വിദ്യാലയങ്ങളെ ഉണര്‍ത്തി നാട്ടുകൂട്ടങ്ങള്‍; വിദ്യാര്‍ഥികളെ കാത്ത് സ്‌കൂള്‍ മുറ്റം

post

കാസര്‍കോട്: നവംബര്‍ ഒന്നിന് കേരളപ്പിറവി ദിനത്തില്‍ വിദ്യാലയങ്ങള്‍ ഉണരുകയാണ്. 19 മാസക്കാലത്തെ ആലസ്യത്തില്‍ നിന്നും സ്‌കൂളുകളെ ഉണര്‍ത്തുന്ന പ്രവൃത്തിയില്‍ കര്‍മ്മ നിരതരാണ് നാട്ടുകൂട്ടങ്ങള്‍. അധ്യാപകരും രക്ഷിതാക്കളും ജനപ്രതിനിധികളും നാട്ടുകാരും സന്നദ്ധ സംഘടനകളും എല്ലാം ചേര്‍ന്ന് കൂട്ടായ്മയില്‍ പ്രവര്‍ത്തിക്കുകയാണ്. ചുമരുകള്‍ക്ക് പുത്തന്‍ നിറം നല്‍കിയും കാട് വെട്ടി തെളിച്ചും മാലിന്യങ്ങള്‍ നീക്കം ചെയ്തും ക്ലാസ് മുറികള്‍ അണു നശീകരണം ചെയ്തും ഹരിതകര്‍മ്മ സേനയും കുടുംബശ്രീ പ്രവര്‍ത്തകരുമെല്ലാം രംഗത്തുണ്ട്. ഏതെല്ലാം തരത്തില്‍ കുഞ്ഞുങ്ങള്‍ക്ക് സുരക്ഷിതമായ ക്ലാസ് മുറികളും സ്‌കൂള്‍ അന്തരീക്ഷവും നല്‍കാമെന്ന പരിശ്രമമാണ് നാട്ടിലെങ്ങും. പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന്റെ കാവല്‍ക്കാരായി പൊതുജനങ്ങള്‍ കൈകോര്‍ക്കുമ്പോള്‍ വലിയ മാറ്റമാണ് ഓരോ വിദ്യാലയങ്ങളിലും ഉണ്ടായത്.

ശുചീകരിച്ച് യുവാക്കളുടെ കൂട്ടായ്മ

വിദ്യാലയങ്ങള്‍ തുറക്കുന്നതിന്റെ മുന്നോടിയായി കാഞ്ഞങ്ങാട്  മേലാങ്കോട്ട് എ.സി. കണ്ണന്‍ നായര്‍ സ്മാരക ഗവ. യു.പി. സ്‌കൂള്‍ ശുചീകരിച്ച് യുവാക്കളുടെ കൂട്ടായ്മ. നെല്ലിക്കാട്ട് റെഡ് സ്റ്റാര്‍ ക്ലബിന്റെയും അരയാല്‍ ബ്രദേഴ്‌സിന്റെയും നേതൃത്വത്തില്‍ നാല്‍പതോളം യുവാക്കളാണ് ക്ലാസുമുറിയിലെ ഫര്‍ണിച്ചറുകളും ജലസംഭരണിയും കഴുകി വൃത്തിയാക്കിയത്. കുടുംബശ്രീ എ.ഡി.എസിലെ ഇരു പത്തിയഞ്ചോളം പ്രവര്‍ത്തകരും ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി. പ്രധാനാധ്യാപകന്‍ കൊടക്കാട് നാരായണന്റെ നേതൃത്വത്തില്‍ നടന്ന ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ജനപ്രതിനിധികളും പി.ടി.എ ഭാരവാഹികളും അധ്യാപകരും പൊതു പ്രവര്‍ത്തകരും പങ്കാളികളായി.

