ആദ്യ ദിനം തിരികെ തിരുമുറ്റത്തെത്തിയത് 69050 വിദ്യാര്‍ത്ഥികള്‍

post

കാസര്‍കോട്: കോവിഡ് മാഹാമാരിയെ തുടര്‍ന്ന് ജീവനറ്റ വിദ്യാലയങ്ങള്‍ വീണ്ടും ഉണര്‍വ്വില്‍. പത്തൊന്‍പത് മാസക്കാലത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം അത്യാഹ്ലാദത്തോടെ വിദ്യാര്‍ത്ഥികളെത്തി. ആദ്യദിനത്തില്‍ ജില്ലയില്‍ 69050 വിദ്യാര്‍ത്ഥികളും 7781 അധ്യാപകരും സ്‌കൂളുകളിലെത്തി. ഓരോ ക്ലാസിലും പകുതി വിദ്യാര്‍ഥികളാണ് സ്‌കൂളുകളില്‍ ഹാജരായത്. ഒന്നാംതരത്തിലെയും രണ്ടാം ക്ലാസിലേയും വിദ്യാര്‍ത്ഥികള്‍ ആദ്യമായാണ് സ്‌കൂള്‍ മുറ്റത്തെത്തുന്നത്.

പരാതികളില്ല; കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് സ്‌കൂളുകള്‍ സജീവമായി

പരാതികളേതുമില്ലാതെ കോവിഡ് മാനദണ്ഡങ്ങളും സര്‍ക്കാറിന്റെ മാര്‍ഗ്ഗ രേഖകളും കൃത്യമായി പാലിച്ചാണ് ജില്ലയില്‍ സ്‌കൂളുകള്‍ തുറന്നതെന്ന് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ.വി പുഷ്പ പറഞ്ഞു. നീലേശ്വരം മുതല്‍ അംഗടിമുഗര്‍ വരെ 15 വിദ്യാലയങ്ങള്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തിയെന്നും എല്ലാ ഇടങ്ങളില്‍ നിന്നും വളരെ സന്തോഷകരമായ അഭിപ്രായങ്ങളാണ് ലഭിക്കുന്നതെന്നും ഡി.ഡി.ഇ പറഞ്ഞു. ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കി വിദ്യാര്‍ത്ഥികളുടെ സുരക്ഷയ്ക്ക് പ്രഥമ പരിഗണന നല്‍കി ജില്ലാതലത്തിലും മറ്റും പരിപാടികള്‍ നടത്തിയില്ല. എന്നാല്‍ തികച്ചും കോവിഡ് ചട്ടം പാലിച്ച് വിദ്യാലയങ്ങളില്‍ ഭംഗിയായി പ്രവേശനോത്സവങ്ങള്‍ നടന്നുവെന്നും ഡി.ഡി.ഇ പറഞ്ഞു.