കൊണ്ടോട്ടി എടവണ്ണപ്പാറ റോഡില്‍ ജനപങ്കാളിത്തത്തോടെ അതിരുകള്‍ നിര്‍ണയിക്കുന്നതില്‍ പുരോഗതി

മലപ്പുറം: കൊണ്ടോട്ടി -എടവണ്ണപ്പാറ -അരീക്കോട് റോഡില്‍ ടി.വി. ഇബ്രാഹിം എം.എല്‍.എയുടെ നേതൃത്വത്തില്‍ സര്‍വകക്ഷികളുടെ സഹകരണത്തോടെ ഉദ്യോഗസ്ഥര്‍ സ്ഥലം അളന്ന് അതിരുകള്‍ നിര്‍ണയിച്ചു. മുതുവല്ലൂര്‍ പഞ്ചായത്തിലെ നീറാട് മുതല്‍ അതിര്‍ത്തി പ്രദേശമായ പരതക്കാട് വരെയാണ് ഇന്നലെ (ഞായര്‍) അതിര്‍ത്തി നിര്‍ണയിച്ച് മാര്‍ക്ക് ചെയ്തത്. കിഫ്ബി മാനദണ്ഡപ്രകാരമുള്ള 13.60 മീറ്റര്‍ വീതിയില്ലാത്ത സ്ഥലമാണ് അതിര്‍ത്തി നിര്‍ണയിച്ച് മാര്‍ക്ക് ചെയ്തത്. കൊണ്ടോട്ടി-എടവണ്ണപ്പാറ -അരീക്കോട് റോഡില്‍ 19 കിലോ മീറ്ററില്‍ മൂന്ന് പാലങ്ങളുടെ നവീകരണമടക്കം 122 കോടി രൂപക്കുള്ള പ്രവൃത്തിക്കാണ് കിഫ്ബിയില്‍ നിന്നും അനുമതി ലഭിച്ചിട്ടുള്ളത്. ഒന്നാം ഘട്ടത്തില്‍ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കി 80 കോടി രൂപയുടെ പ്രവൃത്തികള്‍ ആരംഭിച്ചു.
നേരത്തെ കൊണ്ടോട്ടിയില്‍ നിന്നും ആരംഭിച്ച് നീറാട് വരെയുള്ള കൊണ്ടോട്ടി നഗരസഭ അതിര്‍ത്തിവരെയുള്ള ഭാഗത്തെ പ്രവൃത്തികള്‍ക്കായി ഉദ്യോഗസ്ഥരോടൊപ്പം നഗരസഭയിലെ ജനപ്രതിനിധികളും സ്ഥലത്തെ വിവിധ കക്ഷി നേതാക്കളും ചേര്‍ന്ന് അതിര്‍ത്തി നിശ്ചയിക്കുകയും ഡ്രൈനേജ് ഉള്‍പ്പെടെയുള്ള പ്രവൃത്തികള്‍ ആരംഭിക്കുകയും ചെയ്തിരുന്നു.
മുതുവല്ലൂര്‍ പഞ്ചായത്ത് പ്രദേശങ്ങള്‍ അതിര്‍ത്തി നിര്‍ണയിക്കുന്നതിന് പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ബാബുരാജ്, സ്ഥിരം സമിതി ചെയര്‍മാന്‍മാരായ ഷിബു മോന്‍, സി.കെ. ശിഹാബ്, ബ്ലോക്ക് അംഗം ശ്രീജ പാപ്പാടന്‍, വാര്‍ഡ് അംഗങ്ങളായ മുജീബ്, സി.സുശീല, സര്‍വകക്ഷി പ്രതിനിധികളായ എ.പി.കുഞ്ഞാന്‍, എം.പി.മുഹമ്മദ്, സുബ്രമണ്യന്‍, നെല്ലിക്ക കുഞ്ഞു, ഉമ്മര്‍ കുഞ്ഞാപ്പി, സി. നാരായണന്‍, അസ്ലം സഹീര്‍ ഖാന്‍, കുഞ്ഞാന്‍ പാപ്പത്ത്, റഹിമാന്‍ മുതുവല്ലൂര്‍, ടി. മുഹമ്മദലി മാസ്റ്റര്‍, കുട്ടി ഹസ്സന്‍ ഹാജി, മരക്കാരുട്ടി, ഷാഹുല്‍ ഹമീദ് എന്നിവര്‍ നേതൃത്വം നല്‍കി.