ജല സംരക്ഷണത്തിന് മുന്‍തൂക്കം നല്‍കി 2.60 കോടിയുടെ പദ്ധതിയുമായി കാസര്‍കോട് ജില്ലാ പഞ്ചായത്ത്

post

കാസര്‍കോട്: ജലസംരക്ഷണത്തിനാണ് കാസര്‍കോട് ജില്ലാപഞ്ചായത്തിന്റെ പ്രഥമ പരിഗണന. കുടിവെള്ളത്തിനും ജലസേചനത്തിനും ഉതകുന്ന രീതിയില്‍ വലിയ പദ്ധതികളാണ് ഈ മേഖലയില്‍ 2022-23 സാമ്പത്തിക വര്‍ഷത്തില്‍  നടപ്പാക്കാനിരിക്കുന്നത്. ജില്ലാപഞ്ചായത്തിന്റെ പ്രത്യേക ഉദ്ദേശ ഫണ്ടില്‍ ഉള്‍പ്പെടുത്തി 2,60,90,400 രൂപയാണ് ജലസംരക്ഷണത്തിനായി വകയിരുത്തിയത്. ജില്ലയിലെ വിവിധ വില്ലേജ് പരിധിയിലുള്ള പൊതു കുളങ്ങളും പാടശേഖരങ്ങളിലെ ജലസ്രോതസുകളും തോടുകളും കാസര്‍കോടിന്റെ തനത് ജലസ്രോതസ്സുകളായ പള്ളങ്ങളുമെല്ലാം സംരക്ഷിക്കാനുള്ള പദ്ധതികളാണിത്. രണ്ട് കോടി 65 ലക്ഷം രൂപയുടെ പള്ളം-കുളം നവീകരണ പദ്ധതി അംഗീകരിച്ചു കഴിഞ്ഞു. രണ്ട് കോടി 65 ലക്ഷം രൂപയുടെ പള്ളം-കുളം നവീകരണ പദ്ധതി അംഗീകരിച്ചു കഴിഞ്ഞു. ഇതില്‍ 2.30 കോടി രൂപയുടെ പദ്ധതികളുടെ പ്രവൃത്തി നടന്നു വരികയാണ്. മറ്റ് പ്രവൃത്തികള്‍ ഏപ്രില്‍ മാസത്തോടെ  ആരംഭിക്കുകയും വളരെ പെട്ടെന്ന് അത് പൂര്‍ത്തിയാക്കുകയും ചെയ്യുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി. ബേബി ബാലകൃഷ്ണന്‍ പറഞ്ഞു.

ഉദുമ പഞ്ചായത്തിലെ ഞെക്ലി പള്ളം നവീകരണത്തിന് 20 ലക്ഷ രൂപ, കോടോം വില്ലേജിലെ എരുമക്കുളം പൊതുകുളം നവീകരണത്തിന് 15 ലക്ഷം രൂപ, മടിക്കൈയിലെ കണിച്ചിറ പള്ളങ്ങളുടെ നവീകരണത്തിന് 10 ലക്ഷം രൂപ, അടൂര്‍ കൊളത്തിങ്കരം കുളം നവീകരണത്തിന് 15 ലക്ഷം രൂപ, മാന്യവയല്‍ തോട് സംരക്ഷണത്തിനായി 15 ലക്ഷം രൂപ, തെക്കിന്‍മൂല കുളം നവീകരണത്തിനായി 15 ലക്ഷം രൂപ, ഉദിനൂരിലെ കാപ്പില്‍ കുളം നവീകരണത്തിന് 10 ലക്ഷം രൂപ, ബംബ്രാണ-പേട്ട കുളം നവീകരണത്തിന് 10 ലക്ഷം രൂപ, ചിത്താരിയിലെ ഒറവങ്കര തോടിന് സംരക്ഷണ ഭിത്തിക്കായി 15 ലക്ഷം രൂപ, ചിറ്റാരിക്കാല്‍ ടൗണിലെ പൊതു കിണറില്‍ മോട്ടോര്‍ സ്ഥാപിക്കാന്‍ അഞ്ച് ലക്ഷം രൂപ, കരിന്തളം കുളം നവീകരണത്തിന് 10 ലക്ഷം രൂപ, എന്‍മകജെയിലെ കുര്‍ളുഗയാ ഷിറിയപുഴ സംരക്ഷണ ഭിത്തിക്കായി 15 ലക്ഷം രൂപ, പെരുമ്പട്ടയിലെ കരക്കങ്കാല്‍ പാലോത്ത് തോടിന് സംരക്ഷണഭിത്തിയൊരുക്കാന്‍  20 ലക്ഷം രൂപ, ജില്ലാശുപത്രിക്ക് സമീപത്തെ കാരാട്ട് വയല്‍ കിണര്‍ റിപ്പയര്‍ ചെയ്യാന്‍ അഞ്ച് ലക്ഷം രൂപ, ചെറുവത്തൂര്‍ പതിക്കാല്‍ തോട് നവീകരണത്തിന് 15,90,400 രൂപ, പുല്ലൂരിലെ ഇരിയ പെര്‍ളം തോട് സംരക്ഷണഭിത്തിക്കായി 20 ലക്ഷം രൂപ, അടൂരിലെ തളിയടുക്കം പൊതുകുളം നവീകരണത്തിന് 10 ലക്ഷം രൂപ, കോടോത്ത് പാടശേഖര പൊതുകുളം നവീകരണത്തിന് 10 ലക്ഷം രൂപ, ചെങ്കളയിലെ ബോവിഞ്ച കൂരാമ്പറം കുളം നവീകരണത്തിന് 10 ലക്ഷം രൂപ എന്നിങ്ങനെയാണ് പദ്ധതികള്‍.