സമ്പൂർണ ഡിജിറ്റൽ ജില്ലയായി കോട്ടയം

post

കോട്ടയം: കേരളത്തിലെ രണ്ടാമത്തെ സമ്പൂർണ ഡിജിറ്റൽ ജില്ലയായി കോട്ടയം. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെയും എസ് എൽ ബി സി കേരളയുടെയും ആഭിമുഖ്യത്തിൽ ജില്ലാ ഭരണകൂടത്തിന്റെ സഹകരണത്തോടുകൂടി കോട്ടയം ലീഡ് ബാങ്ക് നടപ്പാക്കിയ ഡിജിറ്റൽ കോട്ടയം പദ്ധതിയിലൂടെയാണ് സമ്പൂർണ ഡിജിറ്റൽ ജില്ലയായി മാറിയത്. തൃശൂരാണ് ആദ്യ ഡിജിറ്റൽ ജില്ലയായത്.


കോട്ടയം ജില്ലയിലെ വിവിധ ബാങ്കുകളിലെ 50 ലക്ഷം സേവിങ്‌സ് ബാങ്ക് അക്കൗണ്ട് ഉടമകളേയും 70,000 വ്യവസായിക അക്കൗണ്ടുകളെയും ഏതെങ്കിലും ഒരു ഡിജിറ്റൽ സേവനം ഉപയോഗിക്കാൻ പര്യാപ്തമാകുക എന്നതായിരുന്നു പദ്ധതിയുടെ ലക്ഷ്യം. ഒക്ടോബർ 2021ൽ തുടക്കംകുറിച്ച പദ്ധതി മുഖേന ജില്ലയിലെ വിവിധ ഇടങ്ങളിൽ 750 പരം ഡിജിറ്റൽ ബോധവൽക്കരണ ക്യാമ്പുകൾ ലീഡ് ബാങ്കിന്റെയും എഫ്.എൽ.സി യുടെയും നേതൃത്വത്തിൽ സംഘടിപ്പിച്ചു. ചെറുകിട-തെരുവോര കച്ചവടക്കാർ, ഓട്ടോറിക്ഷ-ടാക്‌സി തൊഴിലാളികൾ, എന്നിങ്ങനെ ചെറിയ തുകകൾ കൈമാറ്റം ചെയ്യുന്ന സമൂഹത്തെ ആധുനിക പണമിടപാട് മാർഗങ്ങളിലേക്ക് കൊണ്ടുവരികയായിരുന്നു പദ്ധതിയുടെ ലക്ഷ്യം.

കോട്ടയം കെ.പി.എസ് മേനോൻ ഹാളിൽ ജില്ലാ കളക്ടർ ഡോ. പി കെ. ജയശ്രീ യുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എസ്.എൽ.ബി.സി. കൺവീനറും കാനറ ബാങ്ക് ജനറൽ മാനേജരുമായ എസ്. പ്രേംകുമാർ കോട്ടയം ജില്ലയെ സമ്പൂർണ ഡിജിറ്റൽ ജില്ലയായി പ്രഖ്യാപിച്ചു.