ആരോഗ്യ പ്രവര്‍ത്തകരെ ആക്രമിക്കുന്നവര്‍ക്കെതിരെ കര്‍ക്കശ നടപടി: മുഖ്യമന്ത്രി

post

തിരുവനന്തപുരം: സംസ്ഥാനത്ത് ആരോഗ്യ പ്രവര്‍ത്തകരെ ആക്രമിക്കുന്നവര്‍ക്കെതിരെ കര്‍ക്കശ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ആരോഗ്യ, വനിതാ ശിശു വികസന വകുപ്പിന്റെ വിവിധ പദ്ധതികള്‍ ഓണ്‍ലൈനില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് അപൂര്‍വം ചിലയിടങ്ങളില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരേ ഉണ്ടാകുന്ന അക്രമങ്ങളെ സര്‍ക്കാര്‍ അതീവ ഗൗരവത്തോടെയാണ് കാണുന്നത്. ഇത്തരക്കാര്‍ ആക്രമിക്കുന്നത് സമൂഹത്തെയാകെയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

സംസ്ഥാന സര്‍ക്കാര്‍ ഉയര്‍ത്തിക്കൊണ്ടുവന്ന വികസനത്തിന്റെ ജനകീയ ബദല്‍ നടപടികള്‍ അടുത്ത ഘട്ടത്തിലേക്ക് കടക്കേണ്ടതുണ്ട്. ഇതിനുള്ള മുന്നൊരുക്കം സര്‍ക്കാര്‍ നടത്തുകയാണ്. ഇതില്‍ എല്ലാവരുടെയും ആത്മാര്‍ത്ഥമായ സഹകരണം മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.

രാജ്യമാകെ കോവിഡ് മൂന്നാം തരംഗം ആശങ്ക ഉയര്‍ത്തുന്ന ഘട്ടമാണിത്. ഇത് മുന്‍കൂട്ടി കണ്ടാണ് കേരളമാകെ ഒട്ടേറെ സജ്ജീകരണങ്ങള്‍ ഒരുക്കുന്നത്. ഇതുവരെ കോവിഡ് പ്രതിരോധത്തില്‍ കേരളത്തിന്റെ ഇടപെടലുകള്‍ മികച്ചതാണെന്നാണ് എല്ലാവരും അഭിപ്രായപ്പെട്ടത്. കോവിഡ് ബാധിച്ചവര്‍ക്ക് മികച്ച പരിചരണമാണ് സംസ്ഥാനത്ത് ലഭിക്കുന്നത്. മതിയായ ചികിത്സ ലഭിക്കാത്ത ഒരാളും കേരളത്തിലുണ്ടായിട്ടില്ല. സംസ്ഥാനത്തെ 213 ആരോഗ്യ സ്ഥാപനങ്ങള്‍ക്കായി 56.59 കോടി രൂപ ചെലവഴിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ 100 കിടക്കകളോടെ എല്ലാ വിധ സജ്ജീകരണങ്ങളുമുള്ള രണ്ടു പുതിയ ഐ. സി. യുകളാണ് ആരംഭിച്ചിരിക്കുന്നത്. 37.61 കോടി രൂപ ചെലവഴിച്ചാണ് ആരോഗ്യ മേഖലയില്‍ പുതിയ പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പാക്കുന്നത്. സംസ്ഥാനത്തെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മെച്ചപ്പെടുത്തുന്ന പ്രവര്‍ത്തനം തുടരുകയാണ്.

സംസ്ഥാനത്തെ നാലാമത്തെ മരുന്നു പരിശോധനാ ലാബാണ് കോന്നിയില്‍ പ്രവര്‍ത്തനം തുടങ്ങുന്നത്. മലയോര തീരദേശ മേഖലകളിലെ 11 ഐ. സി. ഡി. എസ് പദ്ധതികളിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ ആയിരം ദിന പരിപാടി നടപ്പാക്കിയത്. ഇത് ആകെ 28 പദ്ധതികളിലേക്ക് വ്യാപിപ്പിച്ചിരിക്കുകയാണ്. 2.19 കോടി രൂപ ചെലവിലാണ് പദ്ധതി നടപ്പാക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.