ലഹരിക്കെതിരേ വെളിച്ചം പരത്തി വിമുക്തി ജ്വാല

കണ്ണൂര്‍ : ലഹരിയുടെ അന്ധകാരത്തെ അകറ്റി നന്മയുടെ വിളക്കുകള്‍ പ്രകാശം ചൊരിഞ്ഞു. നടന് ഇന്ദ്രന്‍സ് തെളിയിച്ച വിമുക്തി ജ്വാലയില്‍ നിന്നും വിദ്യാര്‍ഥികള്‍ അടക്കമുള്ളവര്‍ തങ്ങളുടെ കൈയ്യിലെ മെഴുകുതിരിലേക്ക് ആ പ്രകാശം ഏറ്റുവാങ്ങി. കത്തി നില്ക്കുന്ന ദീപനാളത്തെ സാക്ഷിയാക്കി ലഹരിക്കെതിരെ അവര്‍ പ്രതിജ്ഞയെടുത്തു. ലഹരി വിരുദ്ധ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി എക്സൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ കണ്ണൂര്‍ ടൗണ്‍ സ്ക്വയറില്‍ നടന്ന വിമുക്തി ദീപം തെളിയിക്കല്‍ ഏറെ ശ്രദ്ധേയമായി.ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ് പരിപാടി ഉദ്ഘാടനം ചെയ്തു.
വിദ്യാര്‍ഥികള്‍ അടക്കമുള്ള വലിയൊരു സമൂഹം ഇന്ന് ലഹരിയുടെ പിടിയില്‍ അകപ്പെട്ടിരിക്കുകയാണെന്നും പുതുതലമുറയെ ലഹരിക്കടിമയാക്കി ജീവിതം തകര്‍ത്തെറിയുന്ന അവസ്ഥ ഇല്ലാതാക്കണമെന്നും അദ്ദേഹം പറഞ്ഞു. ലഹരി വസ്തുക്കളുടെ ലഭ്യത മാത്രമല്ല പ്രശ്നം. അവ ഇല്ലാതാക്കുന്നതിന് ഒപ്പം ലഹരിക്കെതിരെയുള്ള ബോധവത്കരണ പ്രവര്‍ത്തനങ്ങളും ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ജീവിതത്തില്‍ എന്തൊക്കെ സാഹചര്യങ്ങളില്‍ പെട്ടാലും ഏതൊക്കെ പ്രശ്നങ്ങള്‍ നേരിടേണ്ടി വന്നാലും ഒരു ലഹരി വസ്തുവും ഉപയോഗിക്കില്ലെന്ന് നാം സ്വയ പ്രതിജ്ഞയെടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നമുക്ക് എവിടെയോ പാളിച്ച പറ്റി എന്നുള്ളതിന് ഉദാഹരണമാണ് സമൂഹത്തില്‍ വര്‍ധിച്ചു വരുന്ന ലഹരിയുടെ ഉപയോഗം എന്ന് നടന് ഇന്ദ്രന്‍സ് പറഞ്ഞു. വിമുക്തി ജ്വാല തെളിയിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ജീവിതമാണ് ലഹരി. തെളിഞ്ഞ മനസ്സോടെ ഇരിക്കുമ്പോഴാണ് ഏറ്റവും വലിയ ആനന്ദം ലഭിക്കുകയെന്നും ലഹരി ആ ആനന്ദം ഇല്ലാതാക്കുമ്പോഴാണ് നാം നമ്മളല്ലാതായി മാറുന്നതെന്നും ലഹരിക്കെതിരെ പോരാടാന്‍ നമുക്കോരോരുത്തര്‍ക്കും സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു.