റേഷന്‍ സംഭരണ കേന്ദ്രം സന്ദര്‍ശിച്ച് ഭക്ഷ്യ മന്ത്രി

post

കാസര്‍കോട്: ജില്ലയിലെത്തിയ ഭക്ഷ്യ പൊതു വിതരണ വകുപ്പ് മന്ത്രി അഡ്വ. ജി.ആര്‍.അനില്‍ റേഷന്‍ ഭക്ഷ്യധാന്യങ്ങളുടെ സംഭരണ കേന്ദ്രത്തിലും റേഷന്‍ കടയിലും സപ്ലൈക്കോ ബസാറിലും സന്ദര്‍ശനം നടത്തി. കളക്ടറേറ്റിലെ അദാലത്തിന് ശേഷമായിരുന്നു മന്ത്രിയുടെ സന്ദര്‍ശനം. കാസര്‍കോട് പുതിയ ബസ് സ്റ്റാന്റിലെ സപ്ലൈകോ ബസാറിലെത്തിയ മന്ത്രി ജീവനക്കാരോടും സാധനങ്ങള്‍ വാങ്ങാനെത്തിയവരോടും സംസാരിച്ചു. എല്ലാ സാധനങ്ങളും കരുതല്‍ ഉണ്ടെന്ന് ഉറപ്പു വരുത്തിയാണ് മന്ത്രി മടങ്ങിയത്. വിദ്യാനഗറിലെ എന്‍.എഫ്.എസ്.എ ഗോഡൗണില്‍ എത്തിയ മന്ത്രി ഗോഡൗണ്‍ മുഴുവന്‍ നടന്നു കണ്ടു. ഇവിടത്തെ കയറ്റിറക്ക് തൊഴിലാളികളില്‍ നിന്നും റേഷന്‍ സാധനങ്ങള്‍ എത്തുന്നതും ശുചീകരണമുള്‍പ്പെടെയുള്ള വിവരങ്ങള്‍ ആരാഞ്ഞു. തുടര്‍ന്ന് സമീപം പ്രവര്‍ത്തിക്കുന്ന റേഷന്‍ കടയിലും മന്ത്രി എത്തി. കടയിലെ ഭക്ഷ്യധാന്യങ്ങള്‍ പരിശോധിച്ച ശേഷം ഭക്ഷ്യധാന്യങ്ങള്‍ കൃത്യമായി ലഭിക്കുന്നുണ്ടെന്നും ഉറപ്പ് വരുത്തിയാണ് മടങ്ങിയത്. സിവില്‍ സപ്ലൈസ് ഡയരക്ടര്‍ ഡോ.ഡി.സജിത് ബാബു, റേഷനിങ് ഡെപ്യുട്ടി കണ്‍ട്രോളര്‍ മനോജ്കുമാര്‍ കെ, ജില്ലാ സപ്ലൈ ഓഫീസര്‍ അനില്‍ കുമാര്‍ കെ.പി, സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥര്‍, സപ്ലൈകോ ജീവനക്കാര്‍ തുടങ്ങിയവരും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.