കീം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

post

എന്‍ജിനിയറിങില്‍ ഒന്നാം റാങ്ക് ഫയിസ് ഹാഷിമിന്

ഫാര്‍മസി ഒന്നാം റാങ്ക് ഫാരിസ് അബ്ദുള്‍ നാസര്‍ കല്ലായിലിന്

ബിആര്‍ക്ക് ഒന്നാം റാങ്ക് തേജസ് ജോസഫിന്

തിരുവനന്തപുരം: എന്‍ജിനിയറിങ്, ആര്‍ക്കിടെക്ചര്‍, ഫാര്‍മസി കോഴ്സുകളിലെ പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍. ബിന്ദു റാങ്ക് പട്ടിക പ്രകാശനം ചെയ്തു. എന്‍ജിനിയറിങ് പ്രവേശന പരീക്ഷ എഴുതിയ 73977 വിദ്യാര്‍ത്ഥികളില്‍ 51031 പേര്‍ യോഗ്യത നേടുകയും 47629 പേരെ റാങ്ക് പട്ടികയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തതായി മന്ത്രി അറിയിച്ചു. ഇതില്‍ 24143 പെണ്‍കുട്ടികളും 23486 ആണ്‍കുട്ടികളുമുണ്ട്.

എന്‍ജിനിയറിങിന് തൃശൂര്‍ വടക്കാഞ്ചേരി കിഴക്കേ ഗ്രാമത്തില്‍ വലിയില്‍ വീട്ടില്‍ ഫയിസ് ഹാഷിമിനാണ്് ഒന്നാം റാങ്ക്. കോട്ടയം കാരമല പൂവക്കുളം എടവക്കേല്‍ വീട്ടില്‍ എം. ഹരിശങ്കര്‍ രണ്ടാം റാങ്കും കൊല്ലം മുണ്ടക്കല്‍ വെസ്റ്റ് എം. ആര്‍. എ 117ല്‍ നയന്‍ കിഷോര്‍ നായര്‍ മൂന്നാം റാങ്കും നേടി. എസ്. സി വിഭാഗത്തില്‍ തൃശൂര്‍ വിയ്യൂര്‍ പാണ്ടിക്കാവ് റോഡില്‍ അമ്മു ബി. മികച്ച റാങ്ക് നേടി, റാങ്ക് 180. എസ്. ടി വിഭാഗത്തില്‍ എറണാകുളം പള്ളുരുത്തി ജോനാഥന്‍ എസ്. ഡാനിയലിനാണ് മികച്ച റാങ്ക്, റാങ്ക്: 1577.

ഫാര്‍മസിയില്‍ തൃശൂര്‍ അമലനഗര്‍ വിലങ്ങന്‍ കല്ലായില്‍ വീട്ടില്‍ ഫാരിസ് അബ്ദുള്‍ നാസര്‍ കല്ലായില്‍ ഒന്നാം റാങ്ക് നേടി. കണ്ണൂര്‍ പരിയാരം ഗാലക്സിയില്‍ തേജസ്വിനി വിനോദ് രണ്ടാം റാങ്കും പത്തനംതിട്ട കാവുംഭാഗം ഒലിവ് കരിന വില്ലാസില്‍ അക്ഷര ആനന്ദ് മൂന്നാം റാങ്കും നേടി. ആര്‍ക്കിടെക്ചറില്‍ കണ്ണൂര്‍ കൊട്ടിയൂര്‍ പൂപ്പാടിയില്‍ തേജസ് ജോസഫ് ഒന്നാം റാങ്കും കൊഴിക്കോട് കല്ലായി പള്ളിക്കണ്ടി റോഡില്‍ അമ്രീന്‍ രണ്ടാം റാങ്കും തൃശൂര്‍ വലപ്പാട് ആതിനാഥ് ചന്ദ്ര മൂന്നാം റാങ്കും നേടി.

എന്‍ജിനിയറിങില്‍ എച്ച്. എസ്. ഇ (കേരള) വിഭാഗത്തില്‍ പരീക്ഷ എഴുതിയ 32180 പേരില്‍ 2112 വിദ്യാര്‍ത്ഥികള്‍ ആദ്യ 5000 റാങ്കില്‍ ഉള്‍പ്പെടുന്നു. സി.ബി.എസ്.ഇ വിഭാഗത്തിലെ 13841 വിദ്യാര്‍ത്ഥികളില്‍ 2602 പേര്‍ ആദ്യ 5000 റാങ്കില്‍ ഇടം നേടി. ഐ.സി.എസ്.ഇയിലെ 1144 പേര്‍ പരീക്ഷ എഴുതിയതില്‍ 242 പേരാണ് ആദ്യ 5000 റാങ്കിലെത്തിയത്. ആദ്യ 100 റാങ്കുകളില്‍ കൂടുതല്‍ പേരുള്ളത് എറണാകുളം ജില്ലയിലാണ്, 21. തിരുവനന്തപുരത്ത് 17 പേരും കോഴിക്കോട് 11 പേരുമുണ്ട്. ആദ്യ 100 റാങ്കില്‍ 22 പെണ്‍കുട്ടികളും 78 ആണ്‍കുട്ടികളുമുണ്ട്.

ഫാര്‍മസിയില്‍ 60889 വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയതില്‍ 48556 പേര്‍ റാങ്ക് പട്ടികയില്‍ ഇടം നേടി. ഇതില്‍ 35325 പെണ്‍കുട്ടികളും 13231 ആണ്‍കുട്ടികളുമുണ്ട്. ആദ്യ 100 റാങ്കില്‍ 45 പെണ്‍കുട്ടികളും 55 ആണ്‍കുട്ടികളുമുണ്ട്. ആര്‍ക്കിടെക്ചറില്‍ 2816 വിദ്യാര്‍ത്ഥികളാണ് റാങ്ക് ലിസ്റ്റിലുള്ളത്. ഇതില്‍ 1803 പെണ്‍കുട്ടികളും 1013 ആണ്‍കുട്ടികളുമുണ്ട്. ആദ്യ 100 റാങ്കില്‍ 69 പെണ്‍കുട്ടികളും 29 ആണ്‍കുട്ടികളുമുണ്ട്. റാങ്ക് പട്ടികയുടെ വിശദാംശങ്ങള്‍ www.cee.kerala.gov.in ല്‍ ലഭിക്കും.