ദുരന്തമുഖങ്ങളില്‍ കൈത്താങ്ങാകാന്‍ യുവത; ക്യാപ്റ്റന്‍മാരെ സജ്ജരാക്കി യുവജനക്ഷേമ ബോർഡ്

post

കോട്ടയം:  ദുരന്ത സാഹചര്യങ്ങളിലെ  രക്ഷാപ്രവർത്തനങ്ങളിൽ  സജീവ  പങ്കാളികളാകാൻ  മികച്ച തയ്യാറെടുപ്പോടെ ജില്ലയിലെ 
യുവജനങ്ങൾ.  കേരള വോളണ്ടറി യൂത്ത് ആക്ഷന്‍ ഫോഴ്സിലെ  77 യുവ ക്യാപ്റ്റൻമാരെ ഇതിനായി സജ്ജമാക്കിയിരിക്കുകയാണ് യുവജനക്ഷേമ ബോര്‍ഡ് . തദ്ദേശ സ്ഥാപനത്തിലുള്ള ക്യാപ്റ്റൻമാരും വാർഡ് തലത്തിലുള്ള വോളണ്ടിയർമാരും  ചേർന്ന്  ദുരന്തമുഖങ്ങളിൽ   കൈത്താങ്ങ് പകരും. 
ഗ്രാമപഞ്ചായത്ത് -  നഗരസഭാതലങ്ങളിലെ ക്യാപ്റ്റൻമാരായ 77  പേരുടെ പരിശീലനം പൂർത്തിയായി. 

ആരോഗ്യവകുപ്പിന്റ സഹകരണത്തോടെ  പ്രഥമശുശ്രൂഷ  സി.പി.ആര്‍. പ്രൊസീജര്‍ പരിശീലവും പോലീസ് , ഫയര്‍ ആന്റ് റെസ്‌ക്യൂ  സർവ്വീസസ് എന്നിവയുടെ നേതൃത്വത്തില്‍  ആപത്ഘട്ടങ്ങളിലെ ദ്രുതരക്ഷാപ്രവര്‍ത്തനത്തിനുതകുന്ന പ്രത്യേക  പരിശീലനവും ക്യാപ്റ്റന്മാർക്ക്  നൽകി.  
തുടർന്ന ക്യാപ്റ്റൻമാരുടെ   നേതൃത്വത്തിൽ വാർഡ്തല വോളണ്ടിയർമാരെ ഏകോപിപ്പിച്ച്  സന്നദ്ധ പ്രവർത്തനത്തിന് സജ്ജമാക്കും. 
18 നും 30 നുമിടയില്‍ പ്രായമുള്ള  മൂവായിരത്തോളം സേവനസന്നദ്ധരായ യുവതീ, യുവാക്കളാണ് വോളണ്ടിയമാരായുള്ളത്.     
രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതിനും ദുരിതാശ്വസ കേന്ദ്രങ്ങളിലും ദുരിത മേഖലകളിലും   അവശ്യസാധനങ്ങള്‍ എത്തിച്ചുകൊടുക്കുവാനും ഇവരെ പ്രയോജനപ്പെടുത്തും. 

ലഹരിക്കെതിരെ നടത്തി വരുന്ന ബോധവലക്കരണ പ്രവർത്തങ്ങൾ കൂടുതൽ ഊർജ്ജിതപ്പെടുത്തും. കൗണ്‍സിലിംഗ്,  സര്‍വ്വേ, ശുചീത്വ- മാലിന്യ നിർമ്മാർജനം   തുടങ്ങിയ  പ്രവർത്തനങ്ങൾക്ക് വൈദഗ്ദ്ധ്യമുള്ള വരെ ഉൾപ്പെടുത്തി പ്രത്യേക ടീമുകളും രൂപീകരിക്കാൻ  ലക്ഷ്യമിടുന്നതായി ജില്ലാ യുത്ത് പ്രോഗ്രാം ഓഫീസർ  എസ് ഉദയകുമാരി പറഞ്ഞു. ബ്രേക് ദ ചെയിന്‍ ക്യാമ്പയിന്‍, ലോക്ഡൗണ്‍  ഹെല്‍പ്പ് ഡെസ്‌ക്ക്, മെഡിക്കല്‍ ടീം, രക്തദാനക്യാമ്പയിന്‍, ദുരിതാശ്വാനിധിയിലേക്കുള്ള  ധനസമാഹരണം, കാര്‍ഷികരംഗത്തുള്ള ഇടപെടല്‍, ശുചീകരണം  തുടങ്ങിയവയിൽ യുവാക്കളെ  അണിനിരത്തി  മാതൃകാപരമായ പ്രവർത്തനം നടത്താനും 
യുവജന ക്ഷേമ ബോർഡിന് കഴിഞ്ഞിരുന്നു.