വരൂ, വയനാട് കാണാം: മൊബൈല്‍ വീഡിയോ പ്രദര്‍ശനം തുടങ്ങി

വയനാട്: വയനാട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് തയ്യാറാക്കിയ ജില്ലയിലെ പ്രധാനപ്പെട്ട ടൂറിസം കേന്ദ്രങ്ങളെ പരിചയപ്പെടുത്തുന്ന വീഡിയോ ചിത്രങ്ങളുടെ മൊബൈല്‍ എല്‍.ഇ.ഡി വാള് പ്രദര്‍ശനം ആരംഭിച്ചു. കളക്ടറേറ്റ് പരിസരത്ത് ജില്ലാ കളക്ടര്‍ എ. ഗീത ഫ്ളാഗ് ഓഫ് ചെയ്തു. എ.ഡി.എം എന്‍.ഐ ഷാജു, ഡെപ്യൂട്ടി കളക്ടര്‍ കെ. ഗോപിനാഥ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ. മുഹമ്മദ്, ലോ ഓഫീസര്‍ കെ.പി ഉണ്ണികൃഷ്ണന് തുടങ്ങിയവര്‍ പങ്കെടുത്തു.

ടൂറിസം വകുപ്പിന്റെയും വനം വകുപ്പിന്റെയും ജലസേചന വകുപ്പിന്റെയും പുരാവസ്തു വകുപ്പിന്റെയും കെ.എസ്.ഇ.ബിയുടെയും നിയന്ത്രണത്തിലുള്ള ടൂറിസം സ്പോട്ടുകളെല്ലാം വീഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എടക്കല്‍ ഗുഹ, അമ്പലവയല്‍ ഹെറിറ്റേജ് മ്യൂസിയം, കാരാപ്പുഴ ഡാം- മെഗാ ടൂറിസം പാര്‍ക്ക്, കര്‍ളാട് തടാകം,. കുറുവ ദ്വീപ്, കാന്തന്‍പാറ, സൂചിപ്പാറ, മീന്മുട്ടി വെള്ളച്ചാട്ടങ്ങള്‍, പഴശ്ശി മ്യൂസിയം- പഴശ്ശി പാര്‍ക്ക്, ചെമ്പ്ര പീക്ക്, ചീങ്ങേരി മല അഡ്വഞ്ചര്‍ ടൂറിസം, വയനാട് ചുരം- പൂക്കോട് തടാകം, മുത്തങ്ങ- തോല്‍പ്പെട്ടി വന്യജീവി സങ്കേതങ്ങള്‍, ബാണാസുരസാഗര്‍ ഡാം തുടങ്ങി പ്രധാനപ്പെട്ട എല്ലാ സ്പോട്ടുകളും വീഡിയോകളിലുണ്ട്.