തദ്ദേശ ഉപതിരഞ്ഞെടുപ്പ് : 42 വാർഡുകളിൽ വോട്ടർ പട്ടിക പുതുക്കുന്നു

post


തിരുവനന്തപുരം: സംസ്ഥാനത്തെ 12 ജില്ലകളിലെ 42 തദ്ദേശ വാർഡുകളിൽ ഉപതിരഞ്ഞെടുപ്പ് നടത്തുന്നതിന് മുന്നോടിയായി വോട്ടർപട്ടിക പുതുക്കാൻ തീരുമാനിച്ചതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാൻ അറിയിച്ചു. ഇതിനായി കരട് വോട്ടർപട്ടിക ഫെബ്രുവരി 16 ന് പ്രസിദ്ധീകരിക്കും. കരട് പട്ടിക സംബന്ധിച്ച അപേക്ഷകളും ആക്ഷേപങ്ങളും മാർച്ച് മൂന്നിന് വൈകുന്നേരം അഞ്ച് മണി വരെ സ്വീകരിക്കും. അന്തിമ വോട്ടർപട്ടിക മാർച്ച് 16 ന് പ്രസിദ്ധീകരിക്കും.

വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതിന് 2022 ജനുവരി ഒന്നിനോ അതിന് മുമ്പോ 18 വയസ് തികഞ്ഞിരിക്കണം. പേര് ചേർക്കുന്നതിനുള്ള അപേക്ഷകൾ www.sec.kerala.gov.in ൽ ഓൺലൈനായി സമർപ്പിക്കണം. കരട് പട്ടികയിലെ ഉൾക്കുറിപ്പുകളിൽ തിരുത്തലുകളോ സ്ഥാനമാറ്റമോ വരുത്തുന്നതിനുള്ള അപേക്ഷകളും ഓൺലൈനായി വേണം നൽകേണ്ടത്. പേര് ഒഴിവാക്കുന്നതിനുള്ള ആക്ഷേപങ്ങൾ നിശ്ചിത ഫോമിൽ അതാത് ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർക്ക് നേരിട്ടോ തപാലിലൂടെയോ നൽകണം.

കരട് വോട്ടർപട്ടിക ബന്ധപ്പെട്ട പഞ്ചായത്ത്/നഗരസഭാ ഓഫീസിലും വില്ലേജോഫീസിലും താലൂക്ക് ഓഫീസിലും പ്രസിദ്ധീകരിക്കും. കമ്മീഷന്റെ വെബ് സൈറ്റിലും അവ പരിശോധനയ്ക്ക് ലഭ്യമാണ്. തിരുവനന്തപുരം ജില്ലയിൽ അതിയന്നൂർ ഗ്രാമപഞ്ചായത്തിലെ കണ്ണറവിള, പൂവാർ ഗ്രാമപഞ്ചായത്തിലെ അരശുംമൂട്, നാവായിക്കുളം ഗ്രാമപഞ്ചായത്തിലെ മരുതിക്കുന്ന്, കല്ലറ ഗ്രാമപഞ്ചായത്തിലെ കൊടിതൂക്കിയകുന്ന്, കൊല്ലം ജില്ലയിൽ വെളിയം ഗ്രാമപഞ്ചായത്തിലെ കളപ്പില, വെളിനല്ലൂർ ഗ്രാമപഞ്ചായത്തിലെ മുളയറച്ചാൽ, ക്ലാപ്പന ഗ്രാമപഞ്ചായത്തിലെ ക്ലാപ്പന കിഴക്ക്, പെരിനാട് ഗ്രാമപഞ്ചായത്തിലെ നാന്തിരിക്കൽ, ആര്യങ്കാവ് ഗ്രാമപഞ്ചായത്തിലെ കഴുതുരുട്ടി, ശൂരനാട് വടക്ക് ഗ്രാമപഞ്ചായത്തിലെ സംഗമം, പത്തനംതിട്ട ജില്ലയിൽ കോന്നി ഗ്രാമപഞ്ചായത്തിലെ ചിറ്റൂർ, കൊറ്റനാട് ഗ്രാമപഞ്ചായത്തിലെ വൃന്ദാവനം, റാന്നി അങ്ങാടി ഗ്രാമപഞ്ചായത്തിലെ ഈട്ടിച്ചുവട്, ആലപ്പുഴ ജില്ലയിൽ ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്തിലെ മണയ്ക്കാട്, മണ്ണഞ്ചേരി ഗ്രാമപഞ്ചായത്തിലെ പെരുന്തുരുത്ത്, കോട്ടയം ജില്ലയിൽ ഏറ്റുമാനൂർ മുനിസിപ്പാലിറ്റിയിലെ അമ്പലം, ഇടുക്കി ജില്ലയിൽ ഉടുമ്പന്നൂർ ഗ്രാമപഞ്ചായത്തിലെ വെള്ളന്താനം, ഇടമലക്കുടി ഗ്രാമപഞ്ചായത്തിലെ ആണ്ടവൻകുടി, അയ്യപ്പൻകോവിൽ ഗ്രാമപഞ്ചായത്തിലെ ചേമ്പളം, എറണാകുളം ജില്ലയിൽ കൊച്ചി മുനിസിപ്പൽ കോർപ്പറേഷനിലെ എറണാകുളം സൗത്ത്, തൃപ്പുണിത്തറ മുനിസിപ്പാലിറ്റിയിലെ പിഷാരി കോവിൽ, ഇളമനത്തോപ്പ്, കുന്നത്ത്‌നാട് ഗ്രാമപഞ്ചായത്തിലെ വെമ്പിള്ളി, വാരപ്പെട്ടി ഗ്രാമപഞ്ചായത്തിലെ മൈലൂർ, നെടുമ്പാശ്ശേരി ഗ്രാമപഞ്ചായത്തിലെ അത്താണി ടൗൺ, തൃശ്ശൂർ ജില്ലയിൽ വടക്കഞ്ചേരി മുനിസിപ്പാലിറ്റിയിലെ ഒന്നാംകല്ല്, ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിലെ ആനന്ദപുരം, കുഴൂർ ഗ്രാമപഞ്ചായത്തിലെ കുഴൂർ, തൃക്കൂർ ഗ്രാമപഞ്ചായത്തിലെ ആലേങ്ങാട്, മുരിയാട് ഗ്രാമപഞ്ചായത്തിലെ തുറവൻകാട്, വെള്ളാങ്ങല്ലൂർ ഗ്രാമപഞ്ചായത്തിലെ വെളയനാട്, പാലക്കാട് ജില്ലയിൽ ചെർപ്പുളശ്ശേരി മുനിസിപ്പാലിറ്റിയിലെ കോട്ടകുന്ന്, പല്ലശ്ശന ഗ്രാമപഞ്ചായത്തിലെ കൂടല്ലൂർ, മലപ്പുറം ജില്ലയിൽ ആലംകോട് ഗ്രാമപഞ്ചായത്തിലെ ഉദിനുപറമ്പ്, വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തിലെ പരുത്തിക്കാട്, കണ്ണമംഗലം ഗ്രാമപഞ്ചായത്തിലെ വാളക്കുട, കോഴിക്കോട് ജില്ലയിൽ കൊടുവള്ളി മുനിസിപ്പാലിറ്റിയിലെ വാരിക്കുഴിത്താഴം, കണ്ണൂർ ജില്ലയിൽ കണ്ണൂർ മുനിസിപ്പൽ കോർപ്പറേഷനിലെ കക്കാട്, പയ്യന്നൂർ മുനിസിപ്പാലിറ്റിയിലെ മുതിയലം, മുഴുപ്പിലങ്ങാട് ഗ്രാമപഞ്ചായത്തിലെ തെക്കേക്കുന്നുമ്പ്രം, മാങ്ങാട്ടിടം ഗ്രാമപഞ്ചായത്തിലെ നീർവ്വേലി, കുറുമാത്തൂർ ഗ്രാമപഞ്ചായത്തിലെ പുല്ലാഞ്ഞിയോട് എന്നീ വാർഡുകളിലെ ഉപതിരഞ്ഞെടുപ്പിനാണ് വോട്ടർപട്ടിക പുതുക്കുന്നത്.