ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള കന്നുകാലികള്‍ക്ക് ചെക്പോസ്റ്റുകളില്‍ ക്വാറന്റയിന്‍ ഏര്‍പ്പെടുത്തും

post

കോട്ടയം: മറ്റ് സംസ്ഥാനങ്ങളില്‍   നിന്ന് എത്തിക്കുന്ന   കന്നുകാലികള്‍ക്ക് ചെക്പോസ്റ്റുകളില്‍  ക്വാറന്റയിന്‍  ഏര്‍പ്പെടുത്തുമെന്ന് ക്ഷീര വികസന- മൃഗ സംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. വാഴൂര്‍ ബ്ലോക്ക് ക്ഷീരകര്‍ഷകസംഗമവും  തരിശ് നിലതീറ്റപ്പുല്‍ കൃഷി വിളവെടുപ്പും ഉദ്ഘാടനം ചെയ്ത്  സംസാരിക്കുകയായിരുന്നു അവര്‍. ഏറെ വില കൊടുത്ത് വാങ്ങി  കേരളത്തിലെത്തിക്കുന്ന  മുന്തിയ ഇനം കന്നുകാലികളില്‍  പലതും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ചത്തു പോകുന്ന സാഹചര്യത്തിലാണ് ക്വാറന്റയിനും  നിരീക്ഷണ  സംവിധാനങ്ങളും  ഏര്‍പ്പെടുത്തുന്നത്. ക്ഷീരകര്‍ഷകര്‍ക്ക് അടിയന്തര സഹായത്തിനായി  ടെലി വെറ്റിനറി യൂണിറ്റുകള്‍ ലഭ്യമാക്കും.  കന്നുകാലികള്‍ക്ക് വാക്സിനുകള്‍ ലഭ്യമാക്കാനുള്ള 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ശീതികരണ സംവിധാനങ്ങളുള്ള  ആംബുലന്‍സുകള്‍ ബ്ലോക്ക് തലത്തില്‍ അനുവദിക്കും.  അവശ്യ സന്ദര്‍ഭങ്ങളില്‍ ഡോക്ടറുടെ സേവനം ലഭ്യമായില്ലെങ്കില്‍ കര്‍ഷകര്‍ക്ക്  ബന്ധപ്പെടുന്നതിനുള്ള കോള്‍ സെന്റര്‍  തിരുവനന്തപുരത്ത് സജ്ജമാക്കും.   കുളമ്പുരോഗത്തിനെതിരെയുള്ള രണ്ടാം ഘട്ട വാക്സിനേഷന്‍ ആറു മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു. തീറ്റപുല്‍ കൃഷിയില്‍ സ്വയം പര്യാപ്തത നേടുന്നതിനുള്ള എല്ലാ പദ്ധതികള്‍ക്കും സര്‍ക്കാര്‍ സഹായം ലഭ്യമാക്കും. ഒരേക്കര്‍ കൃഷിക്ക് 16,000 രൂപ നിരക്കില്‍ സബ്സിഡി നല്‍കും.വിവിധ വകുപ്പുകള്‍ക്ക് കീഴിലുള്ള  ഒഴിഞ്ഞ് കിടക്കുന്ന സ്ഥലങ്ങളില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി  തീറ്റപുല്‍കൃഷി ആരംഭിക്കും. കേന്ദ്ര സര്‍ക്കാരിന്റെ കിസാന്‍ റെയില്‍, ഗോകുല്‍ മിഷന്‍ റെയില്‍ പദ്ധതികള്‍  മുഖേന അന്യസംസ്ഥാനങ്ങളില്‍ നിന്ന് വൈക്കോല്‍ എത്തിക്കുന്നതിന് ശ്രമം നടത്തുമെന്നും മന്ത്രി പറഞ്ഞു.

ക്ഷീരവികസന വകുപ്പ് ,വാഴൂര്‍ ബ്ലോക്ക് പഞ്ചായത്ത്  ഗ്രാമപഞ്ചായത്തുകള്‍ ക്ഷീരസംഘങ്ങള്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ കൊടുങ്ങൂര്‍ തീറ്റപ്പുല്‍കൃഷി തോട്ടത്തില്‍ നടത്തിയ ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുകേഷ് കെ. മണി അധ്യക്ഷത വഹിച്ചു. പശു നഷ്ടപ്പെട്ട  കറ്റു കട്ടിയില്‍ രവിയ്ക്ക് അനുവദിച്ച കറവ പശുവിനെയും കിടാരിയേയും  മന്ത്രി കൈമാറി. ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ റാഫി പോള്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഏറ്റവും കൂടുതല്‍ പാല്‍ അളക്കുന്ന നെടുംകുന്നം സ്വദേശി വി.രാജേഷ് കുമാറിനെ ചടങ്ങില്‍ ആദരിച്ചു.

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ വി.പി. റെജി, സി.ആര്‍. ശ്രീകുമാര്‍, ശ്രീജിഷ കിരണ്‍, കെ.എസ്. റംല ബീഗം, ടി.എസ്. ശ്രീജിത്ത്, ഗ്രാമപഞ്ചായത്തംഗങ്ങള്‍, ക്ഷീര വികസന ഓഫീസര്‍മാരായ രാജി എസ്. മണി, ടി.എസ്. ഷിഹാബുദീന്‍, ഡയറി ഫാം ഇന്‍സ്ട്രക്ടര്‍മാരായ ടോണി വര്‍ഗീസ്, ആര്‍.എസ്. ദിവ്യമോള്‍, കൊടുങ്ങൂര്‍ ക്ഷീരസംഘം പ്രസിഡന്റ്  കൃഷ്ണന്‍കുട്ടി ചെട്ടിയാര്‍, സെക്രട്ടറി മനോജ്, സഹകാരികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു. കന്നുകാലി പ്രദര്‍ശന മത്സരം, ഗവ്യജാലകം ക്വിസ്, , ക്ഷീരവികസന സെമിനാര്‍, ക്ഷീരകര്‍ഷകരെ ആദരിക്കല്‍, കാര്‍ഷിക വിളകളുടെ പ്രദര്‍ശനം തുടങ്ങിയ പരിപാടികളും ക്ഷീരസംഗമത്തോടനുബന്ധിച്ച് സംഘടിപ്പിച്ചു.