കുട്ടികളിലെ യുക്തിബോധത്തെ വളര്‍ത്താന്‍ ശാസ്ത്ര പഠനങ്ങള്‍ക്കാകണം: മന്ത്രി സി രവീന്ദ്രനാഥ്

post

തൃശൂര്‍ : കുട്ടികളിലെ യുക്തിബോധത്തെ വളര്‍ത്താന്‍ ശാസ്ത്ര പഠനങ്ങള്‍ക്കാകണമെന്നു പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ്. പാഠ പുസ്തകം, പഠനം പരീക്ഷ എന്നതിനുമപ്പുറമുള്ള അറിവിന്റെ ലോകത്തേക്ക് സഞ്ചരിക്കാന്‍ നമ്മുടെ കുട്ടികള്‍ക്ക് കഴിയണമെന്നും മന്ത്രി പറഞ്ഞു. സമഗ്രശിക്ഷ കേരള സംസ്ഥാന തല ഭൗമ ശാസ്ത്ര ലാബിന്റെ ഉദ്ഘാടനം മുപ്ലിയം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ശാസ്ത്രത്തിലെ ഓരോ വിഷയത്തിനും ഓരോ യുക്തിയുണ്ട്. ശാസ്ത്ര പഠനത്തിലൂടെ അത്തരം ചിന്തകള്‍ കുട്ടികളിലേക്കെത്തുന്നു. എന്ത്‌കൊണ്ട് അങ്ങനെ സംഭവിക്കുന്നു? എന്ന ചിന്തയില്‍ നിന്ന് അറിവിന്റെ പുതിയ തലങ്ങളിലേക്ക് കുട്ടികള്‍ എത്തിച്ചേരുകയാണ് യഥാര്‍ത്ഥത്തില്‍ സംഭവിക്കുന്നത്.ഏതു കാര്യവും വിവരിക്കാന്‍ എളുപ്പമാണ്. അതിനു പിന്നിലെ യുക്തിയാണ് കുട്ടികള്‍ മനസിലാക്കേണ്ടത്. ഭൗമ ശാസ്ത്ര ലാബ് ഇനി ഓരോ സ്‌കൂളുകളിലും വരുന്നതോടെ കാര്യഗൗരവത്തോടെ ചുറ്റിലും നടക്കുന്ന കാര്യങ്ങളെക്കുറിച്ചു മനസിലാക്കന്‍ സാധിക്കുന്ന ഒരു തലമുറയെ വളര്‍ത്തിയെടുക്കാന്‍ കഴിയും. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സമഗ്ര ശിക്ഷ കേരളയിലൂടെ വ്യത്യസ്തമായ പഠന പദ്ധതികള്‍ നടപ്പിലാക്കി വരുന്നു. ശാസ്ത്രം, ഭാഷ, ചരിത്രം എന്നിവയെ സംബന്ധിച്ച് വ്യത്യസ്തവും പഠനത്തിന് സഹായകരവുമായ പദ്ധതിയുമായാണ് സമഗ്ര ശിക്ഷ കേരള മുന്നോട്ട് പോകുന്നത്. കേരളത്തിന്റെ വിദ്യാഭ്യാസ രംഗത്ത് വലിയമാറ്റത്തിന് ഇത് വഴിതെളിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്ഥിരം സമിതി അംഗം കെ ജെ ഡിക്‌സണ്‍ അധ്യക്ഷനായി. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കലാ പ്രിയ സുരേഷ്, വരന്തരപ്പിള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജയശ്രീ കൊച്ചു ഗോവിന്ദന്‍ എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തി. എസ് എസ് കെ സ്റ്റേറ്റ് പ്രൊജക്റ്റ് ഡയറക്ടര്‍ ഡോ എ പി കുട്ടികൃഷ്ണന്‍, തൃശൂര്‍ വിദ്യാഭ്യാസ ഉപഡയറക്ടര്‍ എന്‍ ഗീത, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ എം ആര്‍ ജയശ്രീ, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കെ സൗദാമിനി, കൊടകര ബി പി ഒ, ബി ആര്‍ സി കെ നന്ദകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.