ക് പുറമേ രണ്ട് സംഗീത ശില്‍പവും അവതരിപ്പിക്കും. ഇതുമായി ബന്ധപ്പെട്ട് മുഴുവന്‍ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും തദ്ദേശഭരണ അധ്യക്ഷന്‍മാരുടെ നേതൃത്വത്തില്‍ പ്രദേശത്തെ ജനപ്രതിനിധികള്‍, രാഷ്ട്രീയ സംഘടന പ്രതിനിധികള്‍, വനിത സംഘടന പ്രതിനിധികള്‍, ഓട്ടോ-ടാക്‌സി തൊഴിലാളി പ്രതിനിധികള്‍, യുവജന - വിദ്യാര്‍ത്ഥി സംഘടന പ്രതിനിധികള്‍, ക്ലബ് ഭാരവാഹികള്‍ തുടങ്ങിയവരെ ഉള്‍പ്പെടുത്തി സംഘാടക സമിതി രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ നടത്തും. സ്ത്രീധനത്തിനും സ്ത്രീപീഡനത്തിനും എതിരെ സംസ്ഥാന വ്യാപകമായി നടപ്പിലാക്കി വരുന്ന ക്യാംപെയ്ന്‍ പരിപാടിയാണ് സ്ത്രീപക്ഷ നവകേരളം. സ്ത്രീധനമെന്ന കീഴ്‌വഴക്കത്തെ സമൂഹത്തില്‍ നിന്നും പാടെ തുടച്ച് മാറ്റുകയും സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളും അസമത്വങ്ങളും ഇല്ലാതാക്കുന്നതിനും വേണ്ടി ലിംഗ പദവി സമത്വത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ സ്ത്രീകള്‍, സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍, യുവജനസംഘടനകള്‍, പ്രാദേശിക സാമൂഹിക രാഷ്ട്രീയ സംഘടനകള്‍ തുടങ്ങിയ സമൂഹത്തിന്റെ എല്ലാ മേഖലയിലുള്ളവര്‍ക്കിടയില്‍ സജീവമാക്കുകയും തുല്യ നീതിയിലധിഷ്ഠിതമായ നവകേരളം സൃഷ്ടിക്കുന്നതില്‍ ഭാഗമാവുകയും ചെയ്യുക എന്നതാണ് സ്ത്രീപക്ഷ നവകേരളം ലക്ഷ്യം വെക്കുന്നത്. നവകേരളം ക്യാമ്പയിന്റെ ഭാഗമായി സ്ത്രീധന വിരുദ്ധ സന്ദേശങ്ങള്‍ക്കൊണ്ട് പോസ്റ്റര്‍ ക്യാമ്പയിന്‍, ചുമര്‍ ചിത്രങ്ങള്‍, റീല്‍സ്, സിഗ്‌നേച്ചര്‍ ക്യാംപെയ്ന്‍ തുടങ്ങി നിരവധി പരിപാടികല്‍ ജില്ലയില്‍ മുഴുവന്‍ സി ഡിഎസ്സുകളിലും നടന്നു കഴിഞ്ഞു. കുടുംബശ്രീയുടെ സ്ത്രീപക്ഷ നവകേരളം ക്യാമ്പയനിന്റെ രണ്ടാം ഘട്ടമാണ് സംസ്ഥാനത്തുടനീളമായി കുടുംബശ്രീ രംഗശ്രീ കലാകാരികള്‍ അവതരിപ്പിക്കുന്ന സ്ത്രീശക്തി കലാജാഥ.