കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മുന്നേറി എന്‍.എസ്.എസ് കേരള കോവിഡ് വാരിയേഴ്‌സ്

മലപ്പുറം: സംസ്ഥാന സര്‍ക്കാരിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണയുമായി നാഷണല്‍ സര്‍വീസ് സ്‌കീം ആരംഭിച്ച കോവിഡ് വാരിയേഴ്സ് ജില്ലയില്‍ വിജയകരമായി മുന്നേറുന്നു. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുമായി ചേര്‍ന്നാണ് കേരള കോവിഡ് വാരിയേഴ്സിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍. കോവിഡിന്റെ മൂന്നാം തരംഗത്തില്‍ ആരംഭിച്ച ഈ കൂട്ടായ്മയില്‍ ജില്ലയില്‍ നിലവില്‍ 450 ലധികം അംഗങ്ങളാണുള്ളത്. സംസ്ഥാനത്ത് ഏകദേശം മൂന്നര ലക്ഷം വിദ്യാര്‍ഥികളാണ് അംഗങ്ങളായിട്ടുള്ളത്. വിവിധ എഞ്ചിനീയറിങ്, പോളിടെക്നിക്, ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജുകളിലെ വിദ്യാര്‍ഥികളാണ് ഈ സ്വയംസഹായ സംഘത്തിന്റെ പ്രവര്‍ത്തകര്‍. എന്‍.എസ്.എസിന്റെ സംസ്ഥാനത്തെ 22 ഡയറക്ടറേറ്റുകളെ ഏകോപിപ്പിച്ചു എന്‍.എസ്.എസ് സംസ്ഥാന ഓഫീസര്‍ ഡോ. അന്‍സറാണ് കേരളാ കോവിഡ് വാരിയേഴ്‌സിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.
ഫെബ്രുവരി മൂന്നിന് ആരംഭിച്ച ജില്ലയിലെ കേരള കോവിഡ് വരിയേഴ്‌സിന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുകയുടെ നേതൃത്വത്തില്‍ പരിശീലനം നല്‍കിയിട്ടുണ്ട്. ഇതിനകം തന്നെ ഈ കൂട്ടായ്മ നിരവധി കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായതായി എന്‍.എസ്.എസ് ജില്ലാ കോര്‍ഡിനേറ്ററും കമാന്‍ഡിങ് ഓഫീസറുമായ കെ.എ.ഖാദര്‍ പറഞ്ഞു.
കേരളാ കോവിഡ് വാരിയേഴ്‌സിന്റെ ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി കലക്ടറേറ്റ് കേന്ദ്രീകരിച്ച് കണ്‍ട്രോള്‍ റൂമും തിരൂര്‍ എസ്.എസ്.എം പോളിടെക്നിക് കോളജ് കേന്ദ്രമാക്കി വാര്‍ റൂമും എന്‍.എസ്.എസ് സജ്ജീകരിച്ചിട്ടുണ്ട്. കമാന്റിങ് ലീഡറായിട്ടുള്ള സി.ടി.അബ്ദുല്‍ റഹൂഫ്, മുസ്ലിയ, നിഷാദ്, കാര്‍ത്തിക് കൃഷ്ണ, ഫാത്തിമ ഷംന എന്നിവര്‍ക്കാണ് ഇതിന്റെ മേല്‍നോട്ടം.
കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിലെ വിവിധ നഗരസഭകള്‍, പഞ്ചായത്തുകള്‍ എന്നിവടങ്ങള്‍ സന്ദര്‍ശിച്ച് കോവിഡ് ബാധിതരുടെ വിവരങ്ങള്‍ ശേഖരിക്കുകയും ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് അയക്കുകയുമാണ് നിലവില്‍ സംഘം ചെയ്യുന്നത്. പ്രതിരോധ കുത്തിവെപ്പ് ക്യാമ്പുകളില്‍ വാക്‌സീന്‍ എടുത്തവരുടെ വിവരങ്ങള്‍ സൈറ്റിലേക്ക് അപ്ലോഡ് ചെയ്യുന്നതും ഇവരാണ്. ജില്ലയിലെ വിവിധ സര്‍ക്കാര്‍ ആശുപത്രികളിലെ കോവിഡ് വാര്‍ഡുകളുടെ ശുചീകരണങ്ങള്‍ക്കും പുനര്‍ജനി പദ്ധതിയിലൂടെ ആശുപത്രിയിലെ പ്രവര്‍ത്തനരഹിതമായ ഉപകരണങ്ങള്‍ പ്രവര്‍ത്തനക്ഷമമാക്കുന്നതിനും കോവിഡ് വാരിയേഴ്സ് സേവനം നല്‍കിവരുന്നു. കാലിക്കറ്റ് സര്‍വകലാശാലയ്ക്ക് കീഴിലെ വിവിധ കോളജുകള്‍ കേന്ദ്രീകരിച്ച് കോവിഡ് അവബോധ സെമിനാറുകളും കേരളാ കോവിഡ് വാരിയേഴ്‌സ് നടത്തിവരുന്നതായി കമാന്‍ഡിങ് ഓഫീസര്‍ കൂട്ടിച്ചേര്‍ത്തു.