ശംഖുമുഖം റോഡ് മാര്‍ച്ചില്‍ ഗതാഗതയോഗ്യമാക്കും: മന്ത്രി പി. എ മുഹമ്മദ് റിയാസ്

post

തിരുവനന്തപുരം: കടലാക്രമണത്തില്‍ തകര്‍ന്ന ശംഖുമുഖം - എയര്‍പോര്‍ട്ട് റോഡ് മാര്‍ച്ചില്‍ ഗതാഗതയോഗ്യമാക്കുമെന്ന്  പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഗതാഗതമന്ത്രി ആന്റണി രാജുവിനോടൊപ്പം സ്ഥലം സന്ദര്‍ശിച്ച് വിലയിരുത്തിയ ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.

കടലാക്രമണത്തില്‍ നിന്ന് റോഡിനെ സംരക്ഷിക്കാന്‍ നിര്‍മ്മിക്കുന്ന കോണ്‍ക്രീറ്റ് പാനലുകള്‍ അടങ്ങിയ ഡയഫ്രം വാള്‍ നിര്‍മ്മാണത്തിന് മുന്നോടിയായി നടക്കുന്ന ഗൈഡ് വാള്‍ നിര്‍മ്മാണം 131 മീറ്റര്‍ തീര്‍ന്നെന്നും  ഫെബ്രുവരി അവസാനത്തോടെ 360 മീറ്റര്‍ നീളമുള്ള ഡയഫ്രം വാള്‍ നിര്‍മ്മാണം പൂര്‍ത്തിയായ ശേഷം ഉടന്‍ റോഡ് നിര്‍മാണവും തീര്‍ക്കുമെന്ന് മന്ത്രി അറിയിച്ചു.

പദ്ധതിക്കായി 12.16 കോടി രൂപയുടെ റിവേഴ്സ് എസ്റ്റിമേറ്റ് സമര്‍പ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രകൃതിക്ഷോഭം മൂലമാണ് നിര്‍മ്മാണപ്രവൃത്തികള്‍ നീണ്ടു പോയതെന്നും നിലവില്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ധ്രുതഗതിയില്‍ നടക്കുന്നുണ്ടെന്നും മന്ത്രി വിലയിരുത്തി.

നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കവെ മെയ് മാസത്തില്‍ ടൗട്ടെ ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കടലാക്രമണത്തില്‍ നിര്‍മ്മാണത്തിലിരുന്ന സ്ഥലങ്ങളില്‍ വലിയ കേടുപാടുകള്‍ സംഭവിക്കുകയും മണ്ണൊലിച്ച് പോവുകയും ചെയ്തിരുന്നു. ഇത് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നീണ്ടു പോകുവാന്‍ കാരണമായിട്ടുണ്ട്.            നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്ന കരാറുകാര്‍ക്ക് മുന്‍പുള്ള പോലെ  ഇന്‍സെന്റീവ് നല്‍കാന്‍ ആലോചനയുണ്ടെന്നും  നിര്‍മാണം വൈകിപ്പിക്കുന്ന കരാറുകാര്‍ക്ക് പിഴ ചുമത്തുമെന്നും അദ്ദേഹം അറിയിച്ചു. പൊതുമരാമത്ത് വകുപ്പ് ജോയിന്റ് സെക്രട്ടറി സാംബശിവറാവുവും പൊതുമരാമത്ത് ഉദ്യോഗസ്ഥരും കരാര്‍ കമ്പനി പ്രതിനിധികളും സന്നിഹിതരായിരുന്നു.