കേരളത്തില്‍ സാമ്പത്തിക വളര്‍ച്ച വര്‍ധിച്ചതായി റിപ്പോര്‍ട്ട്

post

വ്യവസായ മേഖലയില്‍ ശ്രദ്ധേയ വളര്‍ച്ച

തിരുവനന്തപുരം: കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ച ഈ സര്‍ക്കാരിന്റെ ഭരണകാലത്ത് ഗണ്യമായി മെച്ചപ്പെട്ടതായി 2019 ലെ സാമ്പത്തിക അവലോകന റിപ്പോര്‍ട്ട്. 2017-18 ല്‍ 7.3 ശതമാനമായിരുന്ന ജി.ഡി.പി വളര്‍ച്ച 2018-19 ല്‍ 7.5 ശതമാനമായി. 2016-17 മുതലുള്ള മൂന്നു വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.2 ശതമാനമാണ്. ദേശീയതലത്തിലാകട്ടെ സാമ്പത്തിക വളര്‍ച്ച ഇക്കാലയളവില്‍ 6.9 ശതമാനമാണ്.

കഴിഞ്ഞസര്‍ക്കാരിന്റെ ഭരണകാലത്തേക്കാള്‍ ജി.ഡി.പി വളര്‍ച്ചയേക്കാള്‍ മെച്ചപ്പെട്ട പ്രകടനമാണ് ഈ സര്‍ക്കാരിന്റെ ആദ്യ മൂന്നുവര്‍ഷം കൊണ്ട് ഉണ്ടായിട്ടുള്ളത്. 2011-12 മുതല്‍ 2014-16 ല്‍ കേരളത്തിന്റെ ജി.ഡി.പി വളര്‍ച്ച 4.9 ശതമാനമായിരുന്നു.

വ്യവസായ മേഖലയിലാണ് ഏറ്റവും ശ്രദ്ധേയമായ വളര്‍ച്ചയെന്ന് സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. വ്യവസായ വളര്‍ച്ച 2018-19 ല്‍ 13.2 ശതമാനമാണ്. 2014-15 ല്‍ ആഭ്യന്തര വരുമാനത്തില്‍ വ്യവസായ മേഖലയുടെ വിഹിതം 9.8 ശതമാനമായിരുന്നത് 2018-19ല്‍ 13.2 ശതമാനമായി ഉയര്‍ന്നു.  ദേശീയ ഫാക്ടറി ഉത്പാദനത്തില്‍ കേരളത്തിന്റെ വിഹിതം 1.2 ശതമാനമായി ഉയര്‍ന്നു. ഇതിന്റെ മുഖ്യകാരണം പൊതുമേഖലയിലെ കുതിപ്പാണ്. ചെറുകിട വ്യവസായ മേഖലയില്‍ 13,286 പുതിയ യൂണിറ്റുകളാണ് ആരംഭിച്ചത്. ഇവ ശക്തമായ വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്.

കേരളത്തിന്റെ ഐ.ടി മേഖലയിലും ശ്രദ്ധേയമായ വളര്‍ച്ചയുണ്ടായി. ഇന്റര്‍നെറ്റ് ലഭ്യതാനിരക്ക് 54 ശതമാനമാണ് ഇത് ദേശീയശരാശരിയേക്കാള്‍ ഉയര്‍ന്നതാണ്.

കാര്‍ഷിക മേഖലയുടെ വളര്‍ച്ച കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് 2.5 ശതമാനമായി താഴ്ന്നിരുന്നു. 2016-17 2018-19 കാലത്ത് 0.6 ശതമാനം വളര്‍ച്ച കാര്‍ഷികരംഗത്തുണ്ടായി. കാര്‍ഷിക മേഖലയുടെ തിരിച്ചടിക്ക് കാരണം തുടര്‍ച്ചയായ പ്രളയവും നാണ്യവിലത്തകര്‍ച്ചയുമാണ്.

തുടര്‍ച്ചയായി കുറഞ്ഞ് 2016-17ല്‍ 1.7 ലക്ഷം ഹെക്ടറില്‍ എത്തിയ നെല്‍കൃഷി 2018-19ല്‍ 2.03 ലക്ഷം ഹെക്ടറായി ഉയര്‍ന്നു. ഉത്പാദനം 4.4 ലക്ഷം ടണ്ണില്‍നിന്ന് 5.8 ലക്ഷം ടണ്ണായി ഉയര്‍ന്നു. 2015-16 ലെ 7.28 ല്‍ നിന്നും മത്സ്യോത്പാദനം 8.20 ടണ്ണായും വര്‍ധിച്ചു.

2018 ല്‍ മൊത്തം 1.67 കോടി വിനോദസഞ്ചാരികള്‍ സംസ്ഥാനം സന്ദര്‍ശിച്ചു. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 5.93 ശതമാനം വര്‍ധനവാണിത്. ഇക്കണോമിക്‌സ് ആന്റ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പിന്റെ സംസ്ഥാന മൊത്തം മൂല്യവര്‍ധനവിന്റെ ത്വരിതഗതിയിലുള്ള കണക്കനുസരിച്ച്, കേരളത്തിലെ ഉത്പന്ന നിര്‍മാണമേഖല സ്ഥിരവിലയില്‍ (2011-12) മുന്‍വര്‍ഷത്തെ 3.7 ശതമാനം വളര്‍ച്ചയെ അപേക്ഷിച്ച് 2018-19 ല്‍ 11.2 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. കണക്കനുസരിച്ച് 2018-19ല്‍ കേരളത്തിലെ പ്രതിശീര്‍ഷ വരുമാനം 1,48,078 രൂപയായിരുന്നു. അതേസമയം ദേശീയശരാശരി 93,655 രൂപയായിരുന്നുവെന്നും 2019 ലെ സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.