കോവിഡ് ബാധിത കുടുംബങ്ങൾക്ക് കരുതലേകണം: മന്ത്രി വി.എൻ. വാസവൻ

post

കോട്ടയം: കുടുംബം ഒന്നാകെ കോവിഡ് ബാധിതരായാൽ അവർക്ക് ആവശ്യമായ സഹായങ്ങൾ ലഭ്യമാക്കാൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും വാർഡുതല ജാഗ്രതാ സമിതിയും നടപടി സ്വീകരിക്കണമെന്ന് സഹകരണ-രജിസ്‌ട്രേഷൻ വകുപ്പു മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. ജില്ലയിലെ കോവിഡ് സാഹചര്യം വിലയിരുത്താൻ വിളിച്ചുചേർത്ത അവലോകന യോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു മന്ത്രി.

കുടുംബാംഗങ്ങളെല്ലാം കോവിഡ് ബാധിതരായാൽ ഭക്ഷ്യ വസ്തുക്കളടക്കം ലഭ്യമാകുന്നതിന് തടസം നേരിടാം. ദൈനംദിന തൊഴിലിൽ ഏർപ്പെട്ടു ജീവിക്കുന്ന കുടുംബങ്ങളാണെങ്കിൽ പ്രതിസന്ധി നേരിട്ടേക്കാം. ഇവർക്ക് ആവശ്യമായ സഹായങ്ങൾ ലഭ്യമാക്കാനും കോവിഡ് ബാധിതരുമായി ഫോണിലൂടെ ബന്ധപ്പെട്ട് വിവരങ്ങൾ തിരക്കാനും വാർഡ്തല ജാഗ്രതാ സമിതികളും ദ്രുതകർമ സംഘങ്ങളും ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു.


ജില്ലയിൽ 1012 പേരാണ് കോവിഡ് ബാധിച്ച് ആശുപതികളിൽ ചികിത്സയിലുള്ളത്. മെഡിക്കൽ കോളജ് ആശുപത്രിയടക്കം വിവിധ ചികിത്സാ കേന്ദ്രങ്ങളിലായി കോവിഡ് ചികിത്സയ്ക്കായി മാത്രം മാറ്റിവച്ച 2316 കിടക്കകളിൽ 43.69 ശതമാനം മാത്രമാണ് ഉപയോഗിച്ചിട്ടുള്ളത്. 1304 കിടക്കകൾ ഒഴിവുണ്ട്. 975 ഓക്‌സിജൻ കിടക്കകളിൽ 222 എണ്ണവും (22.76 ശതമാനം), 122 ഐ.സി.യു. കിടക്കകളിൽ 100 എണ്ണവും(82 ശതമാനം), 32 വെന്റിലേറ്ററുകളിൽ 12 എണ്ണവുമാണ് (37.50 ശതമാനം) ഉപയോഗിച്ചിട്ടുള്ളത്.

ജില്ലയിൽ മൊത്തം ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട 3662 പേരിൽ 1012 പേർ മാത്രമാണ് കോവിഡ് രോഗികൾ. ആശുപത്രിയിൽ ചികിത്സയിലുള്ളവരിൽ 27.63 ശതമാനം മാത്രമാണ് കോവിഡ് രോഗികൾ. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടവരിൽ 30 ശതമാനത്തിനു താഴെയാണ് കോവിഡ് രോഗികൾ എന്നതിനാലാണ് 'സി' കാറ്റഗറിയിൽനിന്ന് ജില്ല 'ബി' യിലേക്ക് മാറിയത്. ബി കാറ്റഗറിയിലേക്ക് മാറിയിട്ടുണ്ടെങ്കിലും ജാഗ്രത തുടരണം.

കോവിഡ് പ്രതിരോധ വാക്‌സിനേഷൻ ഊർജ്ജിതമാക്കാൻ യോഗം തീരുമാനിച്ചു. ആൾക്കൂട്ടങ്ങൾ കുറയ്ക്കുന്നതിന്റെ ഭാഗമായി ഇന്ന് (ശനിയാഴ്ച) ഉച്ചകഴിഞ്ഞ് 2.30ന് സർവകക്ഷി യോഗം ഓൺലൈനായി ചേരും. ആശുപത്രിയിൽ പോകാതെ തന്നെ ഒ.പി. സേവനം ലഭ്യമാകുന്ന ഇ-സഞ്ജീവനി ഓൺലൈൻ മെഡിക്കൽ സേവനം തേടുന്നവരുടെ എണ്ണം ജില്ലയിൽ വർധിച്ചതായി യോഗം വിലയിരുത്തി.


ജില്ലയിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ ആശ്രിതർക്ക് സർക്കാർ പ്രഖ്യാപിച്ച ധനസഹായമായി 12.90 കോടി രൂപ കൈമാറിയതായി ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ പറഞ്ഞു. 2581 അപേക്ഷകർക്കാണ് ധനസഹായം കൈമാറിയത്. ജില്ലയിൽ ലഭിച്ച 2714 അപേക്ഷകളിൽ 2581 എണ്ണത്തിന് അംഗീകാരം നൽകി. 50,000 രൂപ വീതമാണ് സഹായം നൽകുന്നത്.

ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ, ജില്ലാ പൊലീസ് മേധാവി ഡി. ശിൽപ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ. പ്രിയ, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം ഓഫീസർ ഡോ. അജയ് മോഹൻ, ആർ.സി.എച്ച്. ഓഫീസർ ഡോ. സി.ജെ. സിതാര, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എ. അരുൺ കുമാർ, പി.എ.യു. പ്രോജക്റ്റ് ഡയറക്ടർ പി.എസ്. ഷിനോ, സ്പെഷൽ ബ്രാഞ്ച് ഡിവൈ.എസ്.പി. എസ്. വിദ്യാധരൻ, ജില്ലാ മാസ് മീഡിയ ഓഫീസർ ഡോമി ജോൺ എന്നിവർ യോഗത്തിൽ പങ്കെടുത്തു.