തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ വഴി സംരക്ഷണവേലി പരിപാലനത്തിന് പദ്ധതി

post

വനാതിര്‍ത്തി മേഖലയിലെ ജനങ്ങളുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മന്ത്രിയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു

കോട്ടയം: വനാതിര്‍ത്തികളോടു ചേര്‍ന്ന ജനവാസ കേന്ദ്രങ്ങളില്‍ വന്യമൃഗങ്ങളില്‍നിന്ന് സംരക്ഷണം തീര്‍ക്കാന്‍ സ്ഥാപിക്കുന്ന വേലികളും(ഫെന്‍സിങ്) മറ്റും തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ സഹകരണത്തോടെ പരിപാലിക്കാനുള്ള പദ്ധതി ആവിഷ്‌ക്കരിക്കുകയാണെന്ന് വനം-വന്യജീവി വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ പറഞ്ഞു. വനമേഖലയിലെ ജനങ്ങളുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കളക്ട്രേറ്റില്‍ കൂടിയ വനാതിര്‍ത്തിയോടു ചേര്‍ന്നു കിടക്കുന്ന മണ്ഡലങ്ങളിലെ എം.എല്‍.എ.മാരുടെയും വനം-റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരുടെയും യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു മന്ത്രി. 

വനാതിര്‍ത്തികളില്‍ ജനങ്ങളുടെ സംരക്ഷണത്തിനായി സ്ഥാപിക്കുന്ന വേലികള്‍ മൃഗങ്ങള്‍ തകര്‍ത്തുകളയുന്നതു പതിവാണ്. ഇവ സംരക്ഷിക്കാനും പരിപാലിക്കാനും തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ക്ക് നടപടി സ്വീകരിക്കാന്‍ കഴിയും. ഇതിനായി വാര്‍ഷിക പദ്ധതിയില്‍ പ്രത്യേക പദ്ധതി ഉള്‍പ്പെടുത്തല്‍, തൊഴിലുറപ്പുപദ്ധതിയിലൂടെ ഇവ നടപ്പാക്കല്‍ എന്നീ സാധ്യതകള്‍ ആരായുകയാണ്. തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍, എം.പി.മാര്‍, എം.എല്‍.എമാര്‍, ജില്ലാ പഞ്ചായത്ത് എന്നിവ സംയുക്തമായി പ്രവര്‍ത്തിച്ച് ജനങ്ങള്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താനുള്ള ശ്രമമാണ് നടത്തുന്നത്. വനംവകുപ്പ് ഓഫീസുകള്‍ കൂടുതല്‍ ജനകീയവും സൗഹൃദപരവുമാകണം. സഹായമനോഭാവത്തോടെ ജനങ്ങളോട് പെരുമാറണം. ജനങ്ങളെ സഹായിക്കുന്ന നിലയിലേക്ക് വനംവകുപ്പ് മാറിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. വനാതിര്‍ത്തിയുമായി ബന്ധപ്പെട്ട ജനവാസ മേഖലയിലെ ജനങ്ങളുടെ പ്രശ്നങ്ങള്‍ മനസിലാക്കി ഉചിതമായ നടപടി സ്വീകരിക്കുന്നതിനാണ് ജില്ലകളില്‍ യോഗം ചേരുന്നതെന്നും സെപ്റ്റംബര്‍ 30നകം എല്ലാ ജില്ലകളിലും യോഗം പൂര്‍ത്തീകരിക്കുമെന്നും മന്ത്രി പറഞ്ഞു. 

മണിമല ആലപ്ര, പമ്പാവാലി, പൊന്തന്‍പുഴ, വളകോടി ചതുപ്പ്, അംബേദ്കര്‍ കോളനി അടക്കം വിവിധയിടങ്ങളിലായി 668 പേര്‍ക്ക് കൈവശഭൂമിക്ക് പട്ടയം ലഭിക്കാനുണ്ടെന്നും ഇതിനായി സ്പെഷല്‍ ഓഫീസറെ നിയോഗിക്കണമെന്നും സര്‍ക്കാര്‍ ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ് ആവശ്യപ്പെട്ടു. കാഞ്ഞിരപ്പള്ളി ബൈപ്പാസിനായുള്ള സ്ഥലങ്ങളിലെ മരങ്ങളുടെ വാല്യുവേഷന്‍ എടുത്തു നല്‍കുന്നതിന് സാമൂഹിക വനവത്കരണ വിഭാഗം അടിയന്തര നടപടിയെടുക്കണമെന്നും അതിര്‍ത്തി മേഖലകളില്‍ കാട്ടുപന്നിശല്യം രൂക്ഷമാണെന്നും കുറുക്കന്റെ ആക്രമണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും സത്വരനടപടി വേണമെന്നും അദ്ദേഹം പറഞ്ഞു. കാട്ടുപന്നി ശല്യം നേരിടുന്നതിനായി പ്രത്യേക സംഘത്തെ നിയോഗിച്ചതായി വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.