പരിസ്ഥിതിയെ സംരക്ഷിക്കുന്ന, പ്രകൃതിക്ക് ഇണങ്ങുന്ന കൃഷി രീതികള്‍ അവലംബിക്കണം: മുഖ്യമന്ത്രി

post

തിരുവനന്തപുരം: പരിസ്ഥിതിയെ സംരക്ഷിക്കുന്നതും പ്രകൃതിക്ക് ഇണങ്ങുന്നതുമായ കൃഷി രീതികള്‍ അവലംബിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സുഭിക്ഷം സുരക്ഷിതം പദ്ധതിയുടെ ഭാഗമായുള്ള ജൈവപച്ചക്കറിയുടെയും നെല്ലിന്റേയും വിളവെടുപ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാര്‍ഷിക മേഖലയില്‍ കീടനാശിനി പ്രയോഗം അതിജീവിക്കാന്‍ കഴിയുന്ന കൂട്ടായ പ്രവര്‍ത്തനം ഉണ്ടാകണം. എല്ലാവര്‍ക്കും സുരക്ഷിത ഭക്ഷണം ഉറപ്പുവരുത്തുകയാണ് സര്‍ക്കാരിന്റെ കടമ. സുഭിക്ഷം സുരക്ഷിതം പദ്ധതി ഇതിന്റെ ഭാഗമായാണ് ആവിഷ്‌കരിച്ചത്.

ഈ വര്‍ഷം 84000 ഹെക്ടര്‍ സ്ഥലത്ത് ജൈവകൃഷി നടപ്പില്‍ വരുത്തും. പരമ്പരാഗത വിത്തിനങ്ങളെ സംരക്ഷിക്കുക എന്നത് നമ്മുടെ കടമയാണ്. ഇത്തരം വിത്തിനങ്ങള്‍ ഉപയോഗിച്ച് പഞ്ചായത്തുകളില്‍ പച്ചക്കറി, നെല്‍കൃഷി ആരംഭിച്ചിട്ടുണ്ട്. സുഭിക്ഷം സുരക്ഷിതം പദ്ധതിയില്‍ 17280 പേര്‍ക്ക് പ്രത്യക്ഷമായും 95000 പേര്‍ക്ക് പരോക്ഷമായും തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചു. ഇതിലൂടെ ഒരേ സമയം കാര്‍ഷിക, തൊഴില്‍ മേഖലകളില്‍ ഇടപെടാനായി.

കാലാവസ്ഥാ വ്യതിയാനം കാര്‍ഷിക മേഖലയില്‍ വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. കാലാവസ്ഥാ പ്രവചനം കാര്യക്ഷമമായി നിറവേറ്റിയാല്‍ മാത്രമേ അതിനനുസരിച്ച് കാര്‍ഷിക കലണ്ടര്‍ തയ്യാറാക്കാനാവൂ. ഇതിന് സാങ്കേതിക വിദ്യയുടെയും സഹായം വേണം. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ സജീവ ശ്രദ്ധ പുലര്‍ത്തുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കാര്‍ഷിക ഉത്പന്നങ്ങളില്‍ നിന്നുള്ള മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ക്കും പ്രാമുഖ്യം നല്‍കണം. ഉത്പാദനം വര്‍ധിക്കുമ്പോഴാണ് മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ ഒരുക്കാനാവുക. കേരളത്തിലെ നെല്‍കൃഷിയില്‍ ഗണ്യമായ വര്‍ധനയുണ്ടായിട്ടുണ്ട്. 2016ല്‍ 1,70,000 ഹെക്ടര്‍ സ്ഥലത്തായിരുന്നു കൃഷിയെങ്കില്‍ 2018ല്‍ അത് രണ്ടര ലക്ഷം ഹെക്ടര്‍ സ്ഥലത്തേക്ക് വ്യാപിച്ചു. തുടര്‍ന്ന് മഹാ പ്രളയം ഉണ്ടായിട്ടു പോലും 2021ലെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ 2,31,000 ഹെക്ടര്‍ ഭൂമിയില്‍ നെല്‍കൃഷിയുണ്ട്. മെത്രാന്‍ കായല്‍ ഉള്‍പ്പെടെ തരിശു ഭൂമിയിലടക്കം നെല്‍കൃഷി വ്യാപകമാക്കിയെന്ന് മുഖ്യമന്ത്രി പറഞ്ഞു.