കനകമ്മയുടെ ആഗ്രഹം സഫലം;പിറന്ന മണ്ണില്‍ ഒരു തുണ്ടു ഭൂമി സ്വന്തം
 
                                                കോട്ടയം: 'പിറന്നുവീണ മണ്ണില്‍ ഒരു തുണ്ട് ഭൂമി സ്വന്തമായി കിട്ടണമെന്ന് വലിയ ആഗ്രഹമായിരുന്നു. സര്‍ക്കാര്‍ പട്ടയം തരുന്നതോടെ അത് സാധിക്കും' -സംസ്ഥാന സര്‍ക്കാരിന്റ നൂറുദിന കര്‍മപരിപാടിയോടനുബന്ധിച്ച് നടക്കുന്ന പട്ടയമേളയില്‍ തന്റെ നാല് സെന്റ് ഭൂമിയ്ക്ക് പട്ടയം ലഭിക്കുന്ന സന്തോഷത്തിലാണ് വെച്ചൂര്‍ അംബേദ്കര്‍ കോളനി നിവാസി പുത്തന്‍തറയില്‍ കനകമ്മ. സെപ്റ്റംബര്‍ 14ന് രാവിലെ 11.30ന് വൈക്കം താലൂക്ക് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ കനകമ്മ പട്ടയം ഏറ്റുവാങ്ങുമ്പോള്‍ 14 വര്‍ഷത്തെ ആഗ്രഹമാണ് സഫലമാകുക.  
കനകമ്മയും രണ്ടു പെണ്‍മക്കളും നാലു കൊച്ചുമക്കളും അടങ്ങുന്ന കുടുംബം കോളനിയിലെ ഒറ്റമുറി വീട്ടിലാണ് താമസം. ഭര്‍ത്താവ് ദേവരാജന്‍ മരിച്ചുപോയി. സ്വന്തമായി ഭൂമിയില്ലാത്തതിനാല്‍ ഭവനപദ്ധതികള്‍ക്ക് അപേക്ഷിക്കാന്‍ സാധിച്ചിരുന്നില്ല. വിവാഹമോചിതരായ പെണ്‍മക്കളില്‍ മൂത്തയാള്‍ സിന്ധു ഹൃദ്രോഗിയാണ്. ഇളയ മകളായ സന്ധ്യ ദേവരാജന്‍ തയ്യല്‍ ജോലി ചെയ്താണ് കുടുംബം പുലര്‍ത്തുന്നത്. പക്ഷാഘാതം വന്ന് ശാരീരിക അവശതയിലായ കനകമ്മയുടെ ഏറെ നാളത്തെ ആഗ്രഹമായിരുന്നു സ്വന്തം പേരില്‍ ഭൂമിയെന്നത്. പട്ടയം കിട്ടുന്നതോടെ പരാധീനതകളേറെയുള്ള ഒറ്റമുറി വീട്ടില്‍ നിന്നും ലൈഫ് പദ്ധതിയിലൂടെ അടച്ചുറപ്പുള്ള വീട് എന്ന ലക്ഷ്യത്തിലേക്ക് ഇനി എത്താനാകുമെന്നാണ് പ്രതീക്ഷയെന്ന് കനകമ്മയും മക്കളും പറയുന്നു.










