മലയോരത്തെ ആരോഗ്യമേഖലയ്ക്ക് പനത്തടിയുടെ കയ്യൊപ്പ്

post

കാസര്‍കോട് : ആരോഗ്യ മേഖലയില്‍ ക്രിയാത്മകമായ ചുവട്‌വെപ്പിലൂടെ മലയോര ഗ്രാമപഞ്ചായത്തുകള്‍ക്ക് മാതൃകയാവുകയാണ് പനത്തടി ഗ്രാമപഞ്ചായത്ത്. കര്‍ണ്ണാടകയോട് അതിര്‍ത്തി പങ്കിടുന്ന പനത്തടി പഞ്ചായത്തിലെ  ആരോഗ്യമേഖല ദിനംപ്രതി  മാറ്റത്തിന്റെ പാതയിലാണ്.പനത്തടി പ്രാഥമികാരോഗ്യ കേന്ദ്രത്തിനായി നിര്‍മ്മിക്കുന്ന പുതിയ കെട്ടിടം, പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ മികച്ച ഫാര്‍മസി, പഞ്ചായത്തിലെ പാലിയേറ്റീവ് കെയര്‍ യൂണിറ്റ്,ആയുര്‍വേദ ഡിസ്‌പെന്‍സറി എന്നിവ ആരോഗ്യമേഖലയ്ക്ക് മുതല്‍ക്കൂട്ടാണ്.

പി എച്ച് സിയുടെ പുതിയ കെട്ടിടത്തിന്റെ പ്രവൃത്തി അന്തിമഘട്ടത്തില്‍

പനത്തടി ഗ്രാമപഞ്ചായത്തിലെ  പ്രാഥമികാരോഗ്യ കേന്ദ്രത്തിനായി നിര്‍മ്മിക്കുന്ന പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ അന്തിമഘട്ടത്തിലാണ്. ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെയാണ് ഫാര്‍മസിക്കും ഫിസിയോ തെറാപ്പി യൂണിറ്റിനും   ഇവിടെ പ്രത്യേകം സൗകര്യം ഒരുക്കുന്നത്.  പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ നിന്ന് കൂടുംബാരോഗ്യ കേന്ദ്രമായി ഇത് ഉയര്‍ത്തും. കൂടാതെ ആറു മണി വരെയുള്ള ഒ പി, മികച്ച ലബോറട്ടറി സംവിധാനം, ഫിസിയോ തെറാപ്പി യൂണിറ്റ് എന്നിവയും പുതിയ കെട്ടിടത്തില്‍ ഉണ്ടാകും. കിടത്തി ചികിത്സക്കുള്ള  സൗകര്യവുമുണ്ടാകും. ആശുപത്രി കെട്ടിടത്തിനായി എന്‍ഡോസള്‍ഫാന്‍ പാക്കേജില്‍ ഉള്‍പ്പെടുത്തി നബാര്‍ഡിന്റെ മൂന്നര കോടിക്ക് പുറമെ ആര്‍ദ്രം പദ്ധതിയില്‍ 15 ലക്ഷം രൂപയും പഞ്ചായത്തിന്റെ പ്ലാന്‍ ഫണ്ടില്‍ നിന്നും 35 ലക്ഷം രൂപയുമാണ് വകയിരുത്തിയത്. പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചാല്‍ ആശുപത്രിയിലെത്തുന്ന ഒരാള്‍ക്കും ടെസ്റ്റിനോ മരുന്നിനോ പുറത്തു പോകേണ്ട സാഹചര്യം ഉണ്ടാകില്ല. ഏപ്രിലോടെ കെട്ടിടത്തിന്റെ ഉദ്ഘടനം നടത്താമെന്ന പ്രതീക്ഷയിലാണ്  അധികൃതര്‍.

മലയോര മേഖലയില്‍ കര്‍ണ്ണാടകയോട് ചേര്‍ന്നുള്ള ഈ പ്രദേശത്ത് മികച്ച ചികിത്സയാണ് ഈ പ്രാഥമികാരോഗ്യ കേന്ദ്രം നിലവില്‍ നല്‍കി വരുന്നത്. അടുത്ത പ്രദേശമായ കര്‍ണ്ണാടകയിലെ കരിക്കൈ പഞ്ചായത്തില്‍ നിന്നടക്കം ഒരു വര്‍ഷം 60000 ത്തിലധികം രോഗികളാണ് ഇവിടെ ചികിത്സക്കെത്തുന്നത്.കുടിയേറ്റ ജനതയും പട്ടിക വര്‍ഗവിഭാഗങ്ങളും കൂടുതലായുള്ള പനത്തടി എന്‍ഡാസള്‍ഫാന്‍ ദുരിത ബാധിത പ്രദേശം കൂടിയാണ്്. 

ഏറ്റവും കൂടുതല്‍ മരുന്നുകള്‍

ജില്ലയില്‍ ഏറ്റവും കൂടുതല്‍ മരുന്നുകള്‍ ലഭ്യമാക്കുന്ന ഫാര്‍മസികളിലൊന്നാണ് പനത്തടി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേത്. അതിനാല്‍ ഇവിടെ എത്തുന്ന രോഗികള്‍ക്ക് മരുന്നുകള്‍ തേടി മെഡിക്കല്‍ സ്റ്റോറുകളിലേക്ക് പോകേണ്ട സാഹചര്യം കുറവാണ്. ആശുപത്രിയിലേക്ക് മരുന്ന് വാങ്ങുന്നതിനായി മാത്രം പനത്തടി പഞ്ചായത്ത് അഞ്ചു ലക്ഷം രൂപയാണ് നീക്കി വെക്കുന്നത്. 

മികച്ച പാലിയേറ്റീവ് കെയര്‍

ജില്ലയിലെ മികച്ച പാലിയേറ്റീവ് സംഘമാണ് പനത്തടി പഞ്ചായത്തിന് കീഴിലുള്ളത്. 400 ഓളം സന്നദ്ധ പ്രവര്‍ത്തകരാണ് ഈ പാലിയേറ്റീവ് കെയര്‍ സംഘത്തിനുള്ളത്. കൃത്യമായ പ്രവര്‍ത്തനത്തിലൂടെ മലയോര മേഖലയിലെ രോഗികളിലേക്ക് ചികിത്സ എത്തിക്കന്‍ ഇവര്‍ക്ക് കഴിഞ്ഞു. പാലിയേറ്റീവ് കെയര്‍ പദ്ധതിക്കായി മാത്രം 12 ലക്ഷം രൂപ പഞ്ചായത്ത് നല്‍കിവരുന്നു. ഇതില്‍ അഞ്ചു ലക്ഷം രൂപ രോഗികള്‍ക്ക് മരുന്ന് വാങ്ങാന്‍ ഉപയോഗിക്കുന്നു. കൂടാതെ വ്യാപാര സ്ഥാപനങ്ങളുടെയും  നാട്ടുകാരുടെയും  സഹകരണത്തോടെ നിര്‍ധനരായ രോഗികള്‍ക്ക് മരുന്നും അവരുടെ കൂടുംബത്തിനായി അവശ്യ സാധനങ്ങളും നല്‍കുന്നുണ്ട്.

ആയുര്‍വേദവും പരിഗണനയില്‍

അലോപ്പതി ചികിത്സയ്‌ക്കൊപ്പം ആയുര്‍വേദ ചികിത്സാ മേഖലയെയും പരിപോഷിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളാണ് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടപ്പാക്കി വരുന്നത്. മഴക്കാലത്തോടനുബന്ധിച്ച് പനത്തടി ഗവണ്‍മെന്റ് ആയുര്‍വേദ ഡിസ്പന്‍സറിയുമായി ചേര്‍ന്ന് വാര്‍ഡ് തലത്തില്‍ പരിശോധനാ ക്യാമ്പുകളും മരുന്ന് വിതരണവും കഴിഞ്ഞ മൂന്ന് വര്‍ഷമായി നടക്കുന്നുണ്ട്. മലയോര മേഖലയിലെ വയോജനങ്ങളാണ് ഇതിന്റെ മുഖ്യ ഗുണഭോക്താക്കള്‍.