അമ്മമാര്‍ വിഷമിക്കണ്ട: നിങ്ങള്‍ക്ക് താങ്ങായി വരുന്നൂ അങ്കണവാടി കം ക്രഷുകള്‍

post

തിരുവനന്തപുരം: ജോലിക്കു പോകുന്നതിനാല്‍ ചെറിയകുട്ടികളെ വേണ്ടവിധം പരിചരിക്കാന്‍ കഴിയാത്ത അമ്മമാര്‍ക്കാശ്വാസമായി സംസ്ഥാനത്ത്  അങ്കണവാടി കം ക്രഷുകള്‍. 6 മാസം മുതല്‍ 6 വയസ് വരെപ്രായമുള്ള കുട്ടികളുടെ സംരക്ഷണം ലക്ഷ്യമിട്ടാണ് സംസ്ഥാനത്ത് ഈ പദ്ധതി ആരംഭിക്കുന്നത്. പൈലറ്റടിസ്ഥാനത്തില്‍ 15 അങ്കണവാടി കം ക്രഷുകള്‍ക്ക് സംസ്ഥാനത്ത് അനുമതി നല്‍കിതായി ആരോഗ്യമന്ത്രി കെ. കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. 

6 മാസം മുതല്‍ 6 വയസ്സുവരെ പ്രായമുള്ള കുട്ടികളുടെ വളര്‍ച്ചയും വികാസവും വളരെ നിര്‍ണായകമാണ്. ഈ പ്രായത്തിലുള്ള കുട്ടികളുള്ള പല വീടുകളിലേയും അമ്മമാര്‍ ജോലിക്ക് പോകുന്ന സാഹചര്യമാണ് നിലവിലുള്ളത്. ചെറിയ കുട്ടികളുള്ള വീട്ടിലെ ജോലിക്കുപോകുന്ന അമ്മമാര്‍ക്ക് തങ്ങളുടെ കുഞ്ഞുങ്ങളെ കാര്യമായി ശ്രദ്ധിക്കാന്‍ കഴിയാതെ വരുന്നുണ്ട്. ഈ സാഹചര്യത്തില്‍ ഇവര്‍ക്ക് സഹായകമാണ് ഇത്തരം അങ്കണവാടി കം ക്രഷുകള്‍.

പകല്‍ സമയങ്ങളില്‍ സുരക്ഷിതമായ പരിചരണം, അനുപൂരക പോഷകാഹാരം, ഹെല്‍ത്ത് ചെക്കപ്പ്, ഇമ്മ്യൂണൈസേഷന്‍, പ്രീ സ്‌കൂള്‍ പ്രവര്‍ത്തനങ്ങള്‍ എന്നീ സേവനങ്ങള്‍ പദ്ധതിവഴി ഉറപ്പുവരുത്തും. രാവിലെ 8 മണി മുതല്‍ വൈകുന്നേരം 6 മണി വരേയാണ് ക്രഷിന്റെ പ്രവര്‍ത്തന സമയം. അങ്കണവാടി ജീവനക്കാര്‍ക്ക് ജോലിഭാരം ഉണ്ടാകാതിരിക്കാന്‍ അങ്കണവാടി വര്‍ക്കറും ഹെല്‍പ്പറും, ക്രഷ് വര്‍ക്കറും ഹെല്‍പ്പറും ഷിഫ്റ്റടിസ്ഥാനത്തിലാണ് ജോലിചെയ്യുക.

നിശ്ചിത പോഷകമൂല്യങ്ങളുള്ള ഭക്ഷണം, പ്രഭാത ഭക്ഷണം, ഉച്ചഭക്ഷണം, വൈകുന്നേരങ്ങളിലെ ലഘുഭക്ഷണം എന്നിവ കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്നതാണ്. പദ്ധതിയുടെ സുഗമമായ നടത്തിപ്പിന് 20.59 ലക്ഷം രൂപയുടെ ഭരണാനുമതി നല്‍കിയതായും മന്ത്രി അറിയിച്ചു.