സ്‌കൂളിന് സ്വന്തമായി ഒരു നീന്തല്‍കുളം ; പദ്ധതിയൊരുക്കി വെളളത്തൂവല്‍ ഗ്രാമപഞ്ചായത്ത്

post

കാസര്‍ഗോഡ് : നീന്തല്‍ പരിശീലനത്തിനായി സ്‌കൂളിന് സ്വന്തമായി ഒരു നീന്തല്‍കുളം. വെള്ളത്തൂവല്‍ ഗ്രാമപഞ്ചായത്തിനു കീഴിലെ ചെങ്കുളം സര്‍ക്കാര്‍ എല്‍പി സ്‌കൂളിലാണ് വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കുന്നതിനായി നീന്തല്‍ കുളം നിര്‍മ്മിക്കുന്നത്. 35 ലക്ഷം രൂപ മുതല്‍ മുടക്കി അത്യാധുനിക സംവിധാനങ്ങളോടെയാണ് നീന്തല്‍കുളത്തിന്റെ പണി പൂര്‍ത്തീകരിക്കുക. ജലാശയങ്ങളിലെ  മുങ്ങി മരണങ്ങള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ്  പഞ്ചായത്ത് ഭരണസമിതി ചെങ്കുളം സ്‌കൂളില്‍ നീന്തല്‍ പരിശീലനത്തിനായി കുളം നിര്‍മ്മിക്കാന്‍ പദ്ധതി തയ്യാറാക്കിയത്. എല്‍.പി, യു.പി സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കുകയാണ് ലക്ഷ്യമെന്നും നിര്‍മ്മാണം മാര്‍ച്ച് മാസത്തോടെ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ആര്‍ ബിജി പറഞ്ഞു. പദ്ധതി പൂര്‍ത്തിയാകുന്നതോടെ സമീപ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്കും ഇവിടെ പരിശീലനത്തിനു സൗകര്യമൊരുങ്ങും.  പ്രത്യേക പരിശീലകരും ഉണ്ടാകും.20 മീറ്റര്‍ നീളത്തിലും 5 മീറ്റര്‍ വീതിയിലുമാണ് കുളം നിര്‍മ്മിക്കുന്നത്.1.5 മീറ്ററാണ് കുളത്തിന്റെ ആഴം. ജലം ഫില്‍റ്റര്‍ ചെയ്ത് വീണ്ടും ഉപയോഗിക്കാനുള്ള സാങ്കേതിക സംവിധാനവും ഒരുക്കും. ഡ്രസിംഗ് റൂം, ടോയ്‌ലറ്റ് ,ചുറ്റുമതിലുകള്‍, സുരക്ഷിതമായ ഗെയിറ്റുകള്‍ എന്നിവ ഉള്‍പ്പെടുന്നു.