കാറഡുക്ക കാട്ടാന പ്രതിരോധ പദ്ധതി: ഫീല്‍ഡ് സര്‍വ്വേ നവംബര്‍ 11 ന് ആരംഭിക്കും

post

കാസര്‍കോട്: സംസ്ഥാനത്ത് മാതൃകാ പദ്ധതിയായി അവതരിപ്പിക്കുന്ന കാറഡുക്ക കാട്ടാനപ്രതിരോധ പദ്ധതിയുടെ ഫീല്‍ഡ് സര്‍വ്വേ നടപടികള്‍ നവംബര്‍ 11ന്  ആരംഭിക്കും. പദ്ധതിയുടെ ഭാഗമായി തലപ്പച്ചേരി മുതല്‍ പുലിപറമ്പ് വരെ 29 കിലോമീറ്റര്‍ തൂക്ക് വേലിയാണ് സ്ഥാപിക്കുക. അഞ്ച് കോടി രൂപയാണ് പദ്ധതി നിര്‍മ്മാണത്തിനും പരിപാലനത്തിനുമായി ചെലവ് പ്രതീക്ഷിക്കുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിരോധ മതിലുകള്‍ നിര്‍മ്മിച്ച് വൈദഗ്ധ്യമുള്ള കേരളാ പൊലീസ് ഹൗസിങ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷനാണ് നിര്‍മാണ ചുമതല.

കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് നേതൃത്വം നല്‍കുന്ന പദ്ധതിയില്‍ ജില്ലാ പഞ്ചായത്തും കാറഡുക്ക, ദേലംപാടി, ബേഡഡുക്ക, കുറ്റിക്കോല്‍, മുളിയാര്‍ ഗ്രാമപഞ്ചായത്തുകളും പങ്കാളികളാകും. എം.പി., എം.എല്‍.എമാരുടെ പ്രാദേശിക വികസന ഫണ്ടും സര്‍ക്കാര്‍ ധനസഹായവും ലഭ്യമാക്കാനും ശ്രമം നടത്തുമെന്ന്  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിജി മാത്യു പറഞ്ഞു. പദ്ധതി നടത്തിപ്പും, പരിപാലനവും സംബന്ധിച്ച് വിശദമായ പ്രൊജക്ട് റിപ്പോര്‍ട്ട് തയ്യാറായി.