ജലജീവന്‍ മിഷനില്‍ പത്തു ലക്ഷം കണക്ഷനുകള്‍ കഴിഞ്ഞു

post

ഇനി നല്‍കാനുള്ളത് 43 ലക്ഷം കണക്ഷനുകള്‍


തിരുവനന്തപുരം: ഗ്രാമീണ ശുദ്ധജല വിതരണത്തിനായുള്ള ജലജീവന്‍ മിഷന്‍ പദ്ധതിയില്‍ നല്‍കിയ ആകെ കണക്ഷനുകളുടെ എണ്ണം പത്തു ലക്ഷം തികഞ്ഞു. ഇന്നലെ വരെ ജലജീവന്‍ മിഷനില്‍ ഉള്‍പ്പെടുത്തി നല്‍കിയ കണക്ഷനുകളുടെ എണ്ണം 10.58 ലക്ഷമാണ്. രണ്ടു വര്‍ഷം ബാക്കി നില്‍ക്കേ ഇനി 43 ലക്ഷം കണക്ഷനുകളാണ് പദ്ധതി പ്രകാരം നല്‍കാനുള്ളത്. ഇതിന്റെ പ്രവര്‍ത്തനങ്ങളുമായി സംസ്ഥാന സര്‍ക്കാരും ജല അതോറിറ്റിയും കാര്യക്ഷമമായി മുന്നോട്ടു പോവുകയാണ്. 


കേരളത്തിലെ എല്ലാ ഗ്രാമീണവീടുകളിലും പ്രവര്‍ത്തനക്ഷമമായ ടാപ്പ് വഴി സുസ്ഥിരമായ കുടിവെള്ള ലഭ്യത ഉറപ്പുവരുത്താനായാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തുല്യമായി പദ്ധതിവിഹിതം ചെലവഴിച്ച് ജലജീവന്‍ മിഷന്‍ എന്ന പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതി വഴി ഗ്രാമീണമേഖലയുടെ കുടിവെള്ള ക്ഷാമം മാറ്റിയെടുക്കാമെന്നാണ് പ്രതീക്ഷിക്കുന്നത്. 


ജലജീവന്‍ മിഷന്‍ വഴിയുള്ള കുടിവെള്ള കണക്ഷന്‍ എല്ലാ ഗ്രാമീണ വീടുകള്‍ക്കും ലഭിക്കും. ആധാര്‍ കാര്‍ഡും മൊബൈല്‍ നമ്പരും മാത്രം നല്‍കി ജലജീവന്‍ പദ്ധതി വരെയുള്ള കണക്ഷന്‍ നേടിയെടുക്കാം. പണച്ചെലവും തുച്ഛമാണ്. കണക്ഷന്‍ ലഭിക്കാനായി അതാത് പഞ്ചായത്ത് അധികൃതരെയോ തൊട്ടടുത്ത വാട്ടര്‍ അതോറിറ്റി അല്ലെങ്കില്‍ ജലനിധി ഓഫിസിനെയോ ബന്ധപ്പെട്ടാല്‍ മതിയാകും.