നൂറുദിന കര്‍മപരിപാടി; ലൈഫിലൂടെ ജില്ലയില്‍ 752 കുടുംബങ്ങള്‍ക്ക് വീട്

post

- ലൈഫ് മിഷന്‍ ഭവന പൂര്‍ത്തീകരണ പ്രഖ്യാപനം 18ന്

- ലൈഫിലൂടെ ജില്ലയില്‍ പൂര്‍ത്തിയായത് മൊത്തം 9678 വീടുകള്‍ 

- ഏറ്റവുമധികം വീടുകള്‍ ഉദയനാപുരം പഞ്ചായത്തില്‍, 247 എണ്ണം

കോട്ടയം: സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി ലൈഫ് മിഷന്‍ പദ്ധതിയിലൂടെ കോട്ടയം ജില്ലയില്‍ പൂര്‍ത്തീകരിച്ചത് 752 വീടുകള്‍.  സംസ്ഥാനത്ത് നൂറുദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി 10,000 വീടുകളുടെ നിര്‍മാണം പൂര്‍ത്തീകരിച്ചതിന്റെ സംസ്ഥാന തലപ്രഖ്യാപനം സെപ്റ്റംബര്‍ 18 ന് ഉച്ചയ്ക്ക് 12ന് മുഖ്യമന്ത്രി  പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിക്കും. തുടര്‍ന്ന് എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും പൂര്‍ത്തീകരിച്ച വീടുകളുടെ പ്രഖ്യാപനം നടക്കും. പൂര്‍ത്തീകരിച്ച വീടുകളില്‍ ജനപ്രതിനിധികളും ഗുണഭോക്താവിന്റെ കുടുംബാംഗങ്ങളും ചേര്‍ന്നാണ് പൂര്‍ത്തീകരണ പ്രഖ്യാപനം നടത്തുക. 

ലൈഫ് മിഷന്‍ പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ ഇതുവരെ 9678 വീടുകള്‍ പൂര്‍ത്തിയായി. ഒന്നാം ഘട്ടത്തില്‍ 1102 വീടുകളും രണ്ടാംഘട്ടത്തില്‍ 4222 വീടുകളും മൂന്നാംഘട്ടത്തില്‍ 775 വീടുകളും പൂര്‍ത്തീകരിച്ചു. പട്ടികജാതി-വര്‍ഗ-ഫിഷറീസ് വിഭാഗക്കാരുടെ അഡീഷണല്‍ ലിസ്റ്റിലെ 148 വീടുകളും പി.എം.എ. വൈ. നഗരവിഭാഗത്തിലെ 1768 വീടുകളും പി.എം.എ.വൈ. ഗ്രാമീണവിഭാഗത്തിലെ 616 വീടുകളും പട്ടികജാതി വകുപ്പ് നിര്‍മിച്ച 954 വീടുകളും പട്ടികവര്‍ഗ വകുപ്പ് നിര്‍മിച്ച 14 വീടുകളും ഫിഷറീസ് വകുപ്പ് നിര്‍മിച്ച 79 വീടുകളും ഇതില്‍ ഉള്‍പ്പെടുന്നു. ഉദയനാപുരം ഗ്രാമപഞ്ചായത്തിലാണ് ഏറ്റവുമധികം വീടുകള്‍ ലൈഫ് മിഷനിലൂടെ പൂര്‍ത്തീകരിച്ചത് -247 എണ്ണം. 

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നടക്കുന്ന ഭവന പൂര്‍ത്തീകരണ പ്രഖ്യാപനം വിജയകരമാക്കുന്നതിനു വേണ്ടി യുള്ള പ്രവര്‍ത്തനങ്ങള്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മല ജിമ്മി അധ്യക്ഷനായും ജില്ലാ കളക്ടര്‍ ഡോ. പി.കെ. ജയശ്രീ കണ്‍വീനറായും ദാരിദ്ര ലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടര്‍ പി.എസ്. ഷിനോ, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ബിനു ജോണ്‍ , ലൈഫ് മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ കെ. പ്രവീണ്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എ. അരുണ്‍ കുമാര്‍, കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ അഭിലാഷ് ദിവാകര്‍ എന്നിവര്‍ അംഗങ്ങളായുമുള്ള ഏകോപന സമിതിയുടെ നേതൃത്വത്തില്‍ നടന്നു വരുന്നു. പരിപാടി ഓണ്‍ലൈനായി വീക്ഷിക്കുന്നതിന് എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും സൗകര്യമൊരുക്കിയിട്ടുണ്ട്.