'മിഴിവ് - 2022' വീഡിയോമത്സരം: അവസാന തീയതി മാർച്ച് 7വരെ നീട്ടി

post



തിരുവനന്തപുരം: ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് പൊതുജനങ്ങൾക്കായി  സംഘടിപ്പിക്കുന്ന 'മിഴിവ് - 2022' ഓൺലൈൻ  വീഡിയോ മത്സരത്തിന് എൻട്രികൾ അപ്‌ലോഡ് ചെയ്യേണ്ട തീയതി മാർച്ച് 7 വരെ നീട്ടി. സംസ്ഥാന സർക്കാരിന്റെ വികസന ക്ഷേമപ്രവർത്തനങ്ങൾ, നേട്ടങ്ങൾ, വിജയഗാഥകൾ, സ്വപ്നപദ്ധതികൾ തുടങ്ങിയ  വിഷയങ്ങൾ വീഡിയോകൾക്ക്  ആധാരമാക്കാം.  mizhiv.kerala.gov.in ലാണ് വീഡിയോ അപ്‌ലോഡ്  ചെയ്യേണ്ടത്. ഒന്നും രണ്ടും മൂന്നും സ്ഥാനം നേടുന്ന വീഡിയോകൾക്ക് യഥാക്രമം ഒരു ലക്ഷം, അൻപതിനായിരം, ഇരുപത്തയ്യായിരം എന്നിങ്ങനെ കാഷ് അവാർഡ് ലഭിക്കും. പ്രോത്സാഹന സമ്മാനമായി പത്ത്  പേർക്ക് അയ്യായിരം രൂപ വീതവും  ലഭിക്കും.  വിശദ വിവരങ്ങൾ prd.kerala.gov.in ൽ ലഭിക്കും.

പ്രൊഫഷണൽ ക്യാമറയോ മൊബൈലോ ഉപയോഗിച്ച് വീഡിയോകൾ ഷൂട്ട് ചെയ്യാം. ഫിക്ഷൻ/ ഡോക്യുഫിക്ഷൻ/ അനിമേഷൻ, മ്യൂസിക് വീഡിയോ, മൂവിംഗ് പോസ്റ്റേഴ്‌സ് തുടങ്ങി ഏത്  രീതിയിൽ നിർമിച്ച വീഡിയോകളും മത്സരത്തിനായി പരിഗണിക്കും. എന്നാൽ, മേൽപ്പറഞ്ഞ വിഷയങ്ങളിൽ ആധാരമായതും സാധാരണക്കാരന് മനസ്സിലാകുന്ന വിധത്തിൽ ലളിതവും കൗതുകം നിറഞ്ഞതുമായിരിക്കണം സൃഷ്ടികൾ. വീഡിയോകളുടെ പരമാവധി ദൈർഘ്യം 90 സെക്കന്റ്‌സ്.  ക്രെഡിറ്റ്‌സ് ഉൾപ്പടെ ചേർത്ത്  എച്ച് ഡി (1920×1080)mp4 ഫോർമാറ്റിൽ  അപ്‌ലോഡ് ചെയ്യാം. രജിസ്റ്റർ ചെയ്യുമ്പോൾ ലഭിക്കുന്ന ലോഗിൻ ഐഡിയും പാസ് വേഡും ഉപയോഗിച്ച് വേണം വീഡിയോകൾ അപ്‌ലോഡ് ചെയ്യാൻ. ഒരാൾക്ക് മൂന്ന് വീഡിയോകൾവരെ മത്സരത്തിനായി സമർപ്പിക്കാം. ഇന്ത്യൻ പൗരത്വമുള്ള ഏതൊരാൾക്കും മത്സരത്തിൽ  പങ്കെടുക്കാം.

മത്സരത്തിനായി ലഭിക്കുന്ന വീഡിയോകൾ വിദഗ്ദ്ധ ജൂറി വിലയിരുത്തി സമ്മാനങ്ങൾ നിശ്ചയിക്കും. മിഴിവ് മത്സരത്തിലേക്ക് ലഭിക്കുന്ന എൻട്രികളുടെ മുഴുവൻ പകർപ്പവകാശവും  ഐ &പി ആർ ഡി യിൽ നിക്ഷിപ്തമായിരിക്കും.