ഗണേഷ് പ്ലസ്ടു ജയിച്ചു; വെല്ലുവിളികള്‍ തോറ്റു

post

പഠനത്തിന് സാക്ഷരത മിഷന്‍ തുണയായി 

കോട്ടയം: തിരുവാതുക്കല്‍ കാശിമഠത്തില്‍ കെ.കെ. ഗണേഷിന്റെ പ്ലസ് ടു വിജയത്തിന് തിളക്കമേറെ. ശാരീരിക-മാനസിക വെല്ലുവിളികളെ അതിജീവിച്ചാണ് 50 ശതമാനം ഡൗണ്‍സിന്‍ഡ്രോം ബാധിതനായ ഗണേഷ് ഇരുപത്തിനാലാം വയസില്‍ സാക്ഷരത മിഷന്റെ പ്ലസ് ടു തുല്യത പരീക്ഷ പാസായത്.    റവന്യു വകുപ്പില്‍നിന്നു വിരമിച്ച എസ്. കൃഷ്ണമൂര്‍ത്തിയുടേയും രാജലക്ഷ്മിയുടേയും മകനാണ്. ചെറിയ പ്രായം മുതല്‍ സ്പര്‍ശ് റൗണ്ട് ടേബിള്‍ സ്‌പെഷല്‍ സ്‌കൂള്‍ വിദ്യാര്‍ഥിയാണ്.

മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികള്‍ക്കും സാക്ഷരതാ മിഷന്‍ തുല്യതാ പരീക്ഷയില്‍ പങ്കെടുക്കാമെന്നത് ഗണേഷിനെ പോലെയുള്ള കുട്ടികള്‍ക്ക് വലിയ അനുഗ്രഹമാണെന്ന് കൃഷ്ണമൂര്‍ത്തി പറയുന്നു. സാക്ഷരതാ മിഷന്റെ പുസ്തകങ്ങള്‍ വാങ്ങി സ്‌പെഷല്‍ സ്‌കൂളിലെത്തിച്ചാണ് ഗണേഷിനെ പഠിപ്പിച്ചത്. 2010 ലാണ് ആദ്യമായി നാലാം ക്ലാസ് തുല്യതാ പരീക്ഷ എഴുതുന്നത്. സ്‌കൂളിലെ പ്രിന്‍സിപ്പല്‍ ബീന തോമസ് ഉള്‍പ്പെടെയുള്ള അധ്യാപകര്‍ പരിപൂര്‍ണ പിന്തുണയേകി.  

പിന്നീട് ഏഴ്, പത്ത് എന്നീ തുല്യതാ പരീക്ഷകള്‍ക്കും മികച്ച വിജയം നേടിയ ഗണേഷ് ഹ്യുമാനിറ്റീസ് വിഭാഗത്തിലാണ് പ്ലസ് ടു പാസായത്. ചരിത്രമാണ് ഇഷ്ട വിഷയം. ഒഴിവു സമയങ്ങളില്‍ കുടുംബക്ഷേത്രത്തിലെ പൂജാ കാര്യങ്ങളില്‍ അച്ഛനെ സഹായിക്കുന്നു. ജില്ലയില്‍ ഇത്തവണ ഭിന്നശേഷിക്കാരായ 12 കുട്ടികള്‍ പത്താം ക്ലാസ് തുല്യത പരീക്ഷയും എട്ടു പേര്‍ പ്ലസ് ടു തുല്യത പരീക്ഷയും എഴുതിയിരുന്നു.