ജെ.സി. ഡാനിയേല്‍ പുരസ്‌കാരം പി. ജയചന്ദ്രന് മുഖ്യമന്ത്രി സമര്‍പ്പിച്ചു

post

തിരുവനന്തപുരം : 2020ലെ ജെ.സി. ഡാനിയേല്‍ പുരസ്‌കാരം പ്രശസ്ത പിന്നണി ഗായകന്‍ പി. ജയചന്ദ്രനു മുഖ്യമന്ത്രി പിണറായി വിജയന്‍ സമര്‍പ്പിച്ചു. മലയാള ചലച്ചിത്രഗാന ശാഖയുടെ ശബ്ദമായി നിലകൊണ്ട് ആസ്വാദക ലക്ഷങ്ങളെ വിസ്മയിപ്പിച്ച ഗായകനാണു പി. ജയചന്ദ്രനെന്ന് പുരസ്‌കാരം സമര്‍പ്പിച്ചു മുഖ്യമന്ത്രി പറഞ്ഞു.

സംഗീതത്തെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും പ്രാപ്യമായ കലയാക്കി മാറ്റിയതു ചലച്ചിത്ര ഗാനങ്ങളാണ്. സമ്പന്ന കുടുംബ പശ്ചാത്തലങ്ങളില്‍മാത്രം ഒതുങ്ങിനിന്ന സംഗീതത്തെ എല്ലാ വിഭാഗം ആളുകളിലേക്കും എത്തിച്ചതും ചലച്ചിത്ര സംഗീതമാണ്. ചലച്ചിത്ര ഗാനങ്ങളുടെ വൈകാരികഭാവം അതിസൂക്ഷ്മതലത്തില്‍ ഉള്‍ക്കൊണ്ടുപാടുന്നതുകൊണ്ടാണ് ഭാവഗായകന്‍ എന്ന വിശേഷണം കേരളം പി. ജയചന്ദ്രനു നല്‍കിയത്. ആധുനിക കേരളത്തിന്റെ കലാസാംസ്‌കാരിക ചരിത്രത്തിനൊപ്പം വളരുകയും സ്വന്തം പ്രതിഭകൊണ്ട് സവിശേഷ സ്ഥാനം കരസ്ഥമാക്കുകയും ചെയ്യാന്‍ അദ്ദേഹത്തിനു കഴിഞ്ഞെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജെ.സി. ഡാനിയേല്‍ പുരസ്‌കാര ജേതാക്കള്‍ മലയാള സിനിമയ്ക്കു നല്‍കിയ സമഗ്ര സംഭാവനകള്‍ രേഖപ്പെടുത്തുന്നതിനായി പുരസ്‌കാര ജേതാക്കളുടെ ജീവചരിത്രം ഡോക്യുമെന്ററിയാക്കുന്ന പദ്ധതി ചലച്ചിത്ര അക്കാദമി ആരംഭിച്ചിട്ടുണ്ടെന്നു ചടങ്ങില്‍ അധ്യക്ഷത വഹിച്ച സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. പി. ജയചന്ദ്രന്റെ അഭ്യര്‍ഥന പ്രകാരം പ്രശസ്ത സംഗീതജ്ഞന്‍ എം.എസ്. വിശ്വനാഥന്റെ പ്രതിമ നിര്‍മിക്കുന്നതിനു സാംസ്‌കാരിക വകുപ്പ് നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

26-ാമത് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് കേരള(ഐ.ഐ.എഫ്.കെ)യുടെ ഫെസ്റ്റിവല്‍ ഡിസൈന്‍ ഗതാഗത മന്ത്രി ആന്റണി രാജു കെ.എസ്.എഫ്.ഡി.സി. ചെയര്‍മാന്‍ ഷാജി എന്‍. കരുണിനു നല്‍കി പ്രകാശനം ചെയ്തു. കേരള സര്‍വകലാശാല സെനറ്റ് ഹാളില്‍ നടന്ന ചടങ്ങില്‍ ഭക്ഷ്യ - സിവില്‍ സപ്ലൈസ് മന്ത്രി ജി.ആര്‍. അനില്‍, ജൂറി ചെയര്‍മാന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍, ചലച്ചിത്ര സംഗീത നിരൂപകന്‍ രവി മേനോന്‍, സാംസ്‌കാരിക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ്, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത്, സെക്രട്ടറി സി. അജോയ് തുടങ്ങിയവര്‍ പങ്കെടുത്തു. പുരസ്‌കാര സമര്‍പ്പണത്തിനു ശേഷം പി. ജയചന്ദ്രന്റെ ഗാനങ്ങള്‍ കോര്‍ത്തിണക്കിയുള്ള ഭാവഗാന സാഗരം എന്ന സംഗീത പരിപാടിയും അരങ്ങേറി.