കേരളത്തിലെ ജനസംഖ്യാനുപാതത്തില്‍ സ്ത്രീകള്‍ മുന്നിലെങ്കിലും തൊഴില്‍ ശക്തിയില്‍ കുറവ്: മുഖ്യമന്ത്രി

post

തിരുവനന്തപുരം : കേരളത്തിലെ ജനസംഖ്യാനുപാതത്തില്‍ സ്ത്രീകള്‍ മുന്നിലാണെങ്കിലും തൊഴില്‍ ശക്തിയില്‍ എണ്ണം കുറവാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇതില്‍ മാറ്റമുണ്ടാകണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സാംസ്‌കാരിക വകുപ്പ് സംഘടിപ്പിച്ച സ്ത്രീ പുരുഷ സമത്വം, സമം പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

       സ്ത്രീകള്‍ നേരിടുന്ന വിവേചനങ്ങളിലൊന്ന് തൊഴില്‍ സംബന്ധമാണ്. ഇതിന്റെ ആരംഭം വീടുകളില്‍ നിന്നു തന്നെയാണ്. അടുക്കള പണിക്കൊപ്പം വയോജന, ശിശുപരിപാലനവും അവര്‍ നിര്‍വഹിക്കേണ്ടിവരുന്നു. ഇതെല്ലാം സ്ത്രീകള്‍ തന്നെ ചെയ്യേണ്ടതാണെന്ന പൊതുബോധത്തില്‍ മാറ്റം വരേണ്ടതുണ്ട്. ഇതിനായി വലിയ ബോധവത്ക്കരണം സമൂഹത്തില്‍ ഉണ്ടാകണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

       സ്ത്രീകളെ അടുക്കളയിലേക്ക് തിരിച്ചയയ്ക്കാന്‍ തുനിഞ്ഞിരിക്കുന്ന വര്‍ഗീത പ്രതിലോമ ശക്തികള്‍ സമൂഹത്തില്‍ പതിയിരിക്കുന്നു. വിവാഹക്കമ്പോളത്തില്‍ ഒരു വസ്തുവായി സ്ത്രീയെ കണക്കാക്കുന്ന സ്ഥിതിയുണ്ടായി. ഇത്തരം സാമൂഹ്യാവസ്ഥയിലും എടുത്തു പറയത്തക്ക ചില ഇടപെടലുകളുണ്ടായി. അതിലൊന്നാണ് അധികാരവികേന്ദ്രീകരണം. സ്ത്രീകള്‍ക്ക് പദ്ധതി നടപ്പാക്കുന്നതിന് ആര്‍ജവം കുറവാണെന്ന ചിന്തയെ പൊളിച്ചെഴുതാന്‍ അധികാരവികേന്ദ്രീകരണത്തിന് സാധിച്ചു. തീരുമാനങ്ങള്‍ എടുക്കാനും നടപ്പാക്കാനും പുരുഷനേ കഴിയൂ എന്ന യാഥാസ്ഥിതിക ബോധമാണ് ഇതിലൂടെ തകര്‍ന്നു വീണത്. സ്ത്രീകള്‍ സാമ്പത്തികമായി സ്വയംപര്യാപ്തത കൈവരിക്കുന്നതില്‍ നാഴികക്കല്ലായാണ് കുടുംബശ്രീയുടെ രൂപീകരണത്തേയും വളര്‍ച്ചയെയും കാണേണ്ടത്.

       കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ സ്ത്രീകളുടെ ഉന്നമനം ലക്ഷ്യമിട്ട് നിരവധി പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പാക്കിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്ത്രീകളുടെ മുന്നേറ്റം ഒറ്റ പദ്ധതിയിലൂടെയോ ഹ്രസ്വകാലത്തിലൂടെയോ സാധ്യമാകുന്നതല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

      സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമം വരും നാളുകളില്‍ ഉണ്ടാകാതിരിക്കാന്‍ സമൂഹത്തിലെ സമസ്ത മേഖലയിലുമുള്ളവരെ പങ്കാളികളാക്കിക്കൊണ്ടാണ് സ്ത്രീ പുരുഷ സമത്വം എന്ന ആശയം സര്‍ക്കാര്‍ മുന്നോട്ടു വയ്ക്കുന്നതെന്ന് സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. ലിംഗസമത്വം അടിസ്ഥാന പൗരാവകാശം എന്ന സന്ദേശമാണ് പദ്ധതി മുന്നോട്ടു വയ്ക്കുന്നത്. ഓരോ ഭവനത്തിലും സമം പദ്ധതിയുടെ ആശയം എത്തിക്കും. അതിന് വിദ്യാഭ്യാസ, തദ്ദേശസ്വയംഭരണ വകുപ്പുകള്‍ സഹകരിക്കും. ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

       സമം പദ്ധതിയുടെ ബ്രന്‍ഡ് അംബാസഡറായി ഗായിക കെ. എസ്. ചിത്രയുടെ പേര് മന്ത്രി പ്രഖ്യാപിച്ചു. കെ. എസ്. ചിത്രയും ചടങ്ങില്‍ സംബന്ധിച്ചു.

       അടുത്ത ഒരു വര്‍ഷത്തിനിടെ സമൂഹത്തിലെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന 1001 വനിതകളെ ആദരിക്കും. ഉദ്ഘാടന ചടങ്ങില്‍ കെ. എസ്. ചിത്ര, നഞ്ചിഅമ്മ, പത്മശ്രീ ലക്ഷ്മിക്കുട്ടിയമ്മ, എം. ഡി വത്സമ്മ, ജസ്റ്റിസ് എം. ഫാത്തിമബീവി, മുന്‍ ഡിജിപി ശ്രീലേഖ, മേയര്‍ ആര്യാ രാജേന്ദ്രന്‍, ഡോ. കെ. ഓമനക്കുട്ടി, നാടക സിനിമ പ്രവര്‍ത്തക സേതുലക്ഷ്മി, കാമറ വിമന്‍ ഫൗസിയ ഫാത്തിമ, വനിതാ ആംബുലന്‍സ് ഡ്രൈവര്‍ ദീപ ജോസഫ്, ആഴക്കടല്‍ മത്സ്യബന്ധന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കെ. സി. രേഖ എന്നിവരെ ആദരിച്ചു. മന്ത്രിമാരായ വി. ശിവന്‍കുട്ടി, ഗോവിന്ദന്‍ മാസ്റ്റര്‍, ആന്റണി രാജു, ജി. ആര്‍. അനില്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. സമൂഹത്തിന്റെ വിവിധ മേലഖകളില്‍ നിന്നുള്ള പ്രമുഖ വ്യക്തികളും ചടങ്ങില്‍ സംബന്ധിച്ചു.