യുക്രെയിൽനിന്നെത്തിയ 193 മലയാളികളെക്കൂടി വ്യാഴാഴ്ച കേരളത്തിൽ എത്തിച്ചു

post

** ഇതുവരെ എത്തിയത് 550 പേർ


തിരുവനന്തപുരം : യുക്രെയിനിൽനിന്ന് ഓപ്പറേഷൻ ഗംഗയുടെ ഭാഗമായി രാജ്യത്തേക്ക് എത്തിച്ച 193 മലയാളികളെക്കൂടി സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ വ്യാഴാഴ്ച (മാർച്ച് 03) കേരളത്തിൽ എത്തിച്ചു. സംസ്ഥാന സർക്കാർ ഡൽഹിയിൽനിന്നു കൊച്ചിയിലേക്ക് ഏർപ്പെടുത്തിയ ചാർട്ടേഡ് വിമാനത്തിൽ 166 പേരും മുംബൈയിൽനിന്ന് എത്തിയ 15 പേരുംബുധനാഴ്ച ഡൽഹിയിൽനിന്നു പുറപ്പെട്ട 12 പേരുമാണ് വ്യാഴാഴ്ച കേരളത്തിൽ എത്തിയത്. ഇതോടെ യുക്രെയിനിൽനിന്ന് എത്തിയവരിൽ സംസ്ഥാന സർക്കാർ കേരളത്തിലേക്ക് എത്തിച്ചവരുടെ ആകെ എണ്ണം 550 ആയി.


യുക്രെയിനിൽനിന്നു കൂടുതലായി മലയാളികൾ എത്തുന്ന സാഹചര്യത്തിലാണ് അതിവേഗത്തിൽ ഇവരെ നാട്ടിലെത്തിക്കാൻ സംസ്ഥാന സർക്കാർ ചാർട്ടേഡ് വിമാനങ്ങൾ ഏർപ്പെടുത്തിയത്. വ്യാഴാഴ്‌ചത്തെ (മാർച്ച് 03) ആദ്യ ചാർട്ടേഡ് വിമാനം വൈകിട്ട് 4:50ന് നെടുമ്പാശേരിയിൽ എത്തി. ഈ വിമാനത്തിലുണ്ടായിരുന്ന 166 പേരെയും അവരവരുടെ സ്വദേശങ്ങളിലെത്തിക്കാൻ നോർക്ക റൂട്ട്‌സിന്റെ നേതൃത്വത്തിൽ വിമാനത്താവളത്തിൽനിന്ന് കാസർഗോടേക്കും തിരുവനന്തപുരത്തേക്കും പ്രത്യേക ബസുകൾ സജ്ജമാക്കിരുന്നു. മടങ്ങിയെത്തുന്നവരെ സഹായിക്കുന്നതിന് വിമാനത്താവളത്തിൽ നോർക്കയുടെ നേതൃത്വത്തിൽ വനിതകൾ അടങ്ങുന്ന ഉദ്യോഗസ്ഥ സംഘത്തേയും വിന്യസിച്ചിട്ടുണ്ട്. ഡൽഹിയിൽനിന്നുള്ള രണ്ടാമത്തെ ചാർട്ടേഡ് വിമാനം വ്യാഴാഴ്ച രാത്രി 9.30ഓടെ കൊച്ചിയിൽ എത്തുമെന്നു പ്രതീക്ഷിക്കുന്നു.


യുക്രെയിനിൽ കുടുങ്ങി ഇന്ത്യക്കാരുമായി നിരവധി വിമാനങ്ങൾ രാജ്യത്തേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. വിമാനങ്ങളിലെത്തുന്ന മലയാളികളുടെ നാട്ടിലേക്കുള്ള യാത്ര സുഗമമാക്കുന്നതിന് ന്യൂഡൽഹി, മുംബൈ വിമാനത്താവളങ്ങളിൽ സംസ്ഥാന സർക്കാരിന്റെ ഉദ്യോഗസ്ഥ സംഘം 24 മണിക്കൂറും പ്രവർത്തിക്കുന്നുണ്ട്. 


(വൈകിട്ട് 7:00 വരെയുള്ള കണക്കുകൾ ഉൾപ്പെടുത്തി തയാറാക്കിയത്)