റവന്യൂ വകുപ്പിലെ ഡിജിറ്റല്‍ സേവനങ്ങള്‍ക്ക് ഇന്ന് (സെപ്റ്റംബര്‍ 9) തുടക്കം

post

മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: റവന്യൂ വകുപ്പിലെ ഡിജിറ്റല്‍ സേവനങ്ങളുടെ ഉദ്ഘാടനം ഇന്ന് (സെപ്റ്റംബര്‍ 9) രാവിലെ 11.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. തിരുവനന്തപുരം അയ്യന്‍കാളി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ റവന്യൂ മന്ത്രി കെ. രാജന്‍ അധ്യക്ഷത വഹിക്കും.

ഇ-പേയ്മെന്റ് ആപ്ലിക്കേഷന്‍, ഫീല്‍ഡ്മെഷര്‍മെന്റ് സ്‌കെച്ച്, തണ്ടപ്പേര്‍ അക്കൗണ്ട്, ലൊക്കേഷന്‍ മാപ്പ് എന്നിവ ഓണ്‍ലൈനായി ലഭിക്കുന്നതിനുള്ള മോഡ്യൂള്‍, ഭൂമി തരം  മാറ്റുന്നതിനുള്ള അപേക്ഷ ഓണ്‍ലൈനില്‍ സമര്‍പ്പിക്കാനുള്ള മോഡ്യൂള്‍, അടിസ്ഥാന നികുതി രജിസ്റ്റര്‍, തണ്ടപ്പേര്‍ അക്കൗണ്ട് എന്നിവയുടെ ഡിജിറ്റൈസേഷന്‍ പൂര്‍ത്തീകരണം, വില്ലേജ് ഓഫീസുകള്‍ക്ക് വെബ്സൈറ്റ്, റവന്യൂ ഇ-സര്‍വീസ് പോര്‍ട്ടല്‍ നവീകരണം, ക്വിക് പേ സംവിധാനം, സോഷ്യല്‍ സെക്യൂരിറ്റി പെന്‍ഷന്‍ നല്‍കുന്നതിനുള്ള ഓണ്‍ലൈന്‍ മോഡ്യൂള്‍ എന്നിവയാണ്  സജ്ജമാകുന്നതെന്ന് റവന്യൂ മന്ത്രി കെ. രാജന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

വില്ലേജ് ഓഫീസുകള്‍ മുഖേന സ്വീകരിച്ചിരുന്ന ഭൂനികുതി മൊബൈല്‍ഫോണ്‍ മുഖേന അനായാസം ഒടുക്കുന്നതിനുള്ള സംവിധാനമാണ് ഇ-പേയ്മെന്റ് ആപ്ലിക്കേഷനിലൂടെ യാഥാര്‍ത്ഥ്യമാകുന്നത്. ഓരോവര്‍ഷവും ഒടുക്കേണ്ട ഭൂനികുതി സംബന്ധിച്ച് പൊതുജനങ്ങള്‍ക്ക് എസ്എംഎസ് മുഖേന അറിയിപ്പ് നല്‍കുന്നതിനും ഒടുക്കിയ ഭൂനികുതി രസീത് ഏത് സമയത്തും ഡൗണ്‍ലോഡ് ചെയ്യുന്നതിനും ഇതിലൂടെ സാധിക്കും. നെറ്റ് ബാങ്കിംഗ്, യുപിഐ സംവിധാനങ്ങളിലൂടെ നികുതി ഒടുക്കുന്നതിനും ആപ്ലിക്കേഷനില്‍ സൗകര്യമുണ്ട്.

സംസ്ഥാനത്തെ ഡിജിറ്റല്‍ സര്‍വ്വെ പൂര്‍ത്തിയാക്കിയ വില്ലേജുകളില്‍ എഫ്എംബി സ്‌കെച്ച്, തണ്ടപ്പേര്‍ അക്കൗണ്ട്, ലൊക്കേഷന്‍ മാപ്പ് എന്നിവയ്ക്കുള്ള അപേക്ഷ, ഫീസ് എന്നിവ ഓണ്‍ലൈനായി സമര്‍പ്പിക്കുന്നതിനും അനുവദിക്കുന്ന സ്‌കെച്ച്, തണ്ടപ്പേര്‍ അക്കൗണ്ട്, ലൊക്കേഷന്‍ മാപ്പ് എന്നിവ ഡൗണ്‍ലോഡ് ചെയ്യുന്നതിനും പുതിയ മോഡ്യൂളിലൂടെ സാധിക്കും.

നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമ ഭേദഗതി സംബന്ധിച്ച് വ്യാപക പരാതികളാണ് ലഭിക്കുന്നത്. ഇത് പരിഹരിക്കുന്നതിനും അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനും നടപടി സ്വീകരിക്കുന്നതിനും ഓണ്‍ലൈന്‍ സംവിധാനം നടപ്പാക്കിയിട്ടുണ്ട്. അപേക്ഷയുടെ പുരോഗതി ഓണ്‍ലൈനായി നിരീക്ഷിക്കാന്‍ കഴിയുന്നതിനൊപ്പം അപാകതകളും ഓണ്‍ലൈനായി പരിഹരിക്കാനാകും.  സംസ്ഥാനത്തെ എല്ലാ വില്ലേജ് ഓഫീസുകളിലേയും അടിസ്ഥാന നികുതി രജിസ്റ്ററുകളും തണ്ടപ്പേര്‍ അക്കൗണ്ടുകളും ഡിജിറ്റൈസ് ചെയ്യുന്നതോടെ റീസര്‍വ്വെ, ഭൂമി ഏറ്റെടുക്കല്‍ മുതലായവയുടെ വേഗത വര്‍ദ്ധിക്കുകയും കോടതി, ബാങ്കുകള്‍ എന്നിവയ്ക്ക് ഡേറ്റ ഉപയുക്തമാക്കുന്നതിനും കഴിയും.

പ്രാദേശിക വികസനങ്ങള്‍ക്കുള്ള ഉപാധികളായി ഡിജിറ്റല്‍ സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തുന്നതിന് ലക്ഷ്യമിട്ടാണ് സംസ്ഥാനത്തെ എല്ലാ വില്ലേജ് ഓഫീസുകള്‍ക്കും വെബ്സൈറ്റ് ഒരുക്കുന്നതെന്ന് മന്ത്രി പറഞ്ഞു.  പൊതുജനങ്ങള്‍ക്ക് നികുതികളും വിവിധ ഫീസുകളും ഒടുക്കുന്നതിന് ഇ-സര്‍വീസ് പോര്‍ട്ടല്‍ നവീകരിച്ച് 'ക്വിക്പേ' എന്ന സംവിധാനം കൂടി ഏര്‍പ്പെടുത്തിയിട്ടുണ്ട്.  അര്‍ബുദം, കുഷ്ഠം, ക്ഷയം എന്നീ രോഗ ബാധിതര്‍ക്ക് പെന്‍ഷന്‍ നല്‍കുന്ന നിലവിലെ സംവിധാനവും ഓണ്‍ലൈനിലേക്ക് മാറ്റിയിട്ടുണ്ട്. യൂണീക്ക് തണ്ടപ്പേര്‍ സംവിധാനം നടപ്പാക്കുന്നതിന് കേന്ദ്ര ഇലക്ട്രോണിക്സ് വിവര സാങ്കേതികവിദ്യ മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചതായി മന്ത്രി പറഞ്ഞു.