സഹായവുമായി പൂര്‍വവിദ്യാര്‍ഥികളും

ജി.എച്ച്.എസ്.എസ് ബന്തടുക്കയിലെ ക്ലാസ് മുറികളും സ്‌കൂള്‍ പരിസരവും ശുചീകരിക്കാന്‍ മുന്‍കൈയെടുത്ത് സ്‌കൂളിലെ 1977ലെ എസ്.എസ്.എല്‍.സി ബാച്ച് വിദ്യാര്‍ഥി കൂട്ടായ്മ. ജനപ്രതിനിധികളും കുടുംബശ്രീ പ്രവര്‍ത്തകരും സന്നദ്ധ സംഘടനാ പ്രവര്‍ത്തകരും പൊതു പ്രവര്‍ത്തകരും ഒത്തു ചേര്‍ന്നപ്പോള്‍ സ്‌കൂളിന്റെ മുഖം മിനുങ്ങി. കഴുകി വൃത്തിയാക്കിയ ക്ലാസ് മുറികളും ടോയ്‌ലറ്റുകളും കാട് വെട്ടി തെളിഞ്ഞ സ്‌കൂള്‍ മുറ്റവും നവംബര്‍ ഒന്നിന് വിദ്യാര്‍ഥികളെ കാത്തിരിക്കുകയാണ്. പ്രധാന അധ്യാപിക വീണ ടീച്ചറിന്റെ നേതൃത്വത്തില്‍ മികച്ച രീതിയില്‍ പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്.

കുഞ്ഞുങ്ങള്‍ക്കായ് കൈകോര്‍ത്ത്...

പള്ളത്തടുക്ക ജി.യു.പി സ്‌കൂളിലെ ക്ലാസ് മുറികളും സ്‌കൂള്‍ പരിസര മുറികളും ശുചീകരിച്ച് അധ്യാപകരും രക്ഷിതാക്കളും. സ്‌കൂളില്‍ മലയാളം, കന്നട വിഭാഗങ്ങളിലായി 14 ക്ലാസ് മുറികളാണ് സ്‌കൂളിലുള്ളത്. സ്‌കൂള്‍ പ്രധാന അധ്യാപകന്‍ എം.എം മണിയുടെ നേതൃത്വത്തില്‍ നടന്ന ശുചീകരണ പരിപാടിയില്‍ കുടുംബശ്രീ തൊഴിലുറപ്പ് പ്രവര്‍ത്തകരും ടീച്ചര്‍മാരും രക്ഷിതാക്കളും പങ്കുചേര്‍ന്നു.

തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായി

ക്ലാസ് മുറികളില്‍ രക്ഷിതാക്കളും അധ്യാപകരും ചേര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മുഴുകിയപ്പോള്‍ പ്രദേശത്തെ ക്ലബ്ബ് പ്രവര്‍ത്തകരും കൂടെ ചേര്‍ന്നതായി വെള്ളരിക്കുണ്ട് നിര്‍മ്മലഗിരി എല്‍.പി സ്‌കൂള്‍ പ്രധാന അധ്യാപിക സിസ്റ്റര്‍ സിസ്റ്റര്‍ ടെസിന്‍ പറഞ്ഞു. സ്‌കൂളിലെ 12 ക്ലാസ് മുറികളും സ്‌കൂള്‍ പരിസരവും ശുചീകരിക്കാന്‍ പി.ടി.എ, മദര്‍ പി.ടി.എ അംഗങ്ങളും ഓരോ ക്ലാസിലേയും രണ്ട് വിദ്യാര്‍ഥികളുടെ രക്ഷിതാക്കളും മുന്നില്‍ നിന്നു. തിരികെ വിദ്യാലയങ്ങളിലേക്കെത്തുന്ന കുഞ്ഞുങ്ങളെ കോവിഡില്‍ നിന്ന് സുരക്ഷിതരാക്കാനുള്ള എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയായി കഴിഞ്ഞുവെന്ന് പ്രധാന അധ്യാപിക പറഞ്ഞു.

ഇവിടെ എല്ലാ കുട്ടികളും സുരക്ഷിതരാണ്

ഉദിനൂര്‍ ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ 1285 കുട്ടികള്‍ക്കുമായി മികച്ച ശുചീകരണ പ്രവര്‍ത്തനങ്ങളാണ് നടന്നത്. ഹൈസ്‌കൂള്‍ - ഹയര്‍ സെക്കണ്ടറി വിഭാഗങ്ങളിലായുള്ള 30 ക്ലാസ് മുറികളും അധ്യാപകരും രക്ഷിതാക്കളും സന്നദ്ധ സംഘടനാ പ്രവര്‍ത്തകരും പഞ്ചായത്ത് പ്രതിനിധികളും പൊതു പ്രവര്‍ത്തകരും ചേര്‍ന്ന് ശുചീകരിച്ചു. തിരികെ വിദ്യാലയത്തിലേക്കെത്തുന്ന ഓരോ വിദ്യാര്‍ത്ഥിയും ഇവിടെ സുരക്ഷിതരായിരിക്കുമെന്ന് സ്‌കൂള്‍ ഹെഡ്മിസ്ട്രസ് പി.വി ജയപ്രഭ പറഞ്ഞു.