ജില്ലയില്‍ വാക്സിന്‍ വിതരണം പകുതി ഓണ്‍ലൈന്‍, പകുതി സ്പോട്ട്

post

കാസര്‍കോട് : ഇനി മുതല്‍ ജില്ലയില്‍ എല്ലാ വാക്സിനേഷന്‍ കേന്ദ്രങ്ങളിലും അനുവദിക്കുന്ന വാക്സിന്‍ ഡോസുകളുടെ പകുതി ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ വഴിയും പകുതി സ്പോട്ട് രജിസ്ട്രേഷന്‍ വഴിയും നല്‍കുമെന്ന് ഡി.എം.ഒ (ആരോഗ്യം) ഡോ. കെ.ആര്‍. രാജന്‍ അറിയിച്ചു. ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നടത്തുന്നവര്‍ അവരുടെ പഞ്ചായത്തിലെ വാക്സിനേഷന്‍ കേന്ദ്രം മാത്രമേ തെരെഞ്ഞെടുക്കാവൂ. ഇത്തരത്തില്‍ വാക്സിനേഷന്‍ കേന്ദ്രം ലഭിച്ചവര്‍ വാക്സിനേഷന് പോകുമ്പോള്‍ താമസസ്ഥലം തെളിയിക്കാനുള്ള തിരിച്ചറിയല്‍ രേഖ നിര്‍ബന്ധമായും കരുതണം. മറ്റു പഞ്ചായത്തില്‍ കേന്ദ്രം തെരെഞ്ഞെടുക്കുന്നവര്‍ക്ക് ഒരു കാരണവശാലും വാക്സിന്‍ നല്‍കില്ല.

സ്പോട്ട് രജിസ്ട്രേഷന്‍ വഴി നല്‍കുന്നതിന്റെ 20 ശതമാനം രണ്ടാം ഡോസ് നല്‍കാനായും ബാക്കി മുന്‍ഗണനക്രമമനുസരിച്ച് 60 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍, ഭിന്നശേഷിവിഭാഗത്തില്‍പെട്ടവര്‍, എസ്സി, എസ്ടി വിഭാഗത്തില്‍പെട്ടവര്‍, പ്രവാസികള്‍, ഇതരസംസ്ഥാങ്ങളില്‍ പഠനാവശ്യാര്‍ത്ഥം പോകേണ്ട വിദ്യാര്‍ഥികള്‍, മറ്റു ഗുരുതര രോഗബാധിതര്‍ എന്നിവര്‍ക്കായി നീക്കിവെക്കും.

വാക്സിന്‍ ലഭിക്കാന്‍ അര്‍ഹതയുള്ള മുന്‍ഗണനാ വിഭാഗത്തെ ആരോഗ്യപ്രവര്‍ത്തകര്‍ കണ്ടെത്തി അറിയിപ്പ് നല്‍കി വാക്സിനേഷന്‍ കേന്ദ്രത്തില്‍ എത്താന്‍ നിര്‍ദേശം നല്‍കും. മറ്റൊരു പരിഗണനയോ ഇടപെടലുകളോ വാക്സിനേഷന്‍ കാര്യത്തില്‍ പാടില്ലെന്നും ഏതെങ്കിലും തരത്തിലുള്ള പ്രശ്നങ്ങള്‍ ഉണ്ടായാല്‍ ആരോഗ്യവകുപ്പ് ഉദ്യോസ്ഥര്‍ പോലീസിന്റെ സഹായം തേടണമെന്നും ജില്ലാ കളക്ടര്‍   ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് അറിയിച്ചു. ജില്ലയില്‍ കോവിഡ് വാക്സിന്‍ വിതരണത്തിനുള്ള മാര്‍ഗനിര്‍ദേശങ്ങളില്‍ മാറ്റം വരുത്തണമെന്ന് ജില്ലാ കൊറോണ കോര്‍കമ്മറ്റി യോഗത്തില്‍ തിരുമാനിച്ചതിനെ തുടര്‍ന്നാണിത്.