ഇ-ഗസറ്റിന്റെ ഔദ്യോഗിക ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിച്ചു

post

തിരുവനന്തപുരം: കേരള സര്‍ക്കാരിന്റെ ഔദ്യോഗിക പ്രസിദ്ധീകരണമായ കേരള ഗസറ്റ് ഇന്ന് (ഓക്ടോബര്‍ 2) മുതല്‍ ഇലക്ട്രോണിക് പബ്ലിഷിംഗ് സംവിധാനത്തില്‍ ഓണ്‍ലൈനായി പ്രസിദ്ധീകരിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇ-ഗസറ്റിന്റെ ഔദ്യോഗിക പ്രകാശനം നിര്‍വഹിച്ചു. അച്ചടി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജു നാരായണ സ്വാമി ഐ.എ.എസ്, അച്ചടി വകുപ്പ് ഡയറക്ടര്‍, ഗവണ്‍മെന്റ് പ്രസ്സുകളുടെ സൂപ്രണ്ട്, അസിസ്റ്റന്റ് സൂപ്രണ്ട്, എന്‍.ഐ.സി സ്റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

Comprehensive Operation and Management of Presses Over Secure Environment (COMPOSE) എന്ന വീക്കിലി ഗസറ്റ് ഓണ്‍ലൈനാക്കുന്നതിനുള്ള വെബ് ബേസ്ഡ് സോഫ്റ്റ്വെയര്‍ തയ്യാറാക്കിയിരിക്കുന്നത് എന്‍.ഐ.സി. കേരള ഘടകമാണ്.

അച്ചടി വകുപ്പ് നല്‍കുന്ന പൊതുജനസേവനങ്ങളായ പേര്മാറ്റം, ജാതി തിരുത്തല്‍, മതംമാറ്റം, ലിംഗ മാറ്റം എന്നിവയ്ക്ക് ഇനി മുതല്‍ പൊതുജനങ്ങള്‍ക്ക് https://compose.kerala.gov.in വഴി ഓണ്‍ലൈനായി അപേക്ഷിക്കാം. ഈ സേവനങ്ങള്‍ക്കുള്ള ഫീസ് ഇ-ട്രഷറി സംവിധാനം വഴി ഓണ്‍ലൈനായി അടയ്ക്കാവുന്നതാണ്. പൊതു ജനങ്ങള്‍ക്ക് ഉപകാരപ്രദമായ ലീഗല്‍ ഹെയര്‍ഷിപ്പ് (അവകാശ സര്‍ട്ടിഫിക്കറ്റ്) വിജ്ഞാപനങ്ങളും മറ്റ് സര്‍ക്കാര്‍ വകുപ്പുകളുടെ വിജ്ഞാപനങ്ങളും പരസ്യങ്ങള്‍ തുടങ്ങിയവയുടെ പ്രസിദ്ധപ്പെടുത്തല്‍ ബന്ധപ്പെട്ട വകുപ്പുകള്‍ ഓണ്‍ലൈനായി https://compose.kerala.gov.in വഴി നിര്‍വ്വഹിക്കും.  പ്രസിദ്ധീകരിച്ച വിജ്ഞാപനങ്ങള്‍ https://gazette.kerala.gov.in എന്ന വെബ്സൈറ്റില്‍ നിന്നും https://compose.kerala.gov.in ല്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം. ഇ-ഗസറ്റായി പ്രസിദ്ധീകരിക്കുന്ന വിജ്ഞാപനങ്ങള്‍ 2000-ലെ വിവരസാങ്കേതിക വിദ്യാ നിയമത്തിലെ നാലും എട്ടും വകുപ്പുകള്‍ പ്രകാരം അതിന്റെ ഇലക്ട്രോണിക് രൂപത്തിലും ഡൗണ്‍ലോഡ് ചെയ്യപ്പെട്ട രൂപത്തിലും അച്ചടിച്ച രൂപത്തിലും  എല്ലാ ഔദ്യോഗിക ആവശ്യങ്ങള്‍ക്കും ഉപയോഗിക്കാവുന്നതാണ്.