കേരളം ഇന്ത്യയുടെ റെസ്‌പോണ്‍സിബിള്‍ ഇന്‍വെസ്റ്റ്‌മെന്റ് ഡെസ്റ്റിനേഷനാകും: മന്ത്രി പി. രാജീവ്
 
                                                *വ്യവസായ നിയമങ്ങള്‍ കാലാനുസൃതമായി പരിഷ്‌കരിക്കാന്‍ മൂന്നംഗ സമിതി
തിരുവനന്തപുരം : റെസ്‌പോണ്‍സിബിള്‍ ഇന്‍വെസ്റ്റ്‌മെന്റില്‍ സംസ്ഥാനത്തിനു മുന്നില്‍ വലിയ സാധ്യത തുറന്നുകിടക്കുകയാണെന്നും കേരളം ഇന്ത്യയുടെ റെസ്‌പോണ്‍സിബിള്‍ ഇന്‍വെസ്റ്റ്‌മെന്റ് ഡെസ്റ്റിനേഷനായി മാറുമെന്നും വ്യവസായ മന്ത്രി പി. രാജീവ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ലോകത്തെ വ്യവസായ നിക്ഷേപത്തിന്റെ നാലിലൊന്നും റെസ്‌പോണ്‍സിബിള്‍ ഇന്‍വെസ്റ്റ്‌മെന്റ് മേഖലയിലായാണു ഇന്നു നടക്കുന്നതെന്നു മന്ത്രി ചൂണ്ടിക്കാട്ടി. സാമൂഹിക, പാരിസ്ഥിതിക ഘടകങ്ങളും കോര്‍പ്പറേറ്റ് ഗവേണന്‍സ് ക്വാളിറ്റിയും അധിഷ്ഠിതമായാണ് റെസ്‌പോണ്‍സിബിള്‍ ഇന്‍വെസ്റ്റ്‌മെന്റ് നടക്കുന്നത്. ഇതിനുള്ള എല്ലാ സാഹചര്യങ്ങളും ഇപ്പോള്‍ കേരളത്തിലുണ്ട്. പുറമേനിന്നു വലിയ നിക്ഷേപ സാധ്യതകളാണു കേരളത്തിലേക്കെത്തുന്നത്. സാമൂഹിക സുരക്ഷാ മേഖലയിലെ മികവിനൊപ്പം അടിസ്ഥാന സൗകര്യ വികസന മേഖലകളിലെ വലിയ മാറ്റം ഇക്കാര്യത്തില്‍ കേരളത്തിനു മുതല്‍ക്കൂട്ടാണ്.
വ്യവസായങ്ങളുമായി ബന്ധപ്പെട്ടു സംസ്ഥാനത്തു നിലവിലുള്ള നിയമങ്ങളിലെ കാലഹരണപ്പെട്ട വകുപ്പുകളും ചട്ടങ്ങളും പരിശോധിക്കുന്നതിനും പുതുക്കുന്നതിനുമുള്ള നിര്‍ദേശങ്ങള്‍ നല്‍കുന്നതിനു മൂന്നംഗ സമിതി രൂപീകരിച്ചതായി മന്ത്രി പറഞ്ഞു. നാഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ് അഡ്വാന്‍സ്ഡ് ലീഗല്‍ സ്റ്റഡീസ്(ന്യുവാല്‍സ്) വൈസ് ചാന്‍സലര്‍ ഡോ. കെ.സി. സണ്ണി അധ്യക്ഷനായുള്ള സമിതിയില്‍ മുന്‍ ഐ.എ.എസ്. ഉദ്യോഗസ്ഥന്‍ ടി. നന്ദകുമാര്‍, നിയമ പരിഷ്‌കരണ കമ്മിഷന്‍ വൈസ് ചെയര്‍മാന്‍ കെ. ശശിധരന്‍ നായര്‍ എന്നിവരാണ് അംഗങ്ങള്‍. സമിതി മൂന്നു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കും. വ്യവസായങ്ങള്‍ തുടങ്ങുന്നതും നടത്തുന്നതുമായി ബന്ധപ്പെട്ടു സംസ്ഥാനത്തു നിലവിലുള്ള നിയമങ്ങളിലെ കാലഹരണപ്പെട്ടതും ഇന്നത്തെക്കാലത്ത് യുക്തിക്കു നിരക്കാത്തതുമായ നിയമങ്ങളും ചട്ടങ്ങളും പരിഷ്‌കരിക്കുന്നതു സമിതി പരിശോധിക്കും. വ്യവസായങ്ങളുമായി ബന്ധപ്പെട്ടു വിവിധ വകുപ്പുകള്‍ സൂക്ഷിക്കേണ്ട രജിസ്റ്ററുകള്‍ കൈകാര്യം ചെയ്യുന്ന നടപടി ലളിതമാക്കുന്നതിനുള്ള നിര്‍ദേശങ്ങളും നല്‍കും. സംസ്ഥാനത്തെ വ്യവസായികളും സംരംഭകരുമായി ആശയവിനിമയം നടത്തിയാകും റിപ്പോര്‍ട്ട് തയ്യാറാക്കുക. പൊതുജനങ്ങള്‍ക്കും വ്യവസായങ്ങളെ സംബന്ധിച്ച് ധാരണയുള്ളവര്‍ക്കും അഭിപ്രായങ്ങള്‍ സമിതിയെ അറിയിക്കാം. കെ.എസ്.ഐ.ഡി.സിയാകും സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുക.
കേരളത്തിന്റെ വ്യവസായ രംഗത്തു വലിയ മാറ്റങ്ങളുണ്ടായിക്കഴിഞ്ഞു. കിന്‍ഫ്ര പാര്‍ക്ക് തന്നെ ഇതിന് ഉത്തമ ഉദാഹരണമാണ്. മാലിന്യ സംസ്‌കരണത്തിലടക്കം അത്യാധുനിക സംവിധാനങ്ങള്‍ കേരളത്തിലെ കിന്‍ഫ്ര പാര്‍ക്കുകളിലുണ്ട്. ഇവിടെ സ്ഥാപനം തുടങ്ങാന്‍ തയാറായി ഒരാള്‍ എത്തിയാല്‍ 24 മണിക്കൂറിനുള്ളില്‍ വൈദ്യുതി ലഭിക്കും. ഇതിനുള്ള സബ്‌സിഡിയറി കമ്പനി കിന്‍ഫ്രയ്ക്കു കീഴിലുണ്ട്. ഇത്തരം കാര്യങ്ങള്‍കൂടി മുന്‍നിര്‍ത്തിയാണു ബംഗളൂരു-കൊച്ചി വ്യവസായ ഇടനാഴിയില്‍ കിന്‍ഫ്രയും ഭാഗമാകുന്നത്. ഇത്തരം കാര്യങ്ങളില്‍ വ്യവസായ സമൂഹത്തില്‍ ആവശ്യമായ അവബോധം സൃഷ്ടിക്കാനുള്ള അടിയന്തര ശ്രമങ്ങള്‍ സര്‍ക്കാര്‍ നടത്തുകയാണെന്ന് മന്ത്രി പറഞ്ഞു.
വ്യവസായങ്ങളുമായി ബന്ധപ്പെട്ടു സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവുകളെയും പുതുതായി നിലവില്‍വന്ന നിയമങ്ങളെയും കുറിച്ച് ഉദ്യോഗസ്ഥര്‍ക്കും പൊതുജനങ്ങള്‍ക്കും വേണ്ടത്ര അവബോധമുണ്ടായിട്ടില്ലെന്നതു ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇതുമൂലം വേഗത്തില്‍ നടക്കേണ്ട പലതും നൂലാമാലകളില്‍ പെടുകയാണ്. ഇതുമുന്‍നിര്‍ത്തി ഉദ്യോഗസ്ഥര്‍ക്കും പൊതുജനങ്ങള്‍ക്കും അവബോധം നല്‍കുന്നതിനുള്ള നടപടി സ്വീകരിക്കും. വ്യവസായ എസ്റ്റേറ്റുകള്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്നതിനു പൊതു രൂപരേഖയുണ്ടാക്കുന്ന കാര്യം ആലോചിക്കുന്നു. സ്റ്റാറ്റിയൂട്ടറി ഗ്രീവന്‍സ് റെഡ്രസല്‍ മെക്കാനിസം സംബന്ധിച്ച ബില്ല് ഈ നിയമസഭയില്‍ത്തന്നെ അവതരിപ്പിച്ചു പാസാക്കുമെന്നും മന്ത്രി പറഞ്ഞു.










