ഹരിത പാതയില്‍ അഞ്ച് അഭിമാന വര്‍ഷങ്ങള്‍; ഹരിത കേരളം മിഷന്‍ വാര്‍ഷികാഘോഷം

post

കാസര്‍കോട്: ഹരിത കേരളം മിഷന്റെ അഞ്ചാം വാര്‍ഷികാഘോഷം എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ അധ്യക്ഷയായി. ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് മുഖ്യ പ്രഭാഷണം നടത്തി. എം.രാജഗോപാലന്‍ എം.എല്‍.എ മുഖ്യാതിഥിയായി. ഹരിതകേരള മിഷന്‍ തയ്യാറാക്കിയ 'പടവുകള്‍ അടയാളങ്ങള്‍' എന്ന പ്രവര്‍ത്തന രേഖ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ കയ്യൂര്‍ ചീമേനി പഞ്ചായത്ത് പ്രസിഡന്റ് കെ.പി വത്സലന് നല്‍കി പ്രകാശനം ചെയ്തു. നീലേശ്വരം നഗരസഭ അധ്യക്ഷ ടി.വി ശാന്ത, ഡെപ്യൂട്ടി ജില്ലാ പ്ലാനിങ് ഓഫീസര്‍ നിനോജ്, ഹൊസ്ദുര്‍ഗ് ജില്ലാ ജയില്‍ സൂപ്രണ്ട് കെ. വേണു, കാസര്‍കോട് നഗരസഭ സ്ഥിരംസമിതി അധ്യക്ഷന്‍ ഖാലീദ് പച്ചക്കാട് തുടങ്ങിയവര്‍ സംസാരിച്ചു. ഹരിതകേരള മിഷന്‍ ജില്ലാ കോ-ഓഡിനേറ്റര്‍ എം.പി സുബ്രഹ്‌മണ്യന്‍ സ്വാഗതം പറഞ്ഞു.

ചടങ്ങില്‍ അഞ്ച് വര്‍ഷക്കാലയളവില്‍ ഹരിതകേരള മിഷന്റെ വിവിധ പദ്ധതികള്‍ മികച്ച രീതിയില്‍ നടത്തി സംസ്ഥാന തലത്തില്‍ ശ്രദ്ധനേടുകയും ചെയ്ത തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും ഹരിതകേരള മിഷന്റെ ജില്ലാതല പരിപാടികള്‍ക്ക് നേതൃത്വം നല്‍കിയവര്‍ക്കും എം.രാജഗോപാലന്‍ എം.എല്‍.എ, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ ഉപഹാരങ്ങള്‍ നല്‍കി ആദരിച്ചു.