സംസ്ഥാനത്ത് 53 സർക്കാർ സ്‌കൂൾ കെട്ടിടങ്ങളുടെ ഉദ്ഘാടനം 10ന്

post

*മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ തുടർച്ചയായി നിലവിൽ വന്ന വിദ്യാകിരണം മിഷന്റെ ഭാഗമായി നിർമിച്ച 53 സ്‌കൂൾ കെട്ടിടങ്ങളുടെ ഉദ്ഘാടനം 10ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം അരുവിക്കര പൂവച്ചൽ ജി. വി. എച്ച്. എസ്. എസിൽ നടക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു. മറ്റു സ്ഥലങ്ങളിൽ വീഡിയോ കോൺഫറൻസ് വഴിയാണ് ഉദ്ഘാടനം നടക്കുക.
90 കോടി രൂപ ചെലവഴിച്ചാണ് കെട്ടിടങ്ങൾ നിർമിച്ചത്. കിഫ്ബിയിൽ ഉൾപ്പെടുത്തി ഒരു കെട്ടിടത്തിന് അഞ്ചു കോടി വീതം ചെലവഴിച്ച് നാലു സ്‌കൂൾ കെട്ടിടങ്ങൾ നിർമിച്ചു. ഒരു കെട്ടിടത്തിന് മൂന്നു കോടി രൂപ എന്ന വീതം ചെലവഴിച്ച് 10 കെട്ടിടങ്ങളും ഒരു കെട്ടിടത്തിന് ഒരു കോടി രൂപ വീതം ചെലവഴിച്ച് രണ്ട് കെട്ടിടങ്ങളും നിർമിച്ചിട്ടുണ്ട്.

എം. എൽ. എ ഫണ്ട്, പ്‌ളാൻ ഫണ്ട്, നബാർഡ് ഫണ്ടുകൾ വിനിയോഗിച്ച് 37 സ്‌കൂൾ കെട്ടിടങ്ങൾ 40 കോടി രൂപ ചെലവിൽ നിർമിച്ചു. പൊതുവിദ്യാഭ്യാസ മന്ത്രി ഉദ്ഘാടന ചടങ്ങിൽ അദ്ധ്യക്ഷത വഹിക്കും. കെട്ടിടത്തിന്റെ താക്കോൽ മുഖ്യമന്ത്രി അരുവിക്കര എം. എൽ. എ അഡ്വ. ജി. സ്റ്റീഫന് കൈമാറും.
മന്ത്രിമാരായ അഡ്വ. കെ. രാജൻ, റോഷി അഗസ്റ്റിൻ, കെ. കൃഷ്ണൻകുട്ടി, എ. കെ. ശശീന്ദ്രൻ, അഹമ്മദ് ദേവർകോവിൽ, അഡ്വ. കെ. ആന്റണിരാജു, കെ. എൻ. ബാലഗോപാൽ, ജി. ആർ. അനിൽ, കെ. രാധാകൃഷ്ണൻ, വീണാജോർജ്, ജെ. ചിഞ്ചുറാണി, അടൂർ പ്രകാശ് എം. പി. ചീഫ് സെക്രട്ടറി ഡോ. വി. പി. ജോയ് തുടങ്ങിയവർ സംബന്ധിക്കും.