മാലിന്യ സംസ്‌കരണം: നിരീക്ഷണത്തിന് മൊബൈല്‍ ആപ്പുമായി ഹരിത കേരള മിഷന്‍

post



തിരുവനന്തപുരം: തദ്ദേശഭരണ സ്ഥാപനങ്ങളിലെ ഖരമാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ മൊബൈല്‍ ആപ്ലിക്കേഷനുമായി ഹരിത കേരള മിഷന്‍. ശുചിത്വ മിഷന്‍, കെല്‍ട്രോണ്‍ എന്നിവരുമായി സഹകരിച്ചാണ് ഹരിതമിത്രം സ്മാര്‍ട്ട് ഗാര്‍ബേജ് മാനേജ്മെന്റ് സിസ്റ്റം എന്ന ആപ്പിന് രൂപം കൊടുത്തിരിക്കുന്നത്. പൊതുജനങ്ങളെ നേരിട്ട് മാലിന്യ സംസ്‌ക്കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമാക്കുന്ന തരത്തില്‍ പരാതി പരിഹാര സെല്‍ എന്ന നിലയിലാണ് ആപ്പിന്റെ പ്രവര്‍ത്തനം.

 തദ്ദേശഭരണസ്ഥാപനങ്ങളുടെ വാര്‍ഡ് തലം മുതല്‍ സംസ്ഥാനതലം വരെയുള്ള മാലിന്യങ്ങളുടെ ഉത്പാദന ശേഖരണ കൈമാറ്റ സംസ്‌കരണ രീതി കൃത്യമായി മോണിറ്റര്‍ ചെയ്യാന്‍ സാധിക്കും. ക്യു ആര്‍ കോഡ് വഴി വീടുകളും സ്ഥാപനങ്ങളും ഹരിത മിത്രം ആപ്പിന്റെ ഭാഗമായി ബന്ധിപ്പിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.  

മാലിന്യങ്ങള്‍ അലക്ഷ്യമായും അപകടകരമായും  വലിച്ചെറിയുന്നതും ഒഴുക്കിവിടുന്നതും കത്തിക്കുന്നതും ഉള്‍പ്പെടെയുള്ള സാമൂഹ്യപ്രശ്നങ്ങള്‍ തദ്ദേശഭരണസ്ഥാപനങ്ങളെ യഥാസമയം ഈ സംവിധാനത്തിലൂടെ അറിയിക്കാനും ഈ പരാതികളുടെ അടിസ്ഥാനത്തില്‍ നിയമനടപടികള്‍ ഉള്‍പ്പെടെയുള്ള പ്രശ്ന പരിഹാര നടപടികള്‍ സ്വീകരിക്കാനും സാധിക്കുന്നതാണ്.

ആദ്യഘട്ടത്തില്‍ 25 ഗ്രാമപഞ്ചായത്തുകളിലും ആറ്റിങ്ങല്‍, വര്‍ക്കല, നെടുമങ്ങാട്, നെയ്യാറ്റിന്‍കര നഗരസഭകളിലും തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഉള്‍പ്പെടെ 30 തദ്ദേശഭരണസ്ഥാപനങ്ങളിലുമാണ് ആപ്പ് നടപ്പാക്കുന്നത്. ഡിസംബര്‍ 31 നകം എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളും ഹരിത മിത്രം ആപ്പിന്റെ പരിധിയില്‍ കൊണ്ടുവരുമെന്ന് ഹരിതകേരളം മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഡി. ഹുമയൂണ്‍ അറിയിച്ചു